11 August Thursday
ഓർക്കിഡേറിയത്തിനുപുറമെ ഫേണറേറിയം

രാജമലയിൽ വിരുന്നുകാരാകാൻ 105 ഇനം പന്നൽച്ചെടികൾ

വെബ് ഡെസ്‌ക്‌Updated: Friday Nov 26, 2021

രാജമലയിലെ ഓർക്കിഡേറിയം

 മൂന്നാർ  

വിനോദ സഞ്ചാര മേഖലയായ രാജമലയിൽ പന്നൽച്ചെടികളുടെ ഫേണറേറിയം സ്ഥാപിക്കും. 2020 ഏപ്രിലിൽ സ്ഥാപിച്ച ഓർക്കിഡേറിയത്തിനു പുറമെയാണ് പുതിയ സംരംഭത്തിന് തുടക്കംകുറിക്കുന്നത്. 105 ഇനത്തിലുള്ള പന്നൽച്ചെടികളുടെ ശേഖരമാണ് ഫേണറേറിയത്തിൽ സജ്ജമാക്കുന്നത്. രാജമലയിൽ പൂത്തുലഞ്ഞുനിൽക്കുന്ന ഓർക്കിഡുകൾ ഇവിടെയെത്തുന്ന സഞ്ചാരികളെ ഏറെ ആകർഷിക്കുന്നുണ്ട്. 
     ഇരവികുളം ദേശീയോദ്യാനത്തിലെ 58 ഇനങ്ങളും സിക്കിമിൽനിന്ന്‌ 17 ഇനങ്ങളുമാണ് ഓർക്കിഡ് ശേഖരത്തിലുള്ളത്. വനാന്തരങ്ങളിൽ പെയ്യുന്ന മഴയെ പാകപ്പെടുത്തി മിസ്റ്റ് ഇറിഗേഷൻ സംവിധാനംവഴി ചെടികൾ നനയ്ക്കുന്ന രീതിയാണ് അവലംബിച്ചിരിക്കുന്നത്. മണ്ണിനടിയിലും മരങ്ങളിലും പാറമുകളിലും വളരുന്ന ഓർക്കിഡുകൾ രാജമലയിലുണ്ട്. രാസവളങ്ങൾ പൂർണമായും ഒഴിവാക്കി ഉണക്കച്ചാണകം മാത്രമാണ് വളമായി ഉപയോഗിക്കുന്നത്. നവംബർ മുതൽ ജനുവരി വരെയാണ് ഓർക്കിഡ് പൂക്കാലം. വിവിധ വർണങ്ങളിലുള്ള ഓർക്കിഡ് മനോഹര കാഴ്ചയാണ്. 2022 ഏപ്രിലിൽ പന്നൽച്ചെടികളുടെ ഫേണറേറിയം സ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നത്. കോട്ടയം സിസിഎഫ് പ്രമോദിന്റെ നേതൃത്വത്തിലുള്ള സംഘം രാജമല സന്ദർശനം നടത്തിയശേഷമാണ് പുതിയ സംരംഭത്തിന് വഴിയൊരുങ്ങുന്നത്. 
   ഇതുകൂടാതെ രാജമല ചെക്ക്പോസ്റ്റിൽനിന്ന്‌ വരയാടുകളെ സന്ദർശിക്കാനെത്തുന്ന ഭിന്നശേഷിക്കാർക്കുവേണ്ടി ബഗ്ഗിക്കാർ സൗകര്യമൊരുക്കും. ആദ്യഘട്ടത്തിൽ ജനുവരി മുതൽ പ്രാവർത്തികമാക്കുമെന്ന് മൂന്നാർ വൈൽഡ് ലൈഫ് വാർഡൻ എസ് വി വിനോദ്, അസിസ്റ്റന്റ്‌ വൈൽഡ് ലൈഫ് വാർഡൻ ജോബ് ജെ നേര്യംപറമ്പിൽ എന്നിവർ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top