14 August Sunday
പ്രകോപനത്തിൽ വീഴില്ല

ഡിസിസി പ്രസിഡന്റ്‌ അക്രമത്തിന്‌ 
വഴിമരുന്നിടുന്നു: സി വി വർഗീസ്‌

വെബ് ഡെസ്‌ക്‌Updated: Thursday Jun 30, 2022
തൊടുപുഴ
ജില്ലയിൽ അക്രമവും സംഘർഷവും സൃഷ്ടിക്കാനാണ്‌ കോൺഗ്രസ്‌ ശ്രമമെന്നും പ്രകോപനങ്ങളിൽ സിപിഐ എം വീഴില്ലെന്നും ജില്ലാ സെക്രട്ടറി സി വി വർഗീസ്‌ വാർത്താസമ്മേളനത്തിൽ പറഞ്ഞു. യൂത്ത്‌കോൺഗ്രസ്‌ പ്രവർത്തകർ കൊലപ്പെടുത്തിയ ധീരജിന്റെ കുടുംബത്തിന്‌ നീതി ലഭ്യമാക്കാൻ ഏതറ്റം വരെയും പോകുമെന്നും അദ്ദേഹം വ്യക്തമാക്കി. 
ഡിസിസി പ്രസിഡന്റ്‌ സി പി മാത്യു സംഘർഷം സൃഷ്ടിക്കാനുള്ള പ്രസ്‌താവനകളാണ്‌ തുടരെ നടത്തുന്നത്‌.  സമചിത്തതയോടെയും നിയമവഴികളിലൂടെയും സിപിഐ എം  പ്രശ്‌നങ്ങളെ നേരിടും.  യൂത്ത്‌ കോൺഗ്രസ്‌–- കെഎസ്‌യു സംഘം കുത്തി പരിക്കേൽപ്പിച്ച വിദ്യാർഥികളുടെ മൊഴിപ്രകാരവും പൊലീസ്‌ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലുമാണ്‌ എട്ട്‌ കെഎസ്‌യു–- യൂത്ത്‌ കോൺഗ്രസുകാരെ ധീരജ്‌വധത്തിൽ അറസ്‌റ്റ്‌ ചെയ്‌തത്‌.  മാസങ്ങൾ ജയിലിൽ കിടന്നശേഷമാണ്‌ ഇവർക്ക്‌ ജാമ്യം ലഭിച്ചത്‌.  അതിനിടെ  നാലാംപ്രതിയും കെഎസ്‌യു ഇടുക്കി ജില്ലാ ജനറൽ സെക്രട്ടറിയുമായ നിധിൻ ലൂക്കോസിനെ വാഹനത്തട്ടിപ്പുകേസിൽ അറസ്‌റ്റ്‌ ചെയ്‌തു. അക്രമികളെല്ലാം ക്രിമിനൽ പശ്‌ചാത്തലമുള്ളവരാണെന്ന്‌ ഇത്‌തെളിയിക്കുന്നു. 
‘‘പോയി തീർത്തിട്ടു വരാൻ ഞാൻ അവരെ പറഞ്ഞുവിട്ടതാണ്‌’’, ‘‘എന്റെ കുട്ടികളെ   ഏതുവിധത്തിലും ഞാൻ രക്ഷിക്കും’’  ഇതായിരുന്നു ധീരജിന്റെ കൊലപാതകത്തിനു ശേഷം കെപിസിസി പ്രസിഡന്റിന്റെ പ്രതികരണം.  കൊലപാതകത്തെ അപലപിക്കാനോ പ്രതികളെ തള്ളിപ്പറയാനോ കെപിസിസി പ്രസിഡന്റോ ഡിസിസി പ്രസിഡന്റോ തയാറായില്ല. ‘ഇരന്നു വാങ്ങിയ രക്തസാക്ഷിത്വം’ എന്നും ആക്ഷേപിച്ചു. ധീരജിന്റെ കുടുംബം കോൺഗ്രസുമായി ആഭിമുഖ്യം പുലർത്തിയിരുന്നവരായിട്ടും മനഃസാക്ഷിയില്ലാതെ അവരെ സാഡിസ്‌റ്റുകളെപ്പൊലെ വേദനിപ്പിച്ചു.  
ധീരജിനെ കൊലപ്പെടുത്തിയ പ്രതികളെ അവതാരങ്ങളാക്കി കൊണ്ടുനടന്ന ഡിസിസി പ്രസിഡന്റ്‌ അടക്കമുള്ളവർ ഇപ്പോൾ എസ്‌എഫ്‌ഐക്കെതിരെ രംഗത്തുവന്നിരിക്കുകയാണ്‌. എസ്‌എഫ്‌ഐ ജില്ലാ സെക്രട്ടറിക്കും ജില്ലാ പഞ്ചായത്തംഗത്തിനുമേലും  കൊലക്കുറ്റം ചാർത്തുന്നു.  വാഹനത്തിൽ വരികയായിരുന്ന ജില്ലാ പഞ്ചായത്തംഗം കെ ജി സത്യനെ ധീരജിന്‌ കുത്തേറ്റ വിവരം വിദ്യാർഥികളാണ്‌ അറിയിച്ചത്‌. അദ്ദേഹമാണ്‌ ധീരജിനെ വാഹനത്തിൽ  ആശുപത്രിയിലേക്ക്‌ എത്തിച്ചത്‌. കുത്തേറ്റ്‌ 14 സെക്കൻഡിനുള്ളിൽ ധീരജ്‌ മരിച്ചെന്നാണ്‌ പോസ്‌റ്റുമോർട്ടം റിപ്പോർട്ട്‌. രക്ഷകനായി വരുന്നവരെയും അവരുടെ കുടുംബത്തെയും ആക്ഷേപിക്കുന്ന വിധത്തിലേക്ക്‌ സി പി മാത്യു തരംതാണു. സി പി മാത്യു ഡിസിസി പ്രസിഡന്റായ ശേഷം ഇടുക്കിയിൽ കോൺഗ്രസിന്റെ നില പരുങ്ങലിലാണ്‌. ഇതിനകം മുപ്പതിനായിരത്തിലേറെപ്പേർ കോൺഗ്രസിൽ നിന്നും സിപിഐ എമ്മുമായി സഹകരിക്കാൻ തയ്യാറായി.  തദ്ദേശഉപതെരഞ്ഞെടുപ്പിൽ ഉടുമ്പന്നൂരിലും അയ്യപ്പൻകോവിലിലും കോൺഗ്രസ്‌ കോട്ട തകർത്ത്‌ എൽഡിഎഫ്‌ ഉജ്ജ്വലവിജയം നേടി. കോളേജ്‌, ഐടിഐ യൂണിയനുകളിലേക്ക്‌ നടന്ന തെരഞ്ഞെടുപ്പിൽ എസ്‌എഫ്‌ഐയും വൻവിജയം നേടി. കോൺഗ്രസിന്റെ കൊലപാതകരാഷ്‌ട്രീയത്തെ ജനങ്ങൾ തള്ളി ഇടതുപക്ഷത്തെ നെഞ്ചേറ്റുകയാണെന്നും സി വി വർഗീസ്  പറഞ്ഞു.
സിപിഐ എം സംസ്ഥാനകമ്മിറ്റിയംഗം കെ പി മേരി, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ വി വി മത്തായി, എം ജെ മാത്യു, ഷൈലജ സുരേന്ദ്രൻ  എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top