02 March Tuesday

കൃഷ്‌ണൻ, ഇടമലക്കുടിയുടെ സാരഥി

ജിതിൻ ബാബുUpdated: Tuesday Feb 23, 2021

ഇടമലക്കുടിയിലെ ജീപ്പ് ഡ്രൈവറായ കൃഷ്ണൻ

ഇടുക്കി
ഇടമലക്കുടി, കൊടുംവനത്തിൽ ചിതറിക്കിടക്കുന്ന 26 കുടികൾ... കേരളത്തിലെ ഏക ഗോത്രവർഗ പഞ്ചായത്ത്‌. കാടിന്റെ താളത്തിൽ ജീവിക്കുന്ന ഒരു വിഭാഗം ഇന്ന്‌ ഏറെ മാറിത്തുടങ്ങിയിരിക്കുന്നു. വൈദ്യുതി എത്തിയതോടെ സൗരോർജ വെളിച്ചത്തിൽനിന്നും തിരി കെടുന്ന കരിവിളക്കിൽനിന്നും മോചനം കിട്ടിയിരിക്കുന്നു. ആനത്താരകൾ മാത്രമായിരുന്ന വഴികളെല്ലാം റോഡായി പുനർജനിക്കുന്നു. റോഡ്‌ കോൺക്രീറ്റ് ‌ചെയ്യുന്ന പണികൾ പുരോഗമിക്കുകയാണ്‌. എന്നാൽ,   എത്താൻ ബുദ്ധിമുട്ടിയിരുന്ന ഒരു കാലമുണ്ടായിരുന്നു ഇടമലക്കുടിക്കാർക്ക്‌. അസുഖം വന്നവരെയും ഗർഭിണികളെയും അത്യാവശ്യം വന്നാൽ മഞ്ചൽകെട്ടി രാജമലയിൽ എത്തിച്ച് വേണമായിരുന്നു വാഹനത്തിൽ കയറ്റാൻ. പിന്നീട്‌ എസ്‌ രാജേന്ദ്രൻ എംഎൽഎ മുൻകൈയെടുത്ത്‌ റോഡ് നിർമാണം പൂർത്തിയാക്കി. അത്യാവശ്യം വാഹനം ഓടിക്കാൻ പറ്റുന്ന സാഹചര്യം ആയതുമുതൽ ഇടമലക്കുടിക്കാർക്ക്‌ ഏത്‌ നിമിഷവും ആശ്രയിക്കാവുന്ന ഒരു സാരഥിയുണ്ടിവിടെ. എല്ലാവരുടെയും പ്രിയപ്പെട്ട കൃഷ്‌ണൻ. അപകടക്കെണിയൊരുക്കുന്ന റോഡിലൂടെ ഇതുവരെ ഗർഭിണികളെ മാത്രം 85 പേരെയാണ്‌ സുരക്ഷിതമായി ആശുപത്രിയിൽ എത്തിച്ചത്‌.
കുടിയുടെ മനമറിഞ്ഞ്‌
പതിനെട്ടാം വയസ്സിലാണ്‌ കൃഷ്‌ണൻ വാഹനം ഓടിച്ചുതുടങ്ങുന്നത്‌. വട്ടവടയിലായുന്നു ആദ്യം വാഹനമോടിച്ചിരുന്നത്‌. ഇടമലക്കുടിയിൽ റോഡ്‌ എത്തിയതോടെ വാഹനമോടിക്കാൻ മാത്രം ആളില്ലാതായി. ഇതോടെയാണ്‌ കൃഷ്‌ണൻ തന്റെ കർമമണ്ഡലം ഇടമലക്കുടിയിലേക്ക്‌ മാറ്റിയത്‌. ആറു വർഷം മുമ്പ്‌ 23–-ാം വയസ്സിലാണ്‌ കൃഷ്‌ണൻ കാടിന്റെ മക്കളുടെ സാരഥിയാകുന്നത്‌. പ്രതികൂല കാലാവസ്ഥയും കാട്ടുമൃഗങ്ങളുടെ ആക്രമണവുമായിരുന്നു പ്രധാന വെല്ലുവിളി. മഴ ചെറുതായി‌ ഒന്ന്‌ ചാറിയാൽ മതി റോഡെല്ലാം ചെളിയായി മാറും. ഇരുട്ട്‌ കയറിയാൽ പിന്നെ റോഡ്‌ കാണാത്ത അവസ്ഥ. ആ ദുർഘടപാത കടന്നാണ്‌ കൃഷ്‌ണൻ ഓരോ യാത്രയും പിന്നിട്ടത്, ഓരോ ജീവനും സംരക്ഷിച്ചത്‌. ഇരുട്ടു കയറിയാൽ ആനയും കടുവയും പാതയോരങ്ങളിലുണ്ടാകും. കാത്തുനിൽക്കുകയല്ലാതെ മറ്റൊരു മാർഗമില്ല. തന്റെ യാത്രയുടെ നന്മ കാരണമാകാം ഇതുവരെ കാട്ടുമൃഗങ്ങളിൽനിന്ന്‌ ആക്രമണമൊന്നും ഉണ്ടായിട്ടില്ലെന്ന് കൃഷ്‌ണൻ പറയുന്നു. വാഹനങ്ങൾ കൂടിയതോടെ കൂടുതൽ ശിഷ്യൻമാരെയും കൃഷ്‌ണൻ വളർത്തിയെടുത്തു. 18 ഡ്രൈവമാരാണ്‌ വിവിധ കുടികളിലായുള്ളത്‌. ഇതിൽ ഒമ്പതു പേരും കൃഷ്‌ണന്റെ ശിഷ്യൻമാരാണ്‌. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top