20 September Friday
കൂപ്പുകുത്തി ഏലയ്‌ക്കാ വില

കർഷകരും വ്യാപാരികളും പ്രതിസന്ധിയിൽ

വെബ് ഡെസ്‌ക്‌Updated: Sunday Aug 25, 2019

 

 
രാജാക്കാട്
കർഷക പ്രതീക്ഷകൾ തകിടംമറിച്ച് ഏലയ്‌ക്കാ വില കുത്തനെ ഇടിയുന്നു. ശരാശരി നാലായിരം രൂപവരെ എത്തിയ ഏലയ്‌ക്കയുടെ നിലവിലെ വില രണ്ടായിരത്തി അഞ്ഞൂറിൽ താഴെയാണ്. പെട്ടന്നുണ്ടായ വിലിയിടിവ് കർഷകർക്കൊപ്പം ഏലയ്‌ക്കാ വ്യാപാരികളെയും കടുത്ത പ്രതിസന്ധിയിലാക്കി. ഹൈറേഞ്ചിലെ കാർഷിക മേഖല കടുത്ത പ്രതിസന്ധി നേരിട്ടപ്പോൾ ഏലയ്‌ക്ക വില ഉയർന്നത് വലിയ പ്രതീക്ഷയാണ്‌ നൽകിയത്. മുൻ വർഷങ്ങളെ അപേക്ഷിച്ച് റെക്കോഡ്‌ വിലയാണ്‌ കഴിഞ്ഞദിവസങ്ങളിൽ കിട്ടിയത്‌. എന്നാൽ, ഏലയ്‌ക്കായുടെ വിളവെടുപ്പ് സജീവമായതോടെ വില കുത്തനെ ഇടിഞ്ഞു. 
 അനുദിനം മാറിക്കൊണ്ടിരിക്കുന്ന ഏലയ്‌ക്കായുടെ വില വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്‌. വില നിലനിർത്താൻ സർക്കാർ തലത്തിൽ ഇടപെടൽ ഉണ്ടാകണമെന്നും കർഷകർക്കൊപ്പം വ്യാപാരികളും പറയുന്നു. നാലായിരം രൂപ വിലയെത്തിയ സമയത്ത് കർഷകരിൽനിന്ന്‌ വ്യാപാരികൾ വാങ്ങിയ ഏലയ്‌ക്കാ വിൽക്കാൻ സാധിച്ചിട്ടില്ല. വില ഇടിഞ്ഞതോടെ ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് വ്യാപാരികൾക്ക് ഉണ്ടായിരിക്കുന്നത്. ഏലയ്‌ക്കായുടെ വില ഇനിയും താഴ്‌ന്നാൽ ജില്ല കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക്‌ നീങ്ങുന്ന സാഹചര്യമാണുള്ളത്‌.
ഏലം വില ഉയരുന്നത്‌ കണ്ട്‌ ഏലത്തോട്ടം വൻ തുക നൽകി പാട്ടത്തിനെടുത്തവരും പ്രതിസന്ധിയിലായി. കൂടാതെ ഏലയ്‌ക്ക വില ഉയർന്നതോടെ മോഷണ ശല്യവും വർധിച്ചു. ഒരു മാസത്തിനിടെ നിരവധി കേസുകളാണ്‌ പൊലീസ്‌ രജിസ്‌ട്രർ ചെയ്തത്‌. കീടനാശിനികളുടെയും വളങ്ങളുടെയും വിലയും ഉയർന്നു.
 
പ്രധാന വാർത്തകൾ
 Top