18 August Thursday

ഉണ്ടയില്ലാ വെടിയുമായി 
സി പി മാത്യു; ലക്ഷ്യം കലാപം

വെബ് ഡെസ്‌ക്‌Updated: Wednesday Jun 29, 2022
തൊടുപുഴ
പൈനാവ്‌ എൻജിനീയറിങ്‌ കോളേജ്‌ വിദ്യാർഥി ധീരജിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട്‌ തുടർച്ചയായി പ്രകോപനപരമായ പ്രസ്‌താവനകൾ നടത്തുന്ന ഡിസിസി പ്രസിഡന്റ്‌ സി പി മാത്യു ജില്ലായിലാകെ കലാപാന്തരീക്ഷം ഒരുക്കാൻ ലക്ഷ്യമിടുന്നു. 
‘ധീരജിന്റേത്‌ ഇരന്നു വാങ്ങിയ രക്തസാക്ഷിത്വം’ എന്ന്‌ കെപിസിസി പ്രസിഡന്റ്‌ കെ സുധാകരൻ പറഞ്ഞതിന്‌ സമാനമായ പ്രസംഗമാണ്‌ മുരിക്കാശ്ശേരിയിൽ കഴിഞ്ഞ ദിവസം സി പി മാത്യു നടത്തിയത്‌. ധീരജിനെ വകവരുത്തിയത്‌ യൂത്ത്‌ കോൺഗ്രസുകാരാണെന്ന്‌ വ്യക്തമാക്കുന്ന വാക്കുകൾ സി പി മാത്യുവിൽ നിന്നും പുറത്തുവന്നു. ഇതിനു പിന്നാലെ  സിപിഐ എം ജില്ലാ സെക്രട്ടറി സി വി വർഗ്ഗീസ്‌ സമഗ്രാന്വേഷണം ആവശ്യപ്പെട്ടിരുന്നു. സി പി മാത്യുവിനെ ചോദ്യം ചെയ്‌താൽ ഗൂഡാലോചന വ്യക്തമാവുമെന്ന്‌ അദ്ദേഹം പറഞ്ഞു. എല്ലാ മാധ്യമങ്ങളും മാത്യുവിന്റെ കൊലവിളിപ്രസംഗം പ്രസിദ്ധീകരിച്ചു. അന്വേഷണം നടക്കാനുള്ള സാധ്യതയുമേറി. ഈ സാഹചര്യത്തിൽ നിന്നും രക്ഷതേടാനുളള ശ്രമമാണ്‌ സി പി മാത്യു ഇപ്പോൾ നടത്തുന്നത്‌.
കുറ്റപത്രം വരെ സമർപ്പിച്ച കേസിൽ കെഎസ്‌യു, യൂത്ത്‌ കോൺഗ്രസ്‌ നേതാക്കൾ മാത്രമാണ്‌ പ്രതികൾ. ഏറെനാൾ റിമാൻഡിൽ കഴിഞ്ഞ ഇവരിപ്പോൾ ജാമ്യത്തിലുമാണ്‌. കേസിന്റെ തുടർനടപടികൾക്കായി ഇവർ വിചാരണക്കായി ഇനി കോടതിയിലും ഹാജരാകണം. ഈ സാഹചര്യത്തിലാണ്‌ തന്റെ വിവാദപ്രസംഗം മറയ്‌ക്കാൻ എസ്‌എഫ്‌ഐക്കും സിപിഐ എം നേതാക്കൾക്കുമെതിരെ ഉണ്ടയില്ലാ വെടിയുമായി സി പി മാത്യു എത്തിയത്‌.  
തെളിവുകളില്ലാത്ത ആരോപണവുമായി വന്ന സി പി മാത്യു പലപ്പോഴും മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളിൽ തെന്നിവീണു. എസ്‌എഫ്‌ഐ ഭാരവാഹികളെ പേരെടുത്തുപറഞ്ഞ്‌ ധീരജ്‌വധക്കേസിൽ പ്രതിക്കൂട്ടിൽ നിർത്താൻ ശ്രമിച്ചെങ്കിലും പുലിവാലാകുമെന്ന്‌ കണ്ട്‌ പിന്നീട്‌ കൊലപാതകവുമായി ബന്ധപ്പെട്ട്‌ വ്യക്തിപരമായ പരാമർശത്തിൽ നിന്നും പിന്മാറി. എങ്കിലും എസ്‌എഫ്‌ഐക്കാണ്‌ കൊലപാതകത്തിൽ പങ്കെന്ന്‌ സ്ഥാപിക്കാൻ വൃഥാശ്രമം തുടർന്നു.
ഡിസിസി പ്രസിഡന്റായി ചുമതലയേറ്റതു മുതൽ ജില്ലയിലാകെ സംഘർഷത്തിനാണ്‌ സി പി മാത്യുവിന്റെ ശ്രമം. അസഭ്യവും അശ്ലീലവും കലർന്ന പ്രസംഗത്തിലൂടെ രാഷ്‌ട്രീയ എതിരാളികളെ ഭീഷണിപ്പെടുത്തുന്നതാണ്‌ ശൈലി. ഇടുക്കി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ രാജി ചന്ദ്രനെ അപമാനിച്ചത്‌ സമീപനാളിലാണ്‌. കോൺഗ്രസ്‌ ബ്ലോക്ക്‌ പ്രസിഡന്റായിരിക്കെ, ക്രിമിനൽസംഘത്തെ വളർത്തിയെടുക്കുന്നുവെന്ന ആരോപണം  മാത്യുവിനെതിരെ കൊൺഗ്രസിനുള്ളിൽ നിന്നുതന്നെ ഉയർന്നിരുന്നു. ഈ ആരോപണത്തെ ശരിവെക്കുന്ന നടപടികളാണ്‌ തുടർച്ചയായി ഉണ്ടാവുന്നത്‌. ഏതാനും ദിവസം മുൻപ്‌ തൊടുപുഴയിൽ ഡിവൈഎഫ്‌ഐ പ്രകടനത്തിനിടയിലേക്ക്‌ കാറിലെത്തി പ്രകോപനത്തിന്‌ മുതിർന്നതും മനഃപൂർവം സംഘർഷം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top