16 January Saturday
നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ്‌...

ജനങ്ങളോട്‌ സംവദിച്ച്‌ മന്ത്രി എം എം മണി

സ്വന്തം ലേഖകന്‍Updated: Sunday Nov 29, 2020

തൊടുപുഴയിൽ ചേർന്ന എൽഡിഎഫ്‌ കുടുംബസംഗമം മന്ത്രി എം എം മണി ഉദ്‌ഘാടനം ചെയ്യുന്നു

തൊടുപുഴ
തൊടുപുഴ നഗരസഭയിലും മണക്കാട്‌ പഞ്ചായത്തിലെ പുതുപ്പരിയാരം മൈലാടുംപാറയിലും കുടുംബസദസ്സുകളിൽ ആവേശമായി മന്ത്രി എം എം മണി. തദ്ദേശ തെരഞ്ഞെടുപ്പിന്റെ രാഷ്‌ട്രീയ പ്രാധാന്യം വിവരിക്കാൻ ‌മന്ത്രിയെത്തുമ്പോൾ പ്രദേശവാസികൾ കാത്തുനിന്നു. കോവിഡ്‌കാലത്ത്‌ സാമൂഹിക അകലംപാലിച്ച്‌ ക്രമീകരിച്ച ഇരിപ്പിടങ്ങളാണ്‌ ഒരുക്കിയത്‌. എൽഡിഎഫിനെ വിജയിപ്പിക്കേണ്ടതിന്റെ അനിവാര്യതയിലൂന്നിയായിരുന്നു രണ്ടിടത്തും മന്ത്രിയുടെ ഉദ്‌ഘാടനപ്രസംഗം.  പിണറായി സർക്കാരിന്റെ നേട്ടങ്ങൾ എണ്ണിപ്പറയാൻ ഏറെയുണ്ട്‌. ജനങ്ങളിലേക്ക്‌ വികസനം എത്തിച്ച നാലരവർഷം... മുടക്കമില്ലാതെ ക്ഷേമപെൻഷനുകൾ ലഭിച്ചവരും കുടുംബസംഗമത്തിലുണ്ട്‌. നേട്ടങ്ങൾ ഒന്നൊന്നായി പറയുമ്പോൾ അവരുടെ മുഖത്ത്‌ വാക്കു‌പാലിച്ച സർക്കാരിനോടുള്ള നന്ദിയും കടപ്പാടും‌.
‘‘എംഎൽഎ എന്ന നിലയിൽ പി ജെ ജോസഫ്‌ തൊടുപുഴയ്‌ക്ക്‌ നൽകിയ സംഭാവന എന്താണ്‌? വെറും വട്ടപ്പൂജ്യം.’’ കുമാരമംഗലത്തെയും ഏഴല്ലൂരിലെയും ജനങ്ങൾക്ക് എൽഡിഎഫ്‌ സർക്കാരാണ്‌ പട്ടയം നൽകിയത്‌. പട്ടയമേളയിൽ പങ്കെടുക്കാൻ ജോസഫ്‌ തയ്യാറായില്ലെന്നത്‌ ജനങ്ങളോടുള്ള വെല്ലുവിളിയാണ്‌. കേരള കോൺഗ്രസ്‌ എം കൂടി എത്തിയതോടെ എൽഡിഎഫ്‌ കൂടുതൽ ശക്തമായി. സർക്കാരിന്റെ വികസനനേട്ടത്തിനെതിരായി പ്രതിപക്ഷത്തിനും ബിജെപിക്കും വേണ്ടി അജൻഡകൾ മെനയുന്ന മാധ്യമസിൻഡിക്കേറ്റുകളെയും മന്ത്രി തുറന്നുകാട്ടി. 
രണ്ടര ലക്ഷം കുടുംബങ്ങൾക്ക് വീടെന്ന സ്വപ്‌നം യാഥാർഥ്യമാക്കിയതും മുൻസർക്കാർ കുടിശ്ശികയാക്കിയ പെൻഷൻ കുടിശ്ശിക തീർത്ത്‌ വർധിപ്പിച്ചു നൽകിയതുമെല്ലാം പിണറായി സർക്കാരാണ്‌. ഇടുക്കി മെഡിക്കൽ കോളേജടക്കം ജില്ലയിലെ മുഴുവൻ മണ്ഡലങ്ങളിലും നടക്കുന്ന കിഫ്‌ബി വികസനപ്രവർത്തനങ്ങൾ ആർക്കും നിഷേധിക്കാനാവില്ല. ഈ നേട്ടങ്ങളൊന്നും ജനം വിസ്മരിക്കില്ല. ഇതെല്ലാം വോട്ടായി പ്രതിഫലിപ്പിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top