കട്ടപ്പന
അറ്റകുറ്റപ്പണികൾക്കിടെ ട്രാൻസ്ഫോമറിൽനിന്ന് വൈദ്യുതാഘാതമേറ്റ് നിലത്തുവീണ കെഎസ്ഇബി ജീവനക്കാരന് രക്ഷകരായി കനിവ് 108 ആംബുലൻസ് ജീവനക്കാർ. വെള്ളിയാഴ്ച ഉച്ചയോടെ കട്ടപ്പന വാഴവരയിലാണ് സംഭവം. കെ ഫോണുമായി ബന്ധപ്പെട്ട ജോലികൾക്കിടെയാണ് ലൈൻമാനായ ചെറുതോണി സ്വദേശി അലിയാർക്ക്(50) വൈദ്യുതാഘാതമേൽക്കുന്നത്. വൈദ്യുതാഘാതമേറ്റ അലിയാർ നിലത്തുവീണു. ഇതേസമയം ഇതുവഴി മറ്റൊരു ട്രിപ്പ് കഴിഞ്ഞു തിരികെ പോകുകയായിരുന്ന കട്ടപ്പന 108 ആംബുലൻസ് ഡ്രൈവർ ഷിനാസ് രാജൻ, എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ അനൂപ് ജോർജ് എന്നിവർ സംഭവം കാണുകയും ഉടൻതന്നെ ആംബുലൻസ് നിർത്തി അലിയാർക്ക് വേണ്ട വൈദ്യസഹായം ഒരുക്കുകയും ചെയ്തു. അലിയാർക്ക് ഹൃദയാഘാതം ഉണ്ടായതായി മനസ്സിലാക്കിയ എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ അനൂപ് ജോർജ് ഉടൻതന്നെ പ്രഥമ ശുശ്രൂഷ നൽകി ജീവൻ നിലനിർത്തി. അലിയാരുടെ ആരോഗ്യനില മെച്ചപ്പെട്ടുവെന്ന് ഉറപ്പാക്കിയ ശേഷം അദ്ദേഹത്തെ ആംബുലൻസിൽ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
വൈദ്യുതാഘാതത്തിൽ അലിയാരുടെ ശരീരത്തിൽ പൊള്ളൽ ഏറ്റിട്ടുണ്ടെങ്കിലും ഇത് ഗുരുതരമല്ലെന്നും നിരീക്ഷണത്തിന് ശേഷം ആശുപത്രി വിട്ടതായും ആശുപത്രി അധികൃതർ അറിയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..