28 November Saturday

‘പരീക്ഷിക്കാൻ’ മൂർഖനെത്തി; വിജയം നേടി ഗണപതിയും

സ്വന്തം ലേഖകൻUpdated: Monday Oct 26, 2020
 
മറയൂർ
വനം വകുപ്പിൽനിന്ന്‌ പാമ്പ് പിടിക്കാൻ ഒരുമാസം മുമ്പ്‌ പരിശീലനം പൂർത്തിയാക്കിയ ഗണപതിയെ ‘പരീക്ഷിക്കാൻ’ ഒടുവിൽ മൂർഖനെത്തി. ഇന്ദിരാനഗർ സ്വദേശിയായ ഗണപതി വീട്ടിൽനിന്നാണ് മൂർഖനെ പിടികൂടിയത്. വീടിന്റെ ശുചിമുറിയിലാണ്‌ എട്ടുവയസ്സുകാരൻ മകൻ പാമ്പിനെ കണ്ടത്. ഉടൻതന്നെ ജോലിക്ക് പോയിരുന്ന ഗണപതിയെ വിവരം അറിയിച്ചു. ഗണപതി വനംവകുപ്പ് ഉദ്യോഗസ്ഥരുമായെത്തി പാമ്പിനെ പിടികൂടി ചിന്നാർ വന്യജീവി സങ്കേതത്തിലെ അനുയോജ്യ ആവാസവ്യവസ്ഥയിൽ തുറന്നുവിട്ടു. പാമ്പുകളെ പിടികൂടണമെങ്കിൽ പരിശീലനം നേടിയവർക്ക് മാത്രമെ അനുവാദമുള്ളൂ. അല്ലാത്തപക്ഷം കേസ് രജിസ്റ്റർ ചെയ്യാൻ വനംവകുപ്പ് തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി 300 പേർക്കാണ് അരിപ്പ ഫോറസ്റ്റ് ട്രെയിനിങ് സ്കൂളിൽ പരിശീലനം നൽകിയത്. മറയൂരിൽ സെൽവരാജ്, ദിനേശ്, ഗണപതി എന്നിവർക്കാണ് പരിശീലനം ലഭിച്ചത്.
പരിശീലനശേഷം സെൽവരാജ് രണ്ട് പെരുമ്പാമ്പിനെയും ഒരു മൂർഖനെയും ദിനേശ് ഒരു മൂർഖനെയും ജനവാസകേന്ദ്രത്തിൽനിന്ന്‌ പിടികൂടിയിരുന്നു. എന്നാൽ, ഇവരോടൊപ്പം പരിശീലനം പൂർത്തിയാക്കിയ ഗണപതിക്ക് പാമ്പിനെ പിടിക്കാൻ സാധിച്ചിരുന്നില്ല. ഇതിനിടെയാണ്‌ ഗണപതിയുടെ വീട്ടിൽ ആറടി നീളമുള്ള മൂർഖൻ നേരിട്ടെത്തി പരീക്ഷിച്ചത്. പിടികൂടുന്ന പാമ്പിന്റെ വിവരങ്ങൾ വനംവകുപ്പിന്റെ ‘സർപ്പ’ ആപ്പിൽ അപ്‌ലോഡ് ചെയ്യണമെന്നാണ് വനംവകുപ്പിന്റെ നിർദേശം. ലൊക്കേഷൻ, പാമ്പിന്റെ ഇനം, പിടികൂടിയ പരിശീലകന്റെ വിവരങ്ങൾ, തുറന്നുവിട്ട സ്ഥലം എന്നിവ രേഖപ്പെടുത്തണം.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top