തൊടുപുഴ
റവന്യു ജില്ലാ സ്കൂൾ കലോത്സം ‘ഉണർവ് 2k22’ന് ബുധനാഴ്ച തൊടുപുഴയിൽ തിരിതെളിയും. ഇനി കലയുടെ നാലുനാളുകൾ. കോവിഡ് കാലത്തിന് ശേഷം കലയുടെ വർണച്ചിറകുകൾ വീശിയെത്തിയവർ മലയോരനാട്ടിൽ ആടിത്തിമിർക്കും. പ്രതിസന്ധികൾ അതിജീവിച്ചെത്തിയ മേളയെ വരവേൽക്കാൻ മുതലക്കോടം സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂൾ ഒരുങ്ങി. ഏഴ് ഉപജില്ലകളിലെ വിദ്യാർഥികളാണ് മത്സരിക്കുന്നത്.
രാവിലെ 9.30ന് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ കെ ബിന്ദു പതാക ഉയർത്തും. രചനാ മത്സരങ്ങളോടെ കലാരവം തുടങ്ങും. 10 വേദികളിലാണ് മത്സരം. 218 ഇനങ്ങളിലായി 3500 കലാപ്രതിഭകൾ മാറ്റുരയ്ക്കും. മുതലക്കോടം സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂൾ, സേക്രട്ട് ഹാർട്ട് ഗേൾസ് ഹൈസ്കൂൾ, സെന്റ് ജോർജ് ഹൈസ്കൂൾ, സെന്റ് ജോർജ് പാരീഷ് ഹാൾ എന്നിവയാണ് വേദികൾ.
ബുധൻ രാവിലെ 10ന് അഡ്വ. ഡീൻ കുര്യാക്കോസ് എംപി ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പി ജെ ജോസഫ് എംഎൽഎ അധ്യക്ഷനാകും. വാഴൂർ സോമൻ എംഎൽഎ മുഖ്യപ്രഭാഷണം നടത്തും. സബ്കലക്ടർ അരുൺ എസ് നായർ, ഡിഡിഇ കെ ബിന്ദു, തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ട്രീസ ജോസ് കാവാലത്ത്, നഗരസഭ വൈസ് ചെയർമാൻ ജെസ്സി ജോണി തുടങ്ങിയവർ പങ്കെടുക്കും. കലോത്സവ ലോഗോ തയ്യാറാക്കിയ നെയ്യശേരി എസ്എൻസിഎം എൽപി സ്കൂൾ അധ്യാപകൻ സി എം സുബൈറിനെയും പേരിട്ട മാങ്കുളം സെന്റ് മേരീസ് എച്ച്എസ്എസിലെ എഡ്വിൻ ജിമ്മിയെയും നഗരസഭ ചെയർമാൻ സനീഷ് ജോർജ് അനുമോദിക്കും. ഡിസംബർ മൂന്നിന് സമാപന സമ്മേളനം ചെയർമാൻ സനീഷ് ജോർജ് ഉദ്ഘാടനം ചെയ്യും. വൈസ് ചെയർമാൻ ജെസ്സി ജോണി അധ്യക്ഷയാകും. ഡിഡിഇ കെ ബിന്ദു സമ്മാനങ്ങൾ വിതരണംചെയ്യും. സെന്റ് ജോർജ് യുപി സ്കൂളിൽ മത്സരാർത്ഥികൾക്ക് ഭക്ഷണമുണ്ടാകും. ഹൈറേഞ്ചിൽനിന്നുള്ള കുട്ടികൾക്ക് താമസിക്കാൻ രണ്ട് സ്കൂളുകളിൽ സൗകര്യമുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..