04 July Saturday

വായിച്ചതും കേട്ടതുമല്ല... നിരീക്ഷണകേന്ദ്രത്തിലെ അനുഭവം പങ്കുവച്ച്‌ പ്രവാസി യുവാവ്‌

വെബ് ഡെസ്‌ക്‌Updated: Friday May 29, 2020

 അടിമാലി

നാട്ടിലെത്തുന്ന പ്രവാസികളുടെ ക്വാറന്റൈൻ സംബന്ധിച്ച് സംസ്ഥാന സർക്കാരിനെതിരെ വാളെടുക്കുന്നവർക്ക് മറുപടിയായി പ്രവാസിയുടെ സമൂഹമാധ്യമത്തിലെ കുറിപ്പ്. വിമാനം ഇറങ്ങിയപ്പോൾ മുതൽ ലഭിച്ച വരവേൽപ്പും നിരീക്ഷണകേന്ദ്രത്തിലെ സൗകര്യങ്ങളുംവരെ വിശദമായി വിവരിക്കുന്നു. കഴിഞ്ഞദിവസമാണ് ഇറ്റലിയിലായിരുന്ന വെള്ളത്തൂവൽ ചെങ്കുളം സ്വദേശി ബെന്നി നെടുമ്പാശേരിയിൽനിന്ന്‌ അടിമാലിയിലെ ക്വാറന്റൈൻ കേന്ദ്രത്തിൽ എത്തിയത്.
 ബെന്നിയുടെ ഫെയ്‌സ്‌ബുക്ക്‌ പോസ്റ്റ്; ദീർഘനേരത്തെ യാത്രയ്‌ക്കുശേഷം നെടുമ്പാശേരി വിമാനത്താവളത്തിൽ. ജന്മനാട് സാനിറ്റൈസറും നീട്ടിനിൽക്കുന്നു. അകലെയിരുന്നു വായിച്ചതും കേട്ടതും എഴുതിയതുമല്ല. എന്താണ് നേരിൽ കാണാനും അനുഭവിക്കാനും പോകുന്നത്, അതാണ് അറിയേണ്ടത്... കാത്തിരുന്നു. അകലം പാലിക്കണം. വിമാനത്തിലേക്ക് കയറ്റിവിട്ട രീതിയിലല്ല, ഇവിടെ കൃത്യമായ അകലം പാലിക്കണം. പനിയും ചുമയും ശ്വാസതടസ്സവുമൊന്നും ഇല്ലാത്തവർക്ക്  മുന്നോട്ടുപോകാം. പാസ്‌പോർട്ടിൽ സീൽ പതിക്കുന്നിടത്ത് ഒരു ഫാറം പൂരിപ്പിച്ചുനൽകണം. അതിൽ രോഗലക്ഷണങ്ങൾ ഉണ്ടോ ഇല്ലയോ എന്ന്‌ അടയാളപ്പെടുത്തിയും എവിടെനിന്ന്‌ വരുന്നു, എങ്ങോട്ട് പോകുന്നു, പോകുന്ന നാട്ടിലെ വിലാസവും ഫോൺനമ്പറും എഴുതിതേണ്ടതുണ്ട്‌. 
സർക്കാരിന്റെ വിരുന്നുകാരെപ്പോലെയാണ് തോന്നിയത്. വിമാനത്തിൽ വന്നവരെ നിരീക്ഷണ കേന്ദ്രത്തിലേക്ക് കൊണ്ടുപോകാൻ കെഎസ്ആർടിസി ബസ് തയ്യാർ. രാത്രി 7.30 ഓടെ അടിമാലിയിൽ എത്തി. എത്തിയതോടെ നിർദേശങ്ങൾ നൽകി ഉദ്യോഗസ്ഥർ. തുടർന്ന്‌ അത്താഴപ്പൊതിയും വെള്ളവും മാസ്‌കുകളും, സാനിറ്റൈ‌സർ, സോപ്പ് എന്നിവ നൽകി ഓരോരുത്തരെയായി എല്ലാ സൗകര്യങ്ങളുമുള്ള മുറികളിലേക്ക് അയച്ചു. അത്താഴം കഴിച്ച്‌ സമാധാനമായി ഉറങ്ങി. രാവിലെ എട്ടിന്‌ ചൂടുചായ. ഒപ്പം അപ്പമോ ഇടിയപ്പമോ ദോശ, മുട്ടക്കറി, കടല, തേങ്ങാ ചമ്മന്തി. ഉച്ചയ്‌ക്ക് പൊതിച്ചോറ്. വൈകിട്ട്‌ നാലിന്‌ ചായ, ചെറുകടികൾ: ഉഴുന്നുവട, കൊഴുക്കട്ട, പഴംബോളി, പരിപ്പുവട. അത്താഴത്തിനാണേൽ നാടൻ ചപ്പാത്തി, വെജിറ്റബിൾ കറി അങ്ങിനെ അങ്ങനെ... രുചികരമായ ഭക്ഷണം. പഞ്ചായത്ത് അധികൃതർ, ആരോഗ്യവകുപ്പ് ജീവനക്കാർ, പൊലീസ്, സന്നദ്ധ വളണ്ടിയർമാർ ഇവരെല്ലാം എന്നും വിളിക്കും. രാപ്പകലില്ലാതെ സജീവമാണിവർ. മുറിയിലിടാൻ ഒരുജോടി ചെരുപ്പ് കൊണ്ടുവരാനുള്ള സാധ്യത അന്വേഷിച്ചു. വൈകിട്ട് ഒരാൾവന്നു വാതിലിൽ മുട്ടി, പുതുപുത്തൻ ചെരുപ്പുമായി... 
സ്വന്തം അനുഭവം വിവിരിച്ച്‌ പോസ്റ്റ്‌ അവസാനിപ്പിക്കുമ്പോൾ സംസ്ഥാനത്ത്‌ പ്രവാസികൾക്ക്‌ ലഭിക്കുന്ന സൗകര്യങ്ങൾ ജനങ്ങൾ അംഗീകരിക്കുകയാണ്‌.
 
 
പ്രധാന വാർത്തകൾ
 Top