24 October Sunday

മധുരസ്വപ്‌നങ്ങൾക്ക്‌ നിറം പകർന്ന്‌

വെബ് ഡെസ്‌ക്‌Updated: Saturday Sep 25, 2021
കരിമണ്ണൂർ
പുരയിടത്തിൽ നിറയെ പഴവൃക്ഷങ്ങളുമായി മധുരസ്വപ്‌നങ്ങൾക്ക്‌ നിറം പകർന്ന്‌ ആനയാടിക്കുത്തിലെ യുവകർഷകൻ. ആനയാടിക്കുത്ത്‌ വെള്ളച്ചാട്ടത്തിന്‌ സമീപമുള്ള രണ്ടേക്കറിൽ വണ്ണപ്പുറം സ്വദേശിയായ മൂലയിൽ ബെന്നിയാണ്‌ നൂതനകൃഷിയിൽ മധുരസ്വ്‌പനങ്ങൾ കാണുന്നത്‌. നാടൻ റമ്പുട്ടാൻ, മരമുന്തിരി, മാങ്കോസ്റ്റിൻ, മുന്തിരിപ്പേര, സപ്പോർട്ട, സ്‌റ്റാർ ഫ്രൂട്ട്‌, അത്തി, നൗനി തുടങ്ങിയ സ്വദേശിയും വിദേശിയുമായ പഴവൃക്ഷച്ചെടികളാണ്‌ ബെന്നിയുടെ പുരയിടത്തിലുള്ളത്‌. ആനയാടിക്കുത്തിൽ എത്തുന്ന സഞ്ചാരികൾക്കും ഈ പഴത്തോട്ടം പകരുന്നത്‌ നവ്യാനുഭവമാണ്‌. തൊമ്മൻകുത്തിന്‌ സമീപത്തുള്ള ആനയാടിക്കുത്തിനോട്‌ ചേർന്ന്‌ യാദൃശ്ചികമായാണ്‌ ബെന്നി പഴവർഗ കൃഷിയിലേക്ക്‌ പ്രവേശിച്ചത്‌. 
     വണ്ണപ്പുറം സ്വദേശിയായ ബെന്നി പത്തുവർഷം മുമ്പാണ്‌ ആനയാടിയിൽ രണ്ടര ഏക്കർ സ്ഥലം കന്നുകാലി ഫാം നടത്താനായി വാങ്ങിയത്‌. വെച്ചൂർ പശു, എരുമ, പോത്ത്‌, ആട്‌ തുടങ്ങിയവയെ വാങ്ങി ഫാം ആരംഭിക്കുകയും ചെയ്‌തു. വെള്ളച്ചാട്ടത്തിന്‌ സമീപപ്രദേശത്തെ സമൃദ്ധമായ പുല്ലും കാലികളെ കുളിപ്പിക്കാനുള്ള വെള്ളവും ഫാം ആരംഭിക്കാൻ പ്രേരിപ്പിച്ചത്‌. എന്നാൽ, ജൂൺ മുതൽ ആറുമാസം മാത്രമാണ്‌ ഇവിടെ ജലസമൃദ്ധിയുള്ളത്‌. എങ്കിലും ഫാമുമായി മുന്നോട്ടുപോയി. ഇതിനിടയിലാണ്‌ ആനയാടിക്കുത്തിന്റെ സൗന്ദര്യം നുകരാൻ സഞ്ചാരികളുടെ തിരക്ക്‌ വർധിച്ചത്‌. ഇതോടെ വെള്ളച്ചാട്ടത്തിന്‌ സമീപം കന്നുകാലികളെ കുളിപ്പിക്കുന്നത്‌ നിർത്തേണ്ടിവന്നു. വേനൽ ആകുന്നതോടെ പുല്ലിന്റെ വളർച്ച നിൽക്കുകയും ഉണങ്ങിപ്പോവുകയും ചെയ്യും. ഇതോടെ കന്നുകാലികളെ ഓരോന്നായി വിറ്റു. പിന്നീടാണ്‌  പുരയിടത്തിൽ പഴമരങ്ങൾ നട്ടുപിടിപ്പിക്കുക എന്ന ആശയം ഉദിച്ചത്‌. ബെന്നിയെ സഹായിക്കാൻ  ഭാര്യാ സഹോദരൻ ജോസുമുണ്ട്‌. 
   കൃഷിയെ സ്‌നേഹിക്കുന്ന ബെന്നിയും കുടുംബവും പ്രതിസന്ധിയിലും ആനയാടിക്കുത്ത്‌ ഉപേക്ഷിച്ചുപോകാൻ തയ്യാറല്ല. ചെറുവരുമാന മാർഗം എന്ന നിലയിൽ വെള്ളച്ചാട്ടത്തിനടുത്ത്‌ വസ്‌ത്രം മാറുന്നതിനും ടോയ്‌ലെറ്റ്‌ സൗകര്യവും ഒരുക്കിയിട്ടുണ്ട്‌. ബെന്നിയുടെ പുരയിടത്തിലെ പഴമരങ്ങൾ ഫലം തന്നുതുടങ്ങിയിട്ടില്ലെങ്കിലും അവയിലാണ്‌ ഈ കുടുംബത്തിന്റെ ഭാവി പ്രതീക്ഷ.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top