15 November Friday

ഭൂമി പതിവ്‌ ചട്ടങ്ങളിൽ ഭേദഗതി വരുത്തുക

വെബ് ഡെസ്‌ക്‌Updated: Monday Oct 21, 2019

 

 
അടിമാലി
1964ലെ ഭൂമി പതിവ്‌ ചട്ടങ്ങളിൽ ആവശ്യമായ ഭേദഗതി വരുത്തണമെന്ന്‌ സിഐടിയു ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. യുഡിഎഫ്‌ സർക്കാരിന്റെ കാലത്ത്‌ ഏർപ്പെടുത്തിയ നിയന്ത്രണം കാരണം നിർമാണമേഖല സ്തംഭനാവസ്ഥയിലാണ്‌.
വികസന പ്രവർത്തനങ്ങൾക്കും ടൂറിസം മേഖലയിലും തടസ്സം നേരിടുന്നു. ഇത്‌ രൂക്ഷമാക്കുന്ന തരത്തിലാണ്‌ പുതിയ ഉത്തരവ്‌. പിന്നീട്‌ എട്ട്‌ വില്ലേജുകൾക്ക്‌ മാത്രമായി ചുരുക്കിയത്‌ പൊതുവെ സ്വാഗതം ചെയ്യുന്നുവെങ്കിലും മറ്റ്‌ പ്രദേശങ്ങൾക്ക്‌ ബാധകമല്ലാത്ത നിയമവ്യവസ്ഥകൾ അടിച്ചേൽപ്പിക്കുന്നത്‌ ന്യായമല്ലാത്ത കാര്യമാണ്‌. 
നിയന്ത്രണമേർപ്പെടുത്തിയിരിക്കുന്ന കെഡിഎച്ച്‌, ആനവിരട്ടി, പള്ളിവാസൽ, വെള്ളത്തൂവൽ, ചിന്നക്കനാൽ, ശാന്തൻപാറ, ആനവിലാസം, ബൈസൺവാലി എന്നീ വില്ലേജുകളിൽ കെഡിഎച്ച്‌ മുഴുവനായും പള്ളിവാസൽ, ചിന്നക്കനാൽ എന്നിവ ഭാഗികമായും തോട്ടം മേഖലയും ബാക്കിയുള്ളവ കാർഷിക മേഖലയുമാണ്‌.
കൃഷിയിൽ വലിയ നഷ്ടമുണ്ടാകുന്ന സാഹചര്യത്തിൽ കൃഷിയല്ലാതെ മറ്റ്‌ മാർഗങ്ങളും തേടേണ്ടി വരുന്നു. നിരവധി കുടുംബങ്ങളാണ്‌ പട്ടയമില്ലാത്ത വസ്‌തുവിൽ കൃഷി ചെയ്‌തും വീടുവച്ചും താമസിക്കുന്നത്‌. ഈ സാഹചര്യത്തിൽ ഭൂമി പതിവ്‌ ചട്ടത്തിൽ ഭേദഗതി വരുത്തി കർഷക തൊഴിലാളി താൽപര്യം സംരക്ഷിക്കുന്നതിനും വർഷങ്ങളായി പട്ടയത്തിനായി കാത്തിരിക്കുന്നവർക്ക്‌ ഉപാധിരഹിത പട്ടയം നൽകാനും വട്ടവട, കൊട്ടാക്കാമ്പൂർ മേഖലകളിലെ മരംമുറി ഉൾപ്പെടെയുള്ള പ്രശ്‌നത്തിന്‌ പരിഹാരം കാണാനും നടപടിസ്വീകരിക്കണമെന്ന്‌ സമ്മേളനം ആവശ്യപ്പെട്ടു.
 
 
പ്രധാന വാർത്തകൾ
 Top