20 March Wednesday

'വീട് വൃത്തിയാക്കാനുണ്ടോ.. ഞങ്ങൾ റെഡി'

വെബ് ഡെസ്‌ക്‌Updated: Tuesday Aug 21, 2018

 തൊടുപുഴ 

വീടൊന്ന് വൃത്തിയാക്കിയിടണമെന്ന് അമ്മ വല്ലപ്പോഴും ആവശ്യപ്പെട്ടാൽ ഒഴിവുകഴിവ് പറയുന്ന മക്കളാണോ ഒരു ഫോൺവിളി കേട്ടതോടെ ശുചീകരണത്തൊഴിലാളികളായി മാറുന്നതെന്ന് അധ്യാപകർ അത്ഭുതം കൂറി. തൊടുപുഴ മിനി സിവിൽ സറ്റേഷനിൽ പ്രവർത്തിക്കുന്ന ദുരന്തനിവാരണകേന്ദ്രത്തിൽനിന്ന് അധികൃതരുടെ അഭ്യർഥന വന്നപ്പോൾ  എ പി ജെ അബ്ദുൾകലാം ഹയർ സെക്കൻഡറി സ്കൂളിലെ 30 അംഗ സംഘമാണ് പുഴയോരത്തെ വീട് ശുചിയാക്കാൻ മുന്നിട്ടിറങ്ങിയത്. 
 
 
  തൊടുപുഴ മൂപ്പിൽകടവ് പാലം കഴിഞ്ഞ‌് വലത്തോട്ട് തിരിയുന്ന ചെറിയ റോഡരികിൽ സർക്കാർ സഹായത്തോടെ 'വാംബെ' പദ്ധതി പ്രകാരം പണിത പണിതീരാത്ത വീടാണ് കുട്ടികൾ സംഘം ചേർന്ന് വൃത്തിയാക്കിയത്. തൊടുപുഴയാർ കവിഞ്ഞ് വീട്ടിൽ വെള്ളം കയറാൻ തുടങ്ങിയതോടെ വീട്ടുടമ പുളിക്കൽ മുരളീധരൻ തൊടുപുഴ ഡയറ്റ് സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറിയിരുന്നു. പ്രകൃതി കലിതുള്ളിത്തുടങ്ങുന്നതിനുമുമ്പേ ഹൈറേഞ്ചിലെ ബന്ധുവീട്ടിലേക്ക് യാത്രപോയ ഭാര്യക്ക് മടങ്ങിയെത്താൻ കഴിഞ്ഞിരുന്നില്ല. 
  അഭിജിത് ജയരാജ്, അതുൽ റെജി ജോസഫ് എന്നിവരുടെ നേതൃത്വത്തിൽ എൻഎസ്എസ്, സ്കൗട്ട് ആൻഡ് ഗൈഡ്സ്  വിഭാഗത്തിലെ കുട്ടികളാണ് ശുചീകരണത്തിലേർപ്പെട്ടത്. നാലുദിവസമായി അടഞ്ഞുകിടന്ന വീട്ടിനുള്ളിൽ ക്ഷുദ്രജീവികൾ താമസമുറപ്പിച്ചിരുന്നു. അവയെ തുരത്തി തൊട്ടടുത്ത വീട്ടിലെ കിണറ്റിൽനിന്ന് വെള്ളമെടുത്ത് കുട്ടികൾ വീടിന്റെ തറയും ഭിത്തിയും ഫർണിച്ചറുകളും കഴുകി വൃത്തിയാക്കി. ചെളിവെള്ളം കയറി അലങ്കോലമായ വീട്ടുമുറ്റവും ശുചിയാക്കി. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ കെ കെ കനകമ്മ, സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ക്യാപ്ടൻ ജിംജുമോൾ ജേക്കബ്, അധ്യാപകരായ ജിഷ ജോസഫ്, വി എൻ സുരേഷ്, റെജി വർഗീസ് എന്നിവരുടെ നേതൃത്വത്തിലായിരുന്ന ശുചീകരണം. പ്രളയജലമൊഴിഞ്ഞെങ്കിലും വൃത്തിഹീനമായിക്കിടക്കുന്ന വീടുകൾ താമസയോഗ്യമാക്കാനുള്ള ദൗത്യം ഏറ്റെടുക്കാൻ തയ്യറാണെന്ന് അധികൃതരെ അറിയിച്ചിരുന്നതായി സ്കൂൾ പ്രിൻസിപ്പൽ യു എൻ പ്രകാശ് പറഞ്ഞു. 
  എൻഎസ്എസിലും സ്കൗട്ട് ആൻഡ് ഗൈഡ്സിലും അംഗങ്ങളായ 150 കുട്ടികൾ അവരുടെ വീടുകളിൽനിന്ന് പ്രളയബാധിതരെ സഹായിക്കാൻ പണവും ഭക്ഷ്യവസ്തുക്കളും ശേഖരിച്ചിരുന്നു. പിരിഞ്ഞുകിട്ടിയ 25,000ത്തോളം രൂപ ഉപയോഗിച്ച് അവർ പ്രധാനമായും ദുരിതാശ്വാസകേന്ദ്രങ്ങളിലെ സ്ത്രീകൾക്കുള്ള വിവിധ വസ്ത്രങ്ങളാണ് വാങ്ങിയത്. അവ തൊടുപുഴ ജനമൈത്രി പൊലീസ് സ്റ്റേഷനിലെത്തിച്ചു. ഓണാവധി കഴിഞ്ഞ് സ്കൂൾ തുറക്കുമ്പോൾ മുഴുവൻ കുട്ടികളും അവരുടെ സംഭാവനകളുമായെത്തുമെന്ന് പ്രിൻസിപ്പൽ പറഞ്ഞു. ഒരുലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകാനാണ് തീരുമാനം. 
  മാലിന്യകേന്ദ്രങ്ങളായി മാറിയ തൊടുപുഴയിലെയും പരിസരത്തെയും വീടുകൾ വൃത്തിയാക്കി നൽകാൻ  അധികൃതരുടെ വിളികാത്ത് മുൻ രാഷ്ട്രപതിയുടെ പേരിൽ അറിയപ്പെടുന്ന സ്കൂളിലെ കുട്ടികൾ വരും ദിവസങ്ങളിലും സജ്ജരായിരിക്കും. സ്കൂൾ കോമ്പൗണ്ടിൽ തങ്ങൾതന്നെ കൃഷിചെയ്ത കപ്പ പാകപ്പെടുത്തിക്കഴിച്ച് സേവനസന്നദ്ധരായി കാത്തിരിക്കുന്ന ഈ യൗവനം നാടിന്റെ ഈടുവയ്പുകളിലൊന്നാവുകയാണ്.
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top