03 June Wednesday
ജനങ്ങൾ വികസനത്തിനൊപ്പം

ജോയ്സ് ജോർജ് ഉജ്വല വിജയം നേടും: എൽഡിഎഫ്

വെബ് ഡെസ്‌ക്‌Updated: Sunday Apr 21, 2019

  

ചെറുതോണി
മണ്ഡലത്തിലെ ജനങ്ങൾ ഒന്നാകെ വികസനത്തിനൊപ്പമാണെന്നും അഡ്വ. ജോയ്സ് ജോർജ് ഉജ്വല വിജയം നേടുമെന്നും എൽഡിഎഫ് പാർലമെന്റ‌് മണ്ഡലം കമ്മിറ്റി ഭാരവാഹികളായ കെ കെ ശിവരാമൻ, ഗോപി കോട്ടമുറിക്കൽ, കെ കെ ജയചന്ദ്രൻ എന്നിവർ വാർത്താകുറിപ്പിൽ പറഞ്ഞു. നാടിന്റെ വളർച്ചയും പുരോഗതിയുമാണ് ജനങ്ങൾ ആഗ്രഹിക്കുന്നത്. ദീർഘവീക്ഷണത്തോടെയുള്ള കേന്ദ്രാവിഷ്കൃത പദ്ധതികൾ ആവിഷ്കരിക്കാനും നടപ്പാക്കാനും കഴിവും കരുത്തുമുള്ള ജോയ്സ് ജോർജ് ജയിച്ച് വരണമെന്നാണ് ജനങ്ങൾ ആഗ്രഹിക്കുന്നത്. പാർലമെന്ററി രംഗത്തും വികസനരംഗത്തും കഴിവും മികവും തെളിയിച്ചുകഴിഞ്ഞ ജോയ്സ് ജോർജിന് വലിയ സ്വീകാര്യതയാണ് തെരഞ്ഞെടുപ്പ് രംഗത്ത് ഉടനീളം ലഭിച്ചത്. 
   സ്വീകരണ കേന്ദ്രങ്ങളിലെ വർധിച്ച ജനപങ്കാളിത്തവും വനിതാ‌‌‌, യുവജന പാർലമെന്റുകളിലെ ജനസഞ്ചയവും ഇതാണ് സൂചിപ്പിക്കുന്നത്. അഞ്ച് വർഷത്തെ കഠിനാധ്വാനത്തിനും മണ്ഡലത്തിൽ സ്ഥിരം സാന്നിധ്യമായി നിറഞ്ഞുനിന്ന് പ്രവർത്തിച്ചതിനും ജോയ്സ് ജോർജിന് മഹാവിജയം സമ്മാനിക്കാൻ ജനങ്ങൾ ഒരുങ്ങിക്കഴിഞ്ഞു. മന്ത്രി എം എം മണിയുടെ നേതൃത്വവും മുഴുവൻ സമയ സാന്നിധ്യവും മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് കൂടുതൽ കരുത്ത് പകരുകയും ചെയ്തിരുന്നു. 
ഒട്ടേറെ പുതിയ ജനവിഭാഗങ്ങൾ എൽഡിഎഫിന് ഒപ്പം അണിചേർന്നുകഴിഞ്ഞു. മൗലിക അവകാശങ്ങളും മതസ്വാതന്ത്ര്യവും നിലനിൽക്കണമെങ്കിൽ ഇടതുപക്ഷം ശക്തിപ്പെടണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നു. ഇടതുപക്ഷത്തിന് ശക്തമായ സ്വാധീനമുള്ള മതേതര സർക്കാരാണ് ഉണ്ടാകേണ്ടതെന്നും പൊതുസമൂഹം ആഹ്രഹിക്കുന്നു. ക്ഷേമപദ്ധതികളും വികസന പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുന്ന എൽഡിഎഫ് സർക്കാരിന് തെരഞ്ഞെടുപ്പിലൂടെ പിന്തുണ നൽകാനും ജനങ്ങൾ മുന്നോട്ട് വരികയാണെന്ന് ഭാരവാഹികൾ പറഞ്ഞു.
കർഷകർക്കെതിരായി ആസിയാൻ കരാറും സ്വതന്ത്ര്യ വ്യാപാര കരാറുകളും കൊണ്ടുവന്നതും ഉപാധികളോടുകൂടി പട്ടയം നൽകിയ കാര്യവും ജനങ്ങൾ മറന്നിട്ടില്ല. ഗാഡ്ഗിൽ–- കസ്തൂരിരംഗൻ റിപ്പോർട്ടുകൾ ജനങ്ങൾക്കുമേൽ അടിച്ചേൽപ്പിച്ചവർ ഇപ്പോൾ നടത്തുന്ന ജൽപനങ്ങൾക്ക് ജനങ്ങൾ തെരഞ്ഞെടുപ്പിൽ മറുപടി നൽകും.
വ്യാജപ്രചരണങ്ങൾകൊണ്ടും നുണകൾകൊണ്ടും സമ്മതിദായകരെ തെറ്റിദ്ധരിപ്പിക്കാനുള്ള യുഡിഎഫ് നീക്കങ്ങൾ പൊളിഞ്ഞു. വീണ്ടും തെരഞ്ഞെടുക്കപ്പെടുന്നതിലൂടെ എൽഡിഎഫ് സ്ഥാനാർഥി മുന്നോട്ടുവച്ചിട്ടുള്ള വികസന പദ്ധതികളും ജനങ്ങൾ ചർച്ച ചെയ്യുന്നുണ്ട്. എയർ സ്ട്രിപ്പും മലയോര റെയിൽവേയും ശബരി റെയിലും മലങ്കര-–- മൂവാറ്റുപുഴ‐ വൈക്കം ജലപാതയും കൊച്ചി–- ധനുഷ‌്‌കോടി നാലുവരി പാതയും ജനങ്ങൾ ചർച്ചയ‌്ക്കെടുത്തിട്ടുണ്ട്. 
ഇക്കാര്യങ്ങളൊക്കെ നടപ്പാക്കുന്നതിന് എൽഡിഎഫിന്റെ ശക്തമായ പിന്തുണ ജോയ്സ് ജോർജിന് ഉണ്ട്. മണ്ഡലത്തിൽ ഉടനീളം എൽഡിഎഫിന് അനുകൂലമായുള്ള രാഷ്ട്രീയ സാഹചര്യത്തെ പ്രയോജനപ്പെടുത്തി തുടർ പ്രവർത്തനങ്ങളിൽ എൽഡിഎഫ് പ്രവർത്തകർ പൂർണ ജാഗ്രത പുലർത്തണമെന്നും നേതാക്കൾ അഭ്യർഥിച്ചു. തെരഞ്ഞെടുപ്പിന്റെ ആരംഭം മുതൽ ഒന്നര മാസക്കാലം എൽഡിഎഫ് പാർലമെന്റ‌് മണ്ഡലം കമ്മിറ്റി മുതൽ ബൂത്ത്തലം വരെ നടത്തിയിട്ടുള്ള ചിട്ടയായ പ്രവർത്തനം തിളക്കമാർന്ന വിജയത്തിന് ശക്തി പകരുമെന്നും നേതാക്കൾ വ്യക്തമാക്കി.
പ്രധാന വാർത്തകൾ
 Top