03 July Friday

പ്രവർത്തനം അവസാനിപ്പിച്ചു ഒരു ലക്ഷത്തിലധികം പൊതിച്ചോർ നൽകി താലി കിച്ചൺ

സ്വന്തം ലേഖികUpdated: Monday Jun 1, 2020
കണ്ണൂർ
കോവിഡെന്ന മഹാമാരിയെ ചെറുക്കാൻ രാജ്യം മുഴുവൻ ലോക്ക് ‌ഡൗണായപ്പോൾ ഭക്ഷണം കിട്ടാതായവർക്ക്‌ വയറ്‌ നിറയെ ആഹാരം നൽകി താലി കിച്ചൺ. ഒരു ലക്ഷത്തിലധികം പൊതിച്ചോറാണ്‌ ഇതിനകം വിതരണം ചെയ്‌തത്‌.  കഴിഞ്ഞ ഒരാഴ്‌ചയായി പൊതിച്ചോർ ആവശ്യക്കാരുടെ എണ്ണം കുറഞ്ഞത്‌ കണക്കിലെടുത്ത്‌ ഞായറാഴ്‌ച താലി കിച്ചൺ പ്രവർത്തനം അവസാനിപ്പിച്ചു. ആദ്യ ദിനങ്ങളിൽ 2500–-ലേറെ പൊതിച്ചോറാണ്‌ വിതരണംചെയ്‌തത്.
അതിഥി തൊഴിലാളികൾക്കും അഗതികൾക്കും ഉച്ചയ്‌ക്കും രാത്രിയുമുള്ള ഭക്ഷണമാണ്‌ വിതരണംചെയ്‌തത്‌. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ സമൂഹ അടുക്കള ആരംഭിക്കണമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ മാർച്ച്‌ 25 നാണ്‌ നിർദേശിക്കുന്നത്‌. എന്നാൽ മൂന്ന്‌ ദിവസത്തിന്‌ ശേഷവും കോർപ്പറേഷൻ പരിധിയിൽ സമൂഹ അടുക്കള തുടങ്ങാത്തതിനാൽ കലക്ടർ ടി വി സുഭാഷ്‌ മുൻകൈയെടുത്താണ്‌ മുനിസിപ്പൽ സ്‌കൂളിൽ താലി കിച്ചൺ തുടങ്ങിയത്‌. തഹസിൽദാർ വി എം സജീവന്റെ ചുമതലയിൽ 64 ദിവസം പിന്നിട്ടു.  ആദ്യ രണ്ട്‌ ദിവസം മാത്രമാണ്‌ ഭക്ഷ്യവസ്‌തുക്കൾ പണം കൊടുത്ത്‌ വാങ്ങേണ്ടി വന്നത്‌. തുടർ ദിവസങ്ങളിലെല്ലാം വ്യാപാരികളും സന്നദ്ധ സംഘടനകളും ഭക്ഷ്യവസ്‌തുക്കൾ സൗജന്യമായെത്തിച്ചുവെന്ന്‌ ജെഎച്ച്‌ഐ പി ആർ സ്‌മിത പറഞ്ഞു. ഗ്യാസും ഭക്ഷണപ്പൊതികളും മാത്രമാണ്‌ പണംകൊടുത്ത്‌ വാങ്ങുന്നത്‌. എൽഡിഎഫ്‌ കൗൺസിലർമാരും ജീവനക്കാരും ചേർന്നാണ്‌ ഭക്ഷണം പാചകം ചെയ്യുന്നത്‌. വി ജ്യോതിലക്ഷ്‌മിയുടെ നേതൃത്വത്തിൽ ഇ പി ലത, കെ കമലാക്ഷി, വി ജി വിനീത, കെ രതി, ഇ ബീന, പി പ്രേമജ, കെ റോജ, എ പി അജിത, ടി ആശ, എം വി  സഹദേവൻ, എം രാജീവൻ, കെ ജയദേവൻ, എൻ ബാലകൃഷ്‌ണൻ, വി രവി കൃഷ്‌ണൻ, കെ പി സജിത്ത്‌, എം പി അനിൽകുമാർ എന്നീ കൗൺസിലർമാരും എം കമല, കെ എസ്‌ ബീന എന്നീ ശുചീകരണ തൊഴിലാളികളും ജീവനക്കാരനായ പി സഹദേവനും  മുഴുവൻ സമയം ഇവിടെയുണ്ടായി‌. നൂറിൽ താഴെ ആളുകൾ മാത്രം‌ ഭക്ഷണം വാങ്ങാനെത്തുന്നതിനാലാണ്‌ കിച്ചൺ നിർത്തുന്നതെന്ന്‌ പി ആർ സ്‌മിത പറഞ്ഞു.

 

പ്രധാന വാർത്തകൾ
 Top