14 December Saturday
ഉപതെരഞ്ഞെടുപ്പ്‌

മിന്നും വിജയം; ഭരണവും വാർഡുകളും നിലനിർത്തി എൽഡിഎഫ‌്

വെബ് ഡെസ്‌ക്‌Updated: Saturday Jun 29, 2019

തൊടുപുഴ ബ്ലോക്ക‌് പഞ്ചായത്ത‌് മണക്കാട‌് ഡിവിഷനിൽ വിജയിച്ച എൽഡിഎഫ‌് സ്ഥാനാർഥി ഷീന ഹരിദാസിനെ ഹാരമണിയിച്ച‌് നേതാക്കളും പ്രവർത്തകരും ആഹ്ലാദപ്രകടനം നടത്തുന്നു

 

 
തൊടുപുഴ
ജില്ലയിൽ തദ്ദേശസ്വയംഭരണ ഉപതെരഞ്ഞെടുപ്പുകളിൽ നിലവിലുണ്ടായിരുന്ന രണ്ട‌് ബ്ലോക്ക‌് പഞ്ചായത്തുകളുടെയും ഒരു  പഞ്ചായത്തിന്റെയും ഭരണം എൽഡിഎഫ‌് നിലനിർത്തി. തൊടുപുഴ, ദേവികുളം ബ്ലോക്ക‌് പഞ്ചായത്തിന്റെയും മാങ്കുളം പഞ്ചായത്തിന്റെയും ഭരണമാണ‌് മികച്ച വിജയത്തോടെ എൽഡിഎഫ‌് നിലനിർത്തിയത‌്. മൂന്നിടങ്ങളിലും ഭരണം നിലനിർത്താൻ എൽഡിഎഫിന‌് തെരഞ്ഞെടുപ്പ‌് വിജയം അനിവാര്യവുമായിരുന്നു. ജില്ലയിൽ ഉപതെരഞ്ഞെടുപ്പ‌് നടന്ന എല്ലായിടത്തും നിലവിലെ സീറ്റുകൾ കക്ഷികൾ നിലനിർത്തി. 
കാന്തല്ലൂർ ഡിവിഷൻ
ദേവികുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും സിപിഐ എം ഏരിയ കമ്മിറ്റിയംഗവുമായിരുന്ന എ സുന്ദരത്തിന്റെ നിര്യാണത്തെതുടർന്നാണ് കാന്തല്ലൂർ ഡിവിഷനിൽ ഉപതെരഞ്ഞെടുപ്പ് നടന്നത‌്. ഇവിടെ പട്ടികവർഗ വിഭാഗത്തിനായി സംവരണം ചെയ്തതാണ് പ്രസിഡന്റ് സ്ഥാനം. ഏക സംവരണ സീറ്റായ കാന്തല്ലൂർ ഡിവിഷനിൽ മത്സരിച്ച എൽഡിഎഫിലെ ആർ രാധാകൃഷ്ണൻ 150 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചാണ‌് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റാകുന്നത‌്. രാധാകൃഷ്ണന് 2829 വോട്ടും യുഡിഎഫിലെ എസ‌് കന്ദസാമിക്ക് 2679 വോട്ടും ലഭിച്ചപ്പോൾ ബിജെപിക്ക് 552 വോട്ടേ നേടാനായുളളൂ. 13 അംഗ ബ്ലോക്ക് പഞ്ചായത്തിൽ ഏഴ് സീറ്റുകൾ കോൺഗ്രസിനുണ്ട‌്.
മണക്കാട് ഡിവിഷൻ
തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് മണക്കാട് ഡിവിഷനിൽ യുഡിഎഫ് സ്ഥാനാർഥിക്ക് ബിജെപി വോട്ട് മറിച്ചുനൽകിയിട്ടും എൽഡിഎഫ‌് ജയം ആവർത്തിച്ചു. എൽഡിഎഫിലെ ഷീന ഹരിദാസ് 265 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ജയിച്ചത്. ഷീനയ്ക്ക് 1680 വോട്ടും യുഡിഎഫ് സ്ഥാനാർഥി ശ്രീജ വേണുഗോപാലിന് 1415 വോട്ടും ബിജെപി സ്ഥാനാർഥി ദീപ രാജേഷിന് 335 വോട്ടുമാണ് ലഭിച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബിജെപിക്ക‌് 893 വോട്ട് ലഭിച്ച സ്ഥാനത്താണ് 335 ആയി കുറഞ്ഞത്. ഈ വോട്ടുകളത്രയും യുഡിഎഫിലേക്കാണ് പോയത്. ബിജെപി സ്ഥാനാർഥി നിർണയം മുതൽ ഭിന്നത രൂപപ്പെട്ടിരുന്നു. ഒരു വിഭാഗം കോൺഗ്രസുമായി ധാരണയിലും എത്തിയിരുന്നു. കഴിഞ്ഞ തവണ 1210 വോട്ട് നേടിയ യുഡിഎഫിന് ഇതോടെ 1415 വോട്ട‌് ലഭിച്ചു. പതിനഞ്ചംഗ ബ്ലോക്ക് പഞ്ചായത്തിൽ എൽഡിഎഫിന് ഏഴ‌്, യുഡിഎഫിന് ആറ‌് എന്നിങ്ങനെയായിരുന്നു കക്ഷിനില.  