28 February Sunday

മുഴങ്ങുന്നു... കപ്പവാട്ടിന്റെ ആരവം

സ്വന്തം ലേഖകൻUpdated: Wednesday Feb 24, 2021

മൂലമറ്റം ഇലപ്പള്ളിയിൽ കപ്പ വാട്ടുന്നതിന്റെ ദൃശ്യം

ഇടുക്കി
മലയോരജനതയുടെ പ്രധാന കൃഷിയാണ് കപ്പ. മഴക്കാലം പട്ടിണിക്കാലം ആണെന്നറിയാവുന്ന പൂർവികർ കണ്ടുപിടിച്ച മാരക ഐഡിയയാണ് കപ്പ വാട്ടിഉണക്കി സൂക്ഷിക്കുക എന്നത്. മലയോരജനതയുടെ കൂട്ടായ്മയുടെ ആഘോഷമായിരുന്നു കപ്പവാട്ട്. കുടിയേറ്റത്തോളം പഴക്കമുണ്ട് മലയോരത്ത് കപ്പക്കൃഷിക്ക്. കുടിയേറ്റ കര്‍ഷകര്‍ കാട് വെട്ടിത്തെളിച്ച് കപ്പക്കൃഷി നടത്തിയതോടെ മലയോരത്തെ കൃഷിയുടെ സ്വഭാവം മാറി. പ്രധാന കൃഷിയായി കപ്പ മാറി. പച്ചക്കപ്പ തൊലികളഞ്ഞ് ഉണക്കി വെള്ളക്കപ്പ എന്നപേരില്‍ മറ്റ് നാടുകളിലേക്ക് കയറ്റിയയച്ചു. ഭക്ഷണാവശ്യത്തിനായി കപ്പ തൊലികളഞ്ഞ് അരിഞ്ഞെടുത്ത് വാട്ടി ഉണക്കിയും സൂക്ഷിച്ചു. കൃഷിയിടങ്ങള്‍ പിന്നീട് റബർ കൃഷിക്ക് വഴിമാറിയതോടെ കപ്പ അന്യമായി. സൗഹൃദത്തിന്റെയും കൂടിച്ചേരലിന്റെയും ഈ കര്‍ഷക സംസ്‌കാരം അപൂര്‍വമായി. അയിരുവെള്ളയും കട്ടനും കറുത്ത പത്തിനെട്ടും വെളുത്ത പത്തിനെട്ടും ഏത്തക്കപ്പയും ഒരു കാലത്ത് മലയോര മക്കളുടെ ഇഷ്ട വിഭവമായിരുന്നു. അന്ന് കപ്പവാട്ട് ആഘോഷമായിരുന്നു. കപ്പവാട്ട് കല്യാണം എന്നാണ് പറയുക. ഒന്നുരണ്ടു ദിവസത്തെ പണിയാണ്. 
പത്തുമുപ്പത്‌ പേരൊക്കെ ഉണ്ടാകും പിള്ളേരുസെറ്റ്. അയൽപക്കത്തുള്ളോരും അടുത്തുള്ള ബന്ധുക്കളും ഒക്കെ ചേർന്നാണ് കപ്പവാട്ട്‌. വെളുപ്പിന് കപ്പകള്‍ പിഴുതെടുത്ത് തണലുള്ള പല സ്ഥലങ്ങളിലായി കൂട്ടിയിടും. സ്ത്രീകള്‍ തൊലികളയും. അവധിക്കാലത്ത് സ്കൂള്‍ കുട്ടികളും കപ്പയുടെ തൊലികളയാന്‍ പോകും. തൊലികളഞ്ഞ കപ്പ ആണുങ്ങള്‍ അരിഞ്ഞെടുക്കും. മറ്റൊരുകൂട്ടര്‍ വാട്ടിയെടുത്ത് പാറയിൽ  ഉണങ്ങാനിടും. 20 ക്വിന്റലോളം കപ്പ ഒരു ദിവസം വാട്ടിയെടുക്കും. നേരമ്പോക്കു പറഞ്ഞും കട്ടന്‍കാപ്പി കുടിച്ചും സ്‌നേഹസൗഹൃദങ്ങളുടെ വലിയൊരു മാതൃകയാണ് കപ്പവാട്ട്‌ സമ്മാനിച്ചിരുന്നത്. മലയോര ഗ്രാമങ്ങളിലെ മലമുകളില്‍ പെട്രോമാക്‌സിന്റെ വെളിച്ചത്തില്‍ നടക്കുന്ന കപ്പവാട്ട് കല്യാണം നിത്യകാഴ്ചയായിരുന്നു. ഏത് വറുതിയുടെ കാലത്തും വീട്ടിലെ മൂലയില്‍ ചാക്കില്‍കെട്ടി സൂക്ഷിക്കുന്ന വാട്ടുകപ്പയായിരുന്നു കുടിയേറ്റ കര്‍ഷകരുടെ ആത്മധൈര്യം. റബര്‍ വെട്ടിമാറ്റിയ തോട്ടങ്ങളിലും തരിശുസ്ഥലത്തും വീണ്ടും കപ്പകൃഷി തുടങ്ങിയിട്ടുണ്ട്. അതിലൂടെ അയല്‍പക്ക കൂട്ടായ്‌മയുടെ നല്ലകാലമായിരുന്ന കപ്പവാട്ടും തിരിച്ചുവരികയാണ്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top