16 September Monday
പ്ലസ‌് ടു വരെ തുടർപഠനം ഉറപ്പാക്കും

കൊഴിഞ്ഞുപോക്കിന‌് വിരാമം

വെബ് ഡെസ്‌ക്‌Updated: Sunday Aug 25, 2019
 
തൊടുപുഴ
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സമഗ്രശിക്ഷ കേരള നടപ്പാക്കുന്ന സ്റ്റുഡന്റ‌്സ‌് ടോട്ടൽ എൻറോൾമെന്റ‌് പ്രോഗ്രാം(സ‌്റ്റെപ്‌) മൂന്നാംഘട്ട പ്രവർത്തനങ്ങൾക്ക് ജില്ലയിൽ തുടക്കമായതായി അധികൃതർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
 2018‐ 19 അധ്യയന വർഷം ജില്ലയിലെ 483 സർക്കാർ, എയ്ഡഡ് വിദ്യാലയങ്ങളിലായി ആറിനും 18നും ഇടയിലുള്ള മുഴുവൻ കുട്ടികളെയും അവരുടെ പ്രായത്തിന‌് അനുസരിച്ചുള്ള ക്ലാസുകളിൽ പ്രവേശിപ്പിച്ച് പ്ലസ് ടു വരെ പഠനം പൂർത്തിയാക്കുന്നുവെന്ന് ഉറപ്പാക്കുകയാണ‌് ലക്ഷ്യം. ഈ പ്രായപരിധിയിലുള്ള ഗിരിവർഗ മേഖലയിലെയും ഇതര സംസ്ഥാനക്കാരുടെയും കുട്ടികൾ, ഭിന്നശേഷിക്കാരായ കുട്ടികൾ ഉൾപ്പെടെയുള്ളവരെ സ്‌കൂളിലെത്തിച്ച് കൊഴിഞ്ഞുപോക്കില്ലാതെ നിലനിർത്താനാണ് പദ്ധതി തയ്യാറാക്കിയിട്ടുള്ളത്. 26 മുതൽ 30 വരെ സമഗ്രശിക്ഷയുടെ നേതൃത്വത്തിൽ ജില്ലയിൽ വിപുലമായ സർവേ നടക്കും. പൊതുവിദ്യാഭ്യാസ വകുപ്പ് പ്രവർത്തകർ, ജനപ്രതിനിധികൾ, സന്നദ്ധ സംഘടനാ പ്രവർത്തകർ, എസ്‌സി/ എസ്ടി പ്രൊമോട്ടർമാർ, ആശ വർക്കർമാർ, ഐസിഡിഎസ് പ്രവർത്തകർ, മറ്റ് സർക്കാർ വകുപ്പുകൾ എന്നിവയുടെ സഹകരണവും ഉറപ്പാക്കും. ബ്ലോക്ക്തല ഏകോപനം അതാത് ബിആർസികൾ നിർവഹിക്കും. 
സെപ്തംബർ രണ്ടുമുതൽ ആറുവരെ തീയതികളിൽ സർവേയിലൂടെ കണ്ടെത്തിയ മുഴുവൻ കുട്ടികളെയും സ്‌കൂളിൽ ചേർക്കുന്ന പ്രവർത്തനം നടക്കും. സെപ‌്തംബർ 17ന‌് ബ്ലോക്ക്തലത്തിൽ സമ്പൂർണ വിദ്യാലയ പ്രവേശന പ്രഖ്യാപനം നടക്കും. 18ന‌് ജില്ലാതല ക്രോഡീകരണവും 20ന് ജില്ലാതല പ്രഖ്യാപനവും നടത്തുമെന്നും അധികൃതർ പറഞ്ഞു. സമഗ്രശിക്ഷ കേരള ജില്ലാ പ്രോജക്ട് കോ ഓർഡിനേറ്റർ പി കെ ഗംഗാധരൻ, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോ ഓർഡിനേറ്റർ കെ എ ബിനുമോൻ, ഡയറ്റ് ഫാക്കൽടി അംഗം എ എം ഷാജഹാൻ, വിദ്യാഭ്യാസ ഉപഡയറക്ടർ ഓഫീസിലെ അഡ‌്മിനിസ‌്ട്രേറ്റീവ‌് ഓഫീസർ ടി എം ലൈല, ബിആർസി പരിശീലകൻ എസ് ശ്രീകാന്ത് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. 
 
 
പ്രധാന വാർത്തകൾ
 Top