28 September Tuesday

ഓണക്കിറ്റിൽ ഏലയ്‌ക്ക: മന്ത്രിമാർക്ക് 
സ്വീകരണം നാളെ കട്ടപ്പനയിൽ

വെബ് ഡെസ്‌ക്‌Updated: Saturday Jul 31, 2021
കട്ടപ്പന 
ഏലം കർഷകർക്ക്‌ ആശ്വാസമായി ഓണക്കിറ്റിൽ ഏലയ്‌ക്ക നൽകാനുള്ള മന്ത്രിസഭാ തീരുമാനത്തിന് ചുക്കാൻപിടിച്ച ജില്ലയിൽനിന്നുള്ള മന്ത്രി റോഷി അഗസ്‌റ്റിനും ഭക്ഷ്യമന്ത്രി അഡ്വ. ജി ആർ അനിലിനും കർഷക സംഘടനകളുടെയും എൽഡിഎഫ് ജില്ലാ കമ്മിറ്റിയുടെയും നേതൃത്വത്തിൽ സ്വീകരണം നൽകുമെന്ന് സ്വാഗതസംഘം ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഞായറാഴ്ച രാവിലെ 10ന്‌ കട്ടപ്പന ഹിൽടൗൺ ഓഡിറ്റോറിയത്തിലാണ് സ്വീകരണം. സർക്കാർ നൽകുന്ന ഉത്സവക്കിറ്റുകളിൽ ഏലയ്‌ക്ക നൽകണമെന്ന്‌ ദീർഘകാലമായി കർഷകസംഘടനകൾ ആവശ്യപ്പെട്ടിരുന്നു. ഓണം, റംസാൻ, വിഷു, ഈസ്റ്റർ കിറ്റുകളിലാണ് 20 ഗ്രാം വീതം ഏലയ്‌ക്ക ഉൾപ്പെടുത്തുന്നത്. ഒന്നരലക്ഷം തൊഴിലാളികൾ പണിയെടുക്കുന്ന ഏലം മേഖല വിലത്തകർച്ച നേരിടുന്ന ഘട്ടത്തിലാണ് സർക്കാരിന്റെ ആശ്വാസ തീരുമാനം.സർക്കാർ തീരുമാനം ഏലം കർഷക മേഖലയ്‌ക്ക്‌ പുത്തനുണർവ്‌ നൽകുമെന്ന്‌ നേതാക്കൾ പറഞ്ഞു. 20 ഗ്രാം ഏലയ്‌ക്ക വീതം 88.5 ലക്ഷം  കിറ്റിൽ വിതരണം ചെയ്യുന്നതിലൂടെ ഇരുന്നൂറോളം ടൺ ഏലയ്‌ക്കയ്‌ക്ക്‌ പുത്തൻ വിപണി സൃഷ്ടിക്കാനാവും. ഇതിലൂടെ സംസ്ഥാനമൊട്ടാകെ ഗുണമേന്മയുള്ള ഏലയ്‌ക്ക ലഭിക്കും. 
മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ മന്ത്രിമാരായ റോഷി അഗസ്റ്റിൻ, അഡ്വ. ജി ആർ അനിൽ, എം എം മണി എംഎൽഎ എന്നിവരുടെ പിന്തുണയോടെ നടപ്പാക്കിയ ചരിത്രപരമായ തീരുമാനത്തിന് ഇടുക്കിയിലെ കർഷകരുടെ നന്ദി അർപ്പിക്കാനാണ്‌ സ്വീകരണയോഗം. യോഗത്തിൽ എം എം മണി എംഎൽഎ അധ്യക്ഷനാകും. ജില്ലയിലെ എൽഡിഎഫ്‌ എംഎൽഎമാരായ വാഴൂർ സോമൻ, അഡ്വ. എ രാജ എന്നിവരടക്കമുള്ള ജനപ്രതിനിധികളും നേതാക്കളും വ്യാപാര– കർഷക നേതാക്കളും പങ്കെടുക്കും. സ്വാഗതസംഘം ഭാരവാഹികളായ വി ആർ സജി, വി ആർ ശശി, മനോജ് എം തോമസ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top