മണക്കാട് ഡിവിഷനിലെ എൽഡിഎഫ് അംഗം വിനീത അനിൽകുമാർ ജോലി ലഭിച്ച‌് സ്ഥാനം രാജിവച്ചതോടെ കക്ഷിനില തുല്യമായി. ഇതോടെയാണ‌് ഉപതെരഞ്ഞെടുപ്പ‌് നിർണായകമായത‌്.
ആനക്കുളം നോർത്ത‌്
മാങ്കുളം പഞ്ചായത്തിൽ എൽഡിഎഫ‌് ത്രസിപ്പിക്കുന്ന ജയം കൈവരിച്ചു. സിപിഐ എം പഞ്ചായത്തംഗമായിരുന്ന പി കെ രവീന്ദ്രൻ രാജിവച്ച‌് കോൺഗ്രസിൽ ചേർന്നതോടെയാണ‌് ആനക്കുളം നോർത്ത‌് ഒന്നാം വാർഡിൽ ഉപതെരഞ്ഞെടുപ്പ‌് വേണ്ടിവന്നത‌്. തികഞ്ഞ ആത്മവിശ്വാസത്തോടെ മത്സരിച്ച എൽഡിഎഫ‌് കഴിഞ്ഞ തവണത്തെ രണ്ട‌് വോട്ട‌ിന്റെ ഭൂരിപക്ഷം 147 ലേക്ക‌് ഉയർത്തി. എൽഡിഎഫ‌് സ്ഥാനാർഥി എൻ എസ‌് സുനീഷ‌്  273 വോട്ട‌് നേടിയപ്പോൾ യുഡിഎഫ് സ്ഥാനാർഥിയും പി കെ രവീന്ദ്രന്റെ മകനുമായ വിഷ്ണു രവീന്ദ്രന‌് 126 വോട്ട‌് മാത്രമാണ‌് ലഭിച്ചത‌്. ബിജെപി സ്ഥാനാർഥി ഐ കെ ശശിക്ക‌് വെറും 15 വോട്ടാണ‌് ലഭിച്ചത‌്. എൽഡിഎഫ‌്﹣- യുഡിഎഫ‌് കക്ഷികൾക്ക‌് ആറു വീതം സീറ്റുകളാണ‌് പഞ്ചായത്തിൽ നിലവിലുണ്ടായിരുന്നത‌്. ഒരു സീറ്റിന്റെ ഭൂരിപക്ഷത്തിൽ എൽഡിഎഫ‌് ഭരണവും നിലനിർത്തി.  
നഗരസഭ 23‐-ാം വാർഡ‌്
തൊടുപുഴ നഗരസഭ 23‐ാം വാർഡിൽ(മുനിസിപ്പൽ ഓഫീസ‌് വാർഡ‌്) ബിജെപി സ്ഥാനാർഥി മായാ ദിനു 429 വോട്ടിന്റെ ഭൂരിപക്ഷത്തിന‌് വിജയിച്ചു. ബിജെപി കൗൺസിലർ രേണുക രാജശേഖരൻ ജോലി കിട്ടി സ്ഥാനം രാജിവച്ചതിനെ തുടർന്നായിരുന്നു ഉപതെരഞ്ഞെടുപ്പ‌്. മായാ ദിനു‐574, യുഡിഎഫിലെ നാഗേശ്വരി അമ്മാൾ(ശ്രീക്കുട്ടി അഭിലാഷ‌്)‐ 145, എൽഡിഎഫിലെ രാജി രാജൻ‐ 134 എന്നിങ്ങനെയാണ‌് ലഭിച്ച വോട്ട‌്. ഇതോടെ 35 അംഗ നഗരസഭയിൽ എൽഡിഎഫ‌്‐ 13, യുഡിഎഫ‌്‐ 14, ബിജെപി‐ എട്ട‌് എന്നിങ്ങനെയായി കക്ഷിനില. 
കാപ്പിപതാൽ വാർഡ‌്
ഉപ്പുതറ പഞ്ചായത്തിലെ കാപ്പിപതാൽ വാർഡിൽ യുഡിഎഫിലെ പി നിക‌്സൺ 268 വോട്ടിന‌് വിജയിച്ച‌് സീറ്റ‌് നിലനിർത്തി. യുഡിഎഫ് പ്രതിനിധി ബിജു പോളിന്റെ നിര്യാണത്തെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത‌്. എൽഡിഎഫാണ‌് പഞ്ചായത്ത‌് ഭരിക്കുന്നത‌്. പി നിക‌്സൺ 617 വോട്ട‌് നേടിയപ്പോൾ എൽഡിഎഫിലെ എലിസബത്ത‌്(ബീനാ സണ്ണി) 349 വോട്ടും നേടി. ഇവിടെ ബിജെപിക്ക‌് സ്ഥാനാർഥി ഉണ്ടായിരുന്നില്ല.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top