29 November Monday

സിപിഐ എം വട്ടവടയിലെ ജനങ്ങൾക്കൊപ്പം: എം എം മണി എംഎൽഎ

വെബ് ഡെസ്‌ക്‌Updated: Monday Oct 25, 2021

വട്ടവടയിൽ നടന്ന നയവിശദീകരണയോഗം സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം 
എം എം മണി എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു

മറയൂർ
വട്ടവടയിലെ ഭൂപ്രശ്‌നം പരിഹരിക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ സിപിഐ എം എന്നും ജനങ്ങൾക്കൊപ്പമാണെന്ന്‌ സംസ്ഥാന സെക്രട്ടറിയറ്റംഗം എം എം മണി എംഎൽഎ. സിപിഐ എം മറയൂർ ഏരിയ കമ്മിറ്റി വട്ടവട കോവില്ലൂരിൽ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗുരുതര അച്ചടക്കലംഘനം നടത്തിയതിനാണ്‌ വട്ടവട പഞ്ചായത്ത്‌ മുൻ പ്രസിഡന്റ്‌ പി രാമരാജിനെ പാർടി പുറത്താക്കിയത്‌. 
  ഒരു കാലത്ത് കഞ്ചാവ് മാഫിയയുടെ താവളമായ അവികസിത മേഖലയായിരുന്ന വട്ടവടയിൽ വികസനമെത്തിച്ചത്‌ സിപിഐ എമ്മിന്റെ നേതൃത്വത്തിലാണ്‌. പാർടി എംഎൽഎമാരായിരുന്ന ജി വരദൻ, എസ്‌ സുന്ദരമാണിക്യം, എസ് രാജേന്ദ്രൻ എന്നിവരുടെ കാലത്താണ്‌ വൈദ്യുതി എത്തിച്ചതും റോഡ്‌ വികസനം കൊണ്ടുവന്നതും. കാർഷിക മേഖലയായ വട്ടവടയിലെ ഭൂപ്രശ്നമായി ബന്ധപ്പെട്ട പരാതികൾ നിരവധി ഉണ്ടായിരുന്നെങ്കിലും റവന്യു, വനം വകുപ്പുകൾ കൈകാര്യം ചെയ്തിരുന്നത് സിപിഐ മന്ത്രിമാരാണ്. സിപിഐ എം ജനങ്ങളുടെ പ്രശ്‌നങ്ങൾ പരിഹരിക്കാനാണ്‌ എന്നും മുൻഗണന നൽകിയിട്ടുള്ളത്‌. 
           നിയമസഭ തെരഞ്ഞെടുപ്പിൽ ദേവികുളം മണ്ഡലത്തിലെ എൽഡിഎഫ്‌ സ്ഥാനാർഥി അഡ്വ. എ രാജയെ പി രാമരാജ്‌ സ്വന്തം വാർഡായ കടവരിയിൽ ഇരുന്നൂറിലധികം വോട്ടുകൾ രേഖപ്പെടുത്താതെ പരാജയപ്പെടുത്താനാണ്‌ ശ്രമിച്ചത്‌. പാർടി വിശദീകരണം ചോദിച്ചപ്പോഴാണ്‌ ഭൂപ്രശ്നവും വൈദ്യുതി പ്രശ്നം ഉയർത്തി മറ്റ്‌ പാർടിയിലേക്ക് ചേക്കേറിയത്‌. വട്ടവടയിൽ നീലക്കുറിഞ്ഞി ഉദ്യാനം പ്രഖ്യാപിച്ച വകുപ്പ്‌ കൈകാര്യം ചെയ്‌ത പാർടിയിലാണ്‌ അദ്ദേഹം പോയതും.
    രാമരാജ്‌ പഞ്ചായത്ത്‌ പ്രസിഡന്റായിരിക്കെ സ്വന്തം വാർഡായ കടവരിയിൽപോലും വൈദ്യുതി എത്തിക്കാൻ നടപടിയെടുത്തിട്ടില്ല. മുഴുവൻ കമ്യൂണിസ്റ്റ്‌ മൂല്യങ്ങളും നഷ്ടപ്പെടുമ്പോഴാണ്‌, ഒരാളെ പാർടിയിൽനിന്ന് സിപിഐ എം പുറത്താക്കുന്നത്‌. ജനപക്ഷത്ത്‌ നിൽക്കുന്നതിനാലാണ്‌ ജില്ലയിൽ മറ്റ്‌ പാർടികളിൽനിന്ന്‌ രാജിവച്ച്‌ നിരവധിപേർ സിപിഐ എമ്മിലേക്ക്‌ എത്തുന്നതെന്നും എം എം മണി പറഞ്ഞു.
    ചടങ്ങിൽ രാമരാജിനൊപ്പം സിപിഐയിലേക്ക് പോയി എന്ന് നോട്ടീസിൽ വ്യാജമായി പേരുവന്ന ഒമ്പത്‌ പേർ തങ്ങൾ സിപിഐ എമ്മിൽ തന്നെയെന്ന് അറിയിച്ച് വേദിയിലെത്തി. ഇവരെ എം എം മണി എംഎൽഎ രക്തഹാരമണിയിച്ച്‌ സ്വീകരിച്ചു. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ സി വി വർഗീസ്, കെ വി ശശി, അഡ്വ. എ രാജ എംഎൽഎ, മറയൂർ ഏരിയ സെക്രട്ടറി വി സിജിമോൻ, ലോക്കൽ സെക്രട്ടറി ടി രവീന്ദ്രൻ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top