അടിമാലി
കോവിഡ് നൽകിയ മരവിപ്പിൽനിന്ന് യുവജനങ്ങളെ കലാകായിക മത്സരങ്ങളിലൂടെ സജീവമാക്കുന്നതിനായി പഞ്ചായത്തുകളിൽ സംഘടിപ്പിക്കേണ്ട കേരളോത്സവം പദ്ധതി അട്ടിമറിച്ച് അടിമാലി പഞ്ചായത്ത്. 26, 27 തീയതികളിലാണ് പഞ്ചായത്തിൽ കേരളോത്സവം സംഘടിപ്പിക്കാൻ സംഘാടകസമിതി യോഗം തീരുമാനിച്ചത്.
എന്നാൽ, ഭരണകക്ഷിയിലെ അംഗങ്ങൾക്കിടയിൽ തുകവീതം വയ്ക്കുന്ന സംബന്ധിച്ച് ഉണ്ടായ തർക്കവും പഞ്ചായത്തിൽ നടന്ന ബാഹ്യ ഇടപെടലുകളുമാണ് മുന്നറിയിപ്പുകൾ ഒന്നും കൂടാതെ തീയതി മാറ്റി യുവജനങ്ങളെ വഞ്ചിച്ചത്.
സംഘാടകസമിതി ചേർന്ന് തീരുമാനിച്ച തീയതികളിൽ മത്സരങ്ങൾ നടത്താതെ വന്നതോടെ കലാകായിക മത്സരങ്ങളിൽ പങ്കെടുക്കാൻ എത്തിയ യുവതി യുവാക്കളെ നിരാശരായി.
ഒമ്പതിന് മുമ്പ് പൂർത്തീകരിക്കേണ്ട പഞ്ചായത്ത് മത്സരങ്ങൾ സമയത്ത് നടക്കാത്തതിനാൽ വിജയികൾക്ക് ബ്ലോക്ക്, ജില്ലാ, സംസ്ഥാന മത്സരങ്ങളിൽ പങ്കെടുക്കാൻ കഴിയാതെ വരും.
സാഹചര്യങ്ങളെല്ലാം അനുകൂലമാണെന്നിരിക്കെ കേരളോത്സവം അട്ടിമറിച്ചത് പഞ്ചായത്തിലെ യുവജനങ്ങളോടുള്ള വെല്ലുവിളിയാണ്. എന്നാൽ തീയതി മാറ്റിവയ്ക്കാനുള്ള തീരുമാനം പഞ്ചായത്ത് പ്രസിഡന്റ് പോലും അറിഞ്ഞിട്ടില്ല. ഇതോടെ ഭരണസമിതി രണ്ട് തട്ടിലാണെന്നുള്ളകാര്യം മറനീക്കി പുറത്തു വരുകയാണ്. യുവജനങ്ങളെ കബളിപ്പിക്കുന്ന യുഡിഎഫ് ഭരണസമിതിക്കെതിരെ പ്രതിഷേധം ഉയർത്തി. ചൊവ്വാഴ്ച പഞ്ചായത്ത് ഓഫീസിനു മുന്നിൽ പ്രതീകാത്മ കേരളോത്സവം സംഘടിപ്പിക്കുമെന്ന് ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് ജോമോൻ ജോയി, സെക്രട്ടറി സി എസ് സുധീഷ് എന്നിവർ അറിയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..