19 September Thursday
തെരുവുവിളക്കും നഗരസഭാധ്യക്ഷയും ഉറക്കത്തിൽ

തൊടുപുഴയിൽ സാമൂഹ്യവിരുദ്ധർക്ക‌് നല്ലകാലം

വെബ് ഡെസ്‌ക്‌Updated: Wednesday Jul 31, 2019

 തൊടുപുഴ

തൊടുപുഴ നഗരത്തിൽ തെരുവുവിളക്കുകൾ മിഴിയടച്ചിട്ടും നടപടി സ്വീകരിക്കാത്ത നഗരസഭാ ചെയർപേഴ‌്സൺ ജെസി ആന്റണിക്കെതിരെ കൗൺസിൽ യോഗത്തിൽ ഭരണ﹣ പ്രതിപക്ഷ ഭേദമില്ലാതെ വിമർശനം. രാത്രിയാകുന്നതോടെ നഗരത്തിന്റെ പ്രധാന ഭാഗങ്ങളിൽപ്പോലും തെരുവുവിളക്കുകൾ തെളിയുന്നില്ല. കാര്യഗൗരവത്തോടെ പ്രശ‌്നത്തിന‌് പരിഹാരം കാണാൻ ചെയർപേഴ‌്സൺ തയാറാകണമെന്നും നടപടിക്ക‌് ഉദ്യോഗസ്ഥർക്ക‌് നിർദേശം നൽകണമെന്നുമായിരുന്നു കൗൺസിലർമാരുടെ ആവശ്യം. 
ബിജെപി കൗൺസിലർ ഗോപാലകൃഷ്ണനാണ് ആദ്യം പരാതി ഉന്നയിച്ചത‌്. പിന്നാലെ മറ്റു കൗൺസിലർമാരും എഴുന്നേറ്റു. കോതായിക്കുന്ന‌് മുനിസിപ്പൽ ബസ്‌ സ്റ്റാൻഡിൽ തെരുവുവിളക്ക‌് കണ്ണടച്ചിട്ട‌് മാസങ്ങളായി. സ്റ്റാൻഡിന‌് സമീപത്തെ പേ ആൻഡ‌് പാർക്കിലെ ഹൈമാസ്റ്റ് ലൈറ്റ് മാത്രമാണ‌് തെളിയുന്നത‌്. സ്റ്റാൻഡിലെ വഴിവിളക്കുകൾ ഭൂരിഭാഗവും തകരാറിലാണ‌്. 
ഇടുക്കി റോഡ‌്, അമ്പലം ബൈപാസ്, ടൗൺ ഹാൾ, കാഞ്ഞിരമറ്റം കവല, ധന്വന്തരി കവല എന്നിങ്ങനെ പ്രധാന ഇടങ്ങളിലെല്ലാം വഴിവിളക്കുകൾ ഉണ്ടെങ്കിലും പ്രകാശിക്കുന്നില്ല‌. സാമൂഹ്യവിരുദ്ധർക്ക‌് ഇത‌് സൗകര്യമാകുന്നുവെന്നും പരാതി ഉയർന്നു. തെരുവു വിളക്കുകളുടെ അറ്റകുറ്റപ്പണികൾക്ക‌് കൗൺസിൽ ഫണ്ട‌് അനുവദിച്ചിരുന്നു. ഈ തുക എവിടെ വിനിയോഗിച്ചന്ന‌് ചെയർപേഴ‌്സൺ വ്യക്തമാക്കണമെന്നും അംഗങ്ങൾ ആവശ്യപ്പെട്ടു. എന്നാൽ, അറ്റകുറ്റപ്പണി കൃത്യമായി നടത്താറുണ്ടെന്നും ചുരുക്കം ചിലയിടങ്ങളിൽ മാത്രമേ പ്രശ‌്നമുള്ളൂവെന്നുമായിരുന്നു ചെയർപേഴ‌്സന്റെ വാദം. 
നഗരസഭാ എൻജിനീയറിങ‌് വിഭാഗത്തിനെതിരെയും വിമർശമുണ്ടായി. നഗരസഭയുമായി ബന്ധപ്പെട്ട‌ പ്രവൃത്തികൾ സമയബന്ധിതമായും ആക്ഷേപങ്ങൾക്കിട വരുത്താതെയും പൂർത്തിയാക്കാൻ ഉദ്യോഗസ്ഥർ തയാറാകുന്നില്ലെന്നായിരുന്നു വിമർശനം. കുന്നത്ത‌് നിന്നും രണ്ടുവർഷം മുമ്പ്‌ ഒഴിപ്പിച്ച കുടുംബത്തിന്റെ പുനരധിവാസം വൈകിപ്പിക്കുന്ന നഗരസഭയുടെ നിലപാടിൽ സിപിഐ എം കൗൺസിലർ കെ കെ ആർ റഷീദ‌് പ്രതിഷേധിച്ചു. ഇവർക്ക‌് വീട‌് നിർമിക്കാൻ കണ്ടെത്തിയ സ്ഥലത്തേക്ക‌് വഴി ഒരുക്കാൻ ഇനിയും നഗരസഭ തയാറായിട്ടില്ലെന്നായിരുന്നു പരാതി. ഇതിന‌് കഴിയില്ലെങ്കിൽ മറ്റൊരു സ്ഥലം അടുത്ത കൗൺസിൽ യോഗത്തിൽ നിർദേശിക്കുമെന്നും തുടർനടപടി സ്വീകരിക്കണമെന്നും റഷീദ‌് ആവശ്യപ്പെട്ടു. 
 
 
പ്രധാന വാർത്തകൾ
 Top