20 June Thursday

ജലാശയങ്ങളിലേയ്ക്ക് മാലിന്യം തള്ളുന്നവർക്കെതിരെ നടപടി

വെബ് ഡെസ്‌ക്‌Updated: Saturday Feb 23, 2019
കോട്ടയം
 മീനച്ചിലാർ–--മീനന്തറയാർ–--കൊടൂരാർ എന്നീ നദികളിലേയ്ക്കും മറ്റു ജലസ്രോതസുകളിലേക്കും  വച്ചിരിക്കുന്ന മാലിന്യക്കുഴലുകൾ കണ്ടെത്താനുള്ള ജനകീയ സർവെയുടെ രണ്ടാംഘട്ടം  26 ന് ആരംഭിക്കും.  ജില്ലാ ശുചിത്വ മിഷന്റെ നിർദേശാനുസരണം ഗ്രാമപഞ്ചായത്തുകളുടെ മേൽനോട്ടത്തിൽ ആശാ പ്രവർത്തകർ, അങ്കണവാടി വർക്കർമാർ കുടുംബശ്രീ അംഗങ്ങൾ, ഹരിതകർമസേനാംഗങ്ങൾ തുടങ്ങിയവരെ പങ്കെടുപ്പിച്ച‌് നടത്തുന്ന സർവെ മാർച്ച് രണ്ടിനുള്ളിൽ പൂർത്തീകരിക്കും. അപൂർണമായ സർവെ വിവരങ്ങൾ പൂർണമാക്കി സോഫ്റ്റ് വെയറിൽ രേഖപ്പെടുത്താനും തെള്ളകം ചൈതന്യ പാസ്റ്ററൽ സെന്ററിൽ  നടന്ന തദ്ദേശ സ്ഥാപനതല ഉദ്യോഗസ്ഥരുടെ യോഗത്തിൽ തീരുമാനിച്ചു. 
വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും പൊതുസ്ഥലങ്ങളിൽ നിന്നും വിവരങ്ങൾ ശേഖരിക്കും. ജലാശയങ്ങൾ, ഓടകൾ എന്നിവിടങ്ങളിലേക്ക്  സ്ഥാപനങ്ങളിൽ നിന്നോ വീടുകളിൽ നിന്നോ മലിനജലം ഒഴുക്കുന്നതു സംബന്ധിച്ച പരാതി  നൽകാൻ  വാർഡ്തലത്തിൽ പരാതിപ്പെട്ടി  സ്ഥാപിക്കും. ജലാശയങ്ങളിലേയ്ക്ക് മാലിന്യക്കുഴലുകൾ വെച്ചതുമായി ബന്ധപ്പെട്ട വിവരങ്ങൾ  തദ്ദേശ ഭരണ സ്ഥാപനങ്ങളെ അറിയിക്കാം. 
യോഗത്തിൽ ഹരിതകേരളം മിഷൻ കോ-ഓർഡിനേറ്റർ പി രമേശ്, മീനച്ചിലാർ–--മീനന്തറയാർ–--കൊടൂരാർ പുനർ സംയോജന പദ്ധതി കോ-ഓർഡിനേറ്റർ അഡ്വ. കെ അനിൽകുമാർ, ഡിഡിപി ഓഫീസ് പ്രതിനിധി എം സുശീൽ, ശുചിത്വ മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ഫിലിപ്പ് ജോസഫ്, ശുചിത്വ മിഷൻ പ്രോഗ്രാം ഓഫീസർ നോബിൾ സേവ്യർ ജോസ്, 34 പഞ്ചായത്തുകളിലെയും 4 മുനിസിപ്പാലിറ്റികളിലെയും ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
 
 
പ്രധാന വാർത്തകൾ
 Top