26 June Wednesday

പ്രളയം തകർത്ത റോഡിന്റെ നിർമാണം ഇഴയുന്നു

വെബ് ഡെസ്‌ക്‌Updated: Wednesday May 22, 2019
മൂന്നാർ
പ്രളയത്തിൽ തകർന്ന റോഡിന്റെ നിർമാണം കരാറുകാരന്റെ അനാസ്ഥമൂലം ഇഴയുന്നു. മൂന്നാർ‐ ടോപ്പ് സ്റ്റേഷൻ റോഡിൽ ഫോട്ടോ പോയിന്റിന‌് സമീപമുള്ള വളവിലാണ് അപകട ഭീഷണി നിലനിൽക്കുന്നത്.
കഴിഞ്ഞ ആഗസ്തിലുണ്ടായ മഹാപ്രളയത്തിൽ മണ്ണിടിഞ്ഞ് കലുങ്ക്‌ തകരുകയും ഭാഗികമായി റോഡ് തകരുകയും ചെയ്തു. പൊതുമരാമത്ത് വകുപ്പ് അറ്റകുറ്റപ്പണികൾ നടത്തി ഒരു വാഹനത്തിന‌് പോകാവുന്ന വിധം  ഇരുമ്പ് ഗർഡർ സ്ഥാപിച്ച് താൽക്കാലിക സംവിധാനം ഏർപ്പെടുത്തി. എന്നാൽ, ടൂറിസ്റ്റ് കേന്ദ്രങ്ങളായ മാട്ടുപ്പെട്ടി, കുണ്ടള, ടോപ് സ്റ്റേഷൻ തുടങ്ങിയ സ്ഥലങ്ങളിലേക്ക് വിനോദ സഞ്ചാരികളുമായി എത്തുന്ന വാഹനങ്ങൾ, തടി കയറ്റി വരുന്ന ലോറികൾ, യാത്രക്കാരുമായി പോകുന്ന ബസുകൾ ഉൾപ്പെടെ നൂറ്കണക്കിന് വാഹനങ്ങളാണ് ദിവസവും ഇതുവഴി പോകുന്നത്. ജനങ്ങളുടെ നിരന്തര  സമ്മർദത്തെ തുടർന്ന് കലുങ്ക് നിർമിച്ച് റോഡ് സഞ്ചാരയോഗ്യമാക്കുന്നതിനുള്ള നടപടിയുടെ ഭാഗമായി കരാറുകാരനെ ചുമതലപ്പെടുത്തി പ്രാരംഭ പണികൾ തുടങ്ങുകയും ചെയ്തു. 
എന്നാൽ, റോഡിന് ഒരു വശത്ത് ചുരുക്കം ചില പണികൾ മാത്രമാണ് നടത്തിയിട്ടുള്ളത്. ബാക്കിയുള്ള പണികൾ കരാറുകാരൻ ഉപേക്ഷിച്ച മട്ടാണ്. കാലവർഷം ആരംഭിക്കുന്നതോടെ റോഡിന്റെ സ്ഥിതി കൂടുതൽ വഷളാകും. വിനോദ സഞ്ചാര കേന്ദ്രങ്ങൾ സന്ദർശിച്ച് രാത്രിയിൽ മടങ്ങുന്ന വാഹനങ്ങൾ അപകടത്തിൽപ്പെടാനും ഗതാഗതം തടസ്സപ്പെടാനും സാധ്യതയുണ്ട‌്.
പ്രധാന വാർത്തകൾ
 Top