12 December Thursday

കൈവശഭൂമിക്ക്‌ ഉപാധിരഹിത പട്ടയം നല്‍