07 December Tuesday

മറയൂർ ചന്ദനമോഷണം: മുഖ്യപ്രതി 
പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Saturday Oct 23, 2021
മറയൂർ
മറയൂർ പാളപ്പെട്ടിയിലെ ചന്ദനക്കടത്തിന്റെ സൂത്രധാരൻ പിടിയിലായി. ഒട്ടേറെ ചന്ദനമോഷണ കേസുകളിലും പാളപ്പെട്ടി ചന്ദ്രിക വധക്കേസിലെയും പ്രതിയുമായ ബിനുകുമാർ(28) ആണ് അറസ്റ്റിലായത്‌. കഴിഞ്ഞദിവസം 80 കിലോ ചന്ദനം മോഷ്ടിച്ച് കടത്താൻ ശ്രമിച്ച കേസിലാണ്‌ അറസ്‌റ്റ്‌. രണ്ടുപേർ ഒളിവിലാണ്‌.    ചിന്നാർ വന്യജീവി സങ്കേതത്തിലെ പാളപ്പെട്ടി ഇണ്ടൻകാട്ടിൽനിന്ന്‌ ചന്ദനമരം മുറിച്ച് കഷ്ണങ്ങളാക്കി കടത്താൻ ശ്രമിക്കുകയായിരുന്നു. മുറിച്ച ചന്ദനമരത്തിന്‌ സമീപം ഒളിപ്പിച്ചിരുന്ന 15 ലക്ഷം രൂപ വിലമതിക്കുന്ന 80 കിലോ വരുന്ന 12 ചന്ദനക്കഷണങ്ങൾ പട്രോളിങ് നടത്തിയ വനം വകുപ്പ് അധികൃതർ കണ്ടെടുത്തിരുന്നു. ബിനുകുമാർ, ചിന്നക്കുപ്പൻ, സുദർശൻ എന്നിവരാണ്‌ കാട്ടുപാതയിലൂടെ തമിഴ്നാട്ടിലേക്ക്‌ ചന്ദനം കടത്താൻ ശ്രമിച്ചതെന്ന്‌ അന്വേഷണത്തിൽ തെളിഞ്ഞു.
    ബിനുകുമാറിനെ പാളപ്പെട്ടിയിലെ വീട്ടിൽനിന്നാണ്‌ വനംവകുപ്പ് പിടികൂടിയത്. മറ്റുള്ളവർക്കായി തെരച്ചിൽ തുടരുന്നു. ചന്ദനക്കടത്തിന്റെ വിവരം വനംവകുപ്പിന് നൽകിയതിന്റെ വൈരാഗ്യത്തിലാണ്‌ 11 മാസം മുമ്പ്‌ പാളപ്പെട്ടി സ്വദേശിനി ചന്ദ്രികയെ വെടിവച്ചുകൊന്നത്‌. 
    ചിന്നാർ റേഞ്ച് ഓഫീസർ നിതിൻ ലാൽ, ഡെപ്യൂട്ടി റേഞ്ച്‌ ഓഫീസർ  ശ്രീകാന്ത്, കരിമുട്ടി ഡെപ്യൂട്ടി റേഞ്ച്‌ ഓഫീസർ(ഇൻചാർജ്) മുത്തുകുമാർ, വണ്ണാന്തുറ ഡെപ്യൂട്ടി റേഞ്ച് ഓഫീസർ വിജു പി ചാക്കോ, കാന്തല്ലൂർ എസ്എഫ്ഒ എം കെ അനിൽകുമാർ, ചിന്നാർ എസ്എഫ്ഒ റെജി ശ്രീധർ, ബിഎഫ്ഒമാരായ അബ്ദുൾ റസാഖ്, പി ജെ മധുകുമാർ, അഖില, ശരണ്യ, ഡിജുമോൻ എന്നിവരാണ്‌ അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top