22 October Tuesday
മകളുടെ മുൻ ഭർത്താവിനെ തലയ്‌ക്കടിച്ചുകൊന്ന

വൃദ്ധ ദമ്പതികളുടെ ജാമ്യഹർജി തള്ളി

വെബ് ഡെസ്‌ക്‌Updated: Saturday Aug 31, 2019

 രാജാക്കാട് 

മകളുടെ മുൻ ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ വൃദ്ധ ദമ്പതികളുടെ ജാമ്യഹർജി തൊടുപുഴ സെഷൻസ്‌ കോടതി ജഡ്‌ജി മുഹമ്മദ്‌ വസീം തള്ളി. രാജാക്കാട്‌ മമ്മട്ടിക്കാനത്ത്‌ വീടുകയറി ആക്രമിച്ച എറണാകുളം ആലങ്ങാട് കൊങ്ങാരപ്പിള്ളി സ്വദേശി കൂട്ടുങ്കൽ ഷിബുവിനെ(49)യാണ് മമ്മട്ടിക്കാനം മാരാർസിറ്റി കൈപ്പള്ളിൽ ശിവൻ, ഭാര്യ ജഗദമ്മ എന്നിവർ ചേർന്ന് ചുറ്റികകൊണ്ട് തലയ്‌ക്കടിച്ചുകൊന്നത്‌. ആഗസ്ത്‌ പന്ത്രണ്ടിനായിരുന്നു സംഭവം.
ഷിബുവും ശിവന്റെ മകൾ ഷീജയും തമ്മിൽ വിവാഹിതരായെങ്കിലും വർഷങ്ങൾക്കുമുമ്പ്‌ ബന്ധം വേർപിരിഞ്ഞിരുന്നു. ഇതിനുപിന്നാലെ കഴിഞ്ഞവർഷം ഷിബു മൂന്നു സുഹൃത്തുക്കളുമായെത്തി ശിവന്റെ വീട് ആക്രമിച്ചിരുന്നു. ഈ സംഭവത്തിൽ ഷിബുവിനും സംഘത്തിന്റെ ആക്രമണത്തിൽ ഷീജയ്ക്കും ശിവനും ജഗദമ്മയ്ക്കും ഗുരുതരമായി പരിക്കേറ്റു. ഈ കേസിൽ ഇരുകൂട്ടരും ഏതാനും മാസംമുമ്പാണ് ജാമ്യത്തിലിറങ്ങിയത്.
ഇതിന്റെ വൈരാഗ്യം തീർക്കാൻ ആഗസ്ത്‌ പന്ത്രണ്ടിന്‌ വീട്ടിലെത്തിയ ഷിബു, ശിവനുമായും ജഗദമ്മയുമായും വഴക്കുണ്ടാക്കി. തുടർന്ന് കൈവശം ഒളിപ്പിച്ചിരുന്ന വാക്കത്തി എടുത്ത് ഇരുവരെയും ആക്രമിക്കുകയും ചെയ്തു. ഇതോടെ ശിവൻ വീട്ടിൽ ഉണ്ടായിരുന്ന ചുറ്റികയെടുത്ത് ഷിബുവിന്റെ തലയ്ക്കടിച്ചു. അടിയേറ്റ് വീട്ടിനുള്ളിലെ ഹാളിൽ വീണ ഇയാൾ സ്ഥലത്തുതന്നെ മരിച്ചു. കേസിന്റെ അന്വേഷണം പ്രാരംഭഘട്ടത്തിലാണെന്നും പ്രതികൾ ജാമ്യത്തിലിറങ്ങിയാൽ തെളിവുനശിപ്പിക്കാൻ സാധ്യതയുണ്ടെന്നുമുള്ള പ്രോസിക്യൂഷന്റെ വാദം കണക്കിലെടുത്താണ്‌ ജാമ്യാപേക്ഷ തള്ളിയത്‌. പ്രോസിക്യൂഷനുവേണ്ടി പബ്ലിക്‌ പ്രോസിക്യൂട്ടർ അഡ്വ. ബി സുനിൽദത്ത്‌ ഹാജരായി. 
 
പ്രധാന വാർത്തകൾ
 Top