17 January Sunday

നെടുങ്കണ്ടത്തും വണ്ടൻമേട്ടിലും തമ്മിലടി

വെബ് ഡെസ്‌ക്‌Updated: Wednesday Nov 25, 2020
നെടുങ്കണ്ടം
നെടുങ്കണ്ടം പഞ്ചായത്തിലെ മൂന്നാം വാർഡായ മൈനർസിറ്റിയിൽ യുഡിഎഫ്‌ ധാരണ തെറ്റിച്ച്‌ കോൺഗ്രസ്‌ നേതാക്കൾ. ഇവിടെ കേരള കോൺഗ്രസ്‌ ജോസഫ്‌ വിഭാഗം സ്ഥാനാർഥിക്കെതിരെ കോൺഗ്രസിന്റെ മണ്ഡലം പ്രസിഡന്റ്‌ ജോയി ഉലഹന്നാന്റെ അടുത്ത അനുയായി ഷിജു ഉള്ളുരുപ്പിലാണ്‌ വിമതനായി മത്സരിക്കുന്നത്‌. ജോസഫ്‌ വിഭാഗം സ്ഥാനാർഥി ഷിജു ആലപ്പൂത്തറയെ കെപിസിസി സംസ്ഥാന സെക്രട്ടറി എം എൻ ഗോപിയും ഡിസിസി ജനറൽ സെക്രട്ടറി സേനാപതി വേണുവുമാണ് അനുകൂലിക്കുന്നത്‌. പടലപ്പിണക്കവും കോൺഗ്രസിലെ തമ്മിലടിയും യുഡിഎഫിനെ തളർത്തുമ്പോൾ സർക്കാരിന്റെ വികസനക്കരുത്തിൽ മുന്നേറുകയാണ്‌ എൽഡിഎഫ്‌. എൽഡിഎഫ്‌  സ്ഥാനാർഥി സുരേഷ്‌ പള്ളിയാടിയിൽ വിജയമുറപ്പാക്കിയുള്ള പ്രവർത്തനവുമായി മുന്നേറുകയാണ്‌. പാമ്പാടുംപാറ ജില്ലാ ഡിവിഷനിലേക്ക് മൂലമറ്റത്തിൽനിന്നാണ്‌ സ്ഥാനാർഥി വന്നിരിക്കുന്നത്. ഇത്‌ പ്രാദേശിക നേതൃത്വത്തിൽ കടുത്ത പ്രതിഷേധത്തിന്‌ കാരണമായി. കൊടിമരവും കൊടിയും പറിച്ചെറിഞ്ഞ നേതാവിന് അവസാനം ബ്ലോക്ക് ഡിവിഷനിൽ ഒരു സീറ്റ് നൽകിയിട്ടുണ്ട്. കോൺഗ്രസ്‌ പ്രവർത്തകരെല്ലാം ഇപ്പോൾ കൊടിയും കൊടിമരവും പറിക്കുന്ന തിരക്കിലാണെന്നതാണ് യാഥാർഥ്യം.
വണ്ടൻമേട്
പത്രിക പിൻവലിക്കാനുള്ള തീയതി അവസാനിച്ചതോടെ വണ്ടൻമേട്‌ പഞ്ചായത്തിൽ യുഡിഎഫിലെ തമ്മിലടിയുടെയും ചേരിപ്പോരും മറ നീക്കി പുറത്തുവന്നു. കേരള കോൺഗ്രസ് ജോസഫ് സ്ഥാനാർഥി ബിജു അക്കാട്ടുമുണ്ട മത്സരിക്കുന്ന ആറാം വാർഡിൽ മുതിർന്ന കോൺഗ്രസ് നേതാവ് സുരേഷ് മാനംകേരിയിൽ യുഡിഎഫ് വിമതനായി മത്സരിക്കുകയാണ്‌. കേരള കോൺഗ്രസ് എം വിഭാഗത്തിലെ മോൻസി മഠത്തിലാണ് ഇവിടെ എൽഡിഎഫ് സ്ഥാനാർഥി. ഘടകകക്ഷിക്കെതിരായി കോൺഗ്രസ് നേതാവ് തന്നെ മത്സരരംഗത്തെത്തിയതോടെ യുഡിഎഫിലെ പൊരുത്തക്കേടുകൾ ജനങ്ങൾക്കിടയിൽ ചർച്ചയുകയാണ്.
 കൂടാതെ, പന്ത്രണ്ടാം വാർഡിൽ കോൺഗ്രസ് വിമത സ്ഥാനാർഥിയെ യുഡിഎഫ് അംഗീകരിക്കുകയും പിന്തുണ പ്രഖ്യാപിച്ച കോൺഗ്രസ് സ്ഥാനാർഥിയുടെ പത്രിക പിൻവലിക്കുകയും ചെയ്തു. ബിജെപിയുടെ സിറ്റിങ് സീറ്റായ പതിനെട്ടാം വാർഡിൽ കോൺഗ്രസ് മത്സര രംഗത്ത് വരാതെ ബിജെപിക്ക് പിന്തുണ നൽകിയിരിക്കുകയാണ്. ചക്കുപള്ളം പഞ്ചായത്തിൽ നാല്‌, 13 വാർഡുകളിൽ ബിജെപിക്ക് സ്ഥാനാർഥിയില്ല.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top