12 July Sunday
ജില്ലയിൽ രോഗബാധിതർ 8

കുടുംബത്തിലെ 3 പേർ ഉൾപ്പെടെ 4 പേർക്ക്‌ കോവിഡ്

വെബ് ഡെസ്‌ക്‌Updated: Sunday May 31, 2020

 

 
ഇടുക്കി
ജില്ലയിൽ ഒരു കുടുംബത്തിലെ മൂന്നുപേർ ഉൾപ്പെടെ നാലുപേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. മൂന്നാറിൽ താമസിക്കുന്ന 66 കാരനും 61 വയസ്സുള്ള ഭാര്യക്കും 24 വയസ്സുള്ള മകനുമാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ, കുവൈത്തിൽനിന്ന് 22ന് കരിപ്പൂരിൽ വന്നിറങ്ങിയ ഇരുപത്തെട്ടുകാരനായ ചിന്നക്കനാൽ സ്വദേശിക്കും രോഗം ബാധിച്ചു. 
മൂന്നാർ സ്വദേശിക്ക്‌ ഹൃദയസംബന്ധമായ അസുഖവും ത്വക്കുരോഗവുമുണ്ട്. ഭാര്യക്ക്‌ പ്രമേഹവും. മാർച്ച്‌ ഒമ്പതിന് ഇവർ ചികിത്സാർഥം ചെന്നൈയിലെ
മകളുടെ വീട്ടിലേക്ക്‌ പോയിരുന്നു. മാർച്ച് 20ന് ചെന്നൈയിലെ ഡോ. മേത്താസ് ആശുപത്രിയിൽനിന്ന്‌ മരുന്നുവാങ്ങി മകളുടെ വീട്ടിലേക്കു മടങ്ങി. പിന്നീട്‌ അടച്ചുപൂട്ടലിൽ ഇളവുവന്നതോടെ പാസ്‌ നേടി ഇരുവരും ചെന്നൈയിൽ താമസിച്ചിരുന്ന മകനോടൊപ്പം മെയ് 16ന് കുമളി വഴി മൂന്നാറിൽ വന്നു.
ചെന്നൈയിൽനിന്ന്‌ ഒരു വാഹനത്തിൽ കുമളി വരെയും അവിടെനിന്ന്‌ ടാക്സി ജീപ്പിൽ മൂന്നാറിലുമെത്തി. ആരോഗ്യപ്രവർത്തകരുടെ നിർദേശാനുസരണം വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. മെയ്‌ 28ന് സ്വാബ് പരിശോധനയ്‌ക്ക് എടുത്തു. 
ചിന്നക്കനാൽ സ്വദേശിയായ യുവാവ് ഹോട്ടൽ ജീവനക്കാരനാണ്. കരിപ്പൂർ വിമാനത്താവളത്തിൽ ഇറങ്ങിയ ഇയാളെ രോഗലക്ഷണങ്ങളെ തുടർന്ന് മഞ്ചേരി മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ജില്ലയിൽ ഇപ്പോൾ എട്ട്‌ രോഗികളാണുള്ളത്‌. മൂന്നാറിലെ മൂന്നുപേരുടെയും പ്രൈമറി, സെക്കൻഡറി ബന്ധങ്ങളുടെ വിശദവിവരങ്ങൾ ശേഖരിച്ചുവരുന്നു.
 
 
പ്രധാന വാർത്തകൾ
 Top