27 September Sunday

ഹൈറേഞ്ചില്‍ ഓസ്ട്രേലിയ ആവര്‍ത്തിക്കുമോ

വെബ് ഡെസ്‌ക്‌Updated: Saturday Jan 25, 2020

ആനമുടിചോല ദേശീയോദ്യാനത്തിൽ കാട്ടുതീ പടർന്നപ്പോൾ

 
മറയൂർ
ലോകരാജ്യങ്ങളെ വിറപ്പിച്ച ഓസ്ട്രേലിയയിലെ കാട്ടുതീ ദുരന്തം ഹൈറേഞ്ചിലും ആവർത്തിക്കുമോ എന്ന ആശങ്കയിൽ പ്രകൃതിസ്നേഹികൾ. ഇക്കുറി കാട്ടുതീ നിയന്ത്രണ പദ്ധതികൾക്കുള്ള തുക വനംവകുപ്പ്‌ 30 ശതമാനമാക്കി കുറച്ചു. കാട്ടുതീ സാധ്യതാ മേഖലകളിൽ ഫയർലൈൻ തെളിക്കുന്നത്‌ ഒഴിവാക്കിയതായും ആക്ഷേപമുണ്ട്‌. 
   ഉഷ്ണമേഖല ഇലപൊഴിയും കാടുകൾ, പുൽമേടുകൾ, നിത്യഹരിത വനങ്ങൾ എന്നിവയാണ് ഹൈറേഞ്ചിലുള്ളത്‌. 100 കിലോമീറ്ററിലധികം ഫയർലൈൻ ജോലികൾ നടന്നിരുന്ന പല റേഞ്ച് പരിധിയിലും ഈ വർഷം 10 കിലോമീറ്ററിൽ താഴെ മാത്രമാണ് ഫയർലൈൻ തെളിച്ചത്‌. കാട്ടുതീ സാധ്യതാ പ്രദേശങ്ങ‌ളിലും റോഡരികിലും അഞ്ച്‌ മീറ്റർ വീതിയിൽ കാടുവീശി പുല്ലുകൾ ചെത്തി നടുഭാഗത്ത് കൂട്ടിയിട്ട് കത്തിച്ചാണ്‌ തീയെ പ്രതിരോധിക്കുന്ന ഫയർലൈൻ തെളിച്ചിരുന്നത്‌. യാത്രക്കാർ അശ്രദ്ധമായി വലിച്ചെറിയുന്ന സിഗരറ്റ് കുറ്റികളിൽനിന്നുപോലും റോഡരികിലെ പുല്ലിൽ തീ പിടിച്ച്‌ അത് വനത്തിലേക്ക് കടക്കാതിരിക്കാനുള്ള മുൻകരുതലാണിത്‌. 
  ഫോറസ്റ്റ് സർവേ ഓഫ് ഇന്ത്യയുടെ കണക്കനുസരിച്ച് രാജ്യത്ത്‌ പകുതിയിലധികം വനമേഖലയിലും കാട്ടുതീ ബാധിക്കപ്പെടുന്നുണ്ട്‌. അടുത്തകാലത്തായി കൊടും ചൂടും കാലാവസ്ഥ വ്യതിയാനവും കാട്ടുതീയുടെ തോതുയർത്തി. 1973 മുതൽ 2010 വരെയുള്ള പഠനത്തിൽ 1973ൽ 1.9 ശതമാനം ആയിരുന്നത് 2010 ൽ 10.67 ശതമാനമായി ഉയർന്നു. കാട്ടുതീ ഉണ്ടായാൽ അതിനെ നിയന്ത്രിക്കാൻ ഫയർലൈൻ ജോലികൊണ്ട് സാധിച്ചിരുന്നു. കൂടാതെ വനാന്തർഭാഗങ്ങളിൽ താമസിക്കുന്ന ആദിവാസി കോളനികൾക്ക് ചുറ്റും അവരുടെ കൃഷി ദേഹണ്ഡങ്ങളുടെ സംരക്ഷണാർഥം കോളനികൾക്കും കൃഷിയിടത്തിന് ചുറ്റിലും ഫയർലൈൻ തെളിച്ചിരുന്നു. വനത്തിൽ തീ പിടിത്തമുണ്ടായാലും ഈ കോളനികളിലേക്ക് കാട്ടുതീ പടരുമായിരുന്നില്ല. എന്നാൽ, ഈ വർഷം കോളനികൾക്ക് സംരക്ഷണം ഒരുക്കിയിട്ടില്ല എന്നതും ആശങ്കാജനകമാണ്. കഴിഞ്ഞവർഷം മറയൂരിലെ ചന്ദനക്കാടുകളിലും ആനമുടി ചോലയിലുമൊക്കെ ഉണ്ടായ കാട്ടുതീയിൽ കോടികളുടെ നഷ്ടമാണുണ്ടായത്‌.  
 
 

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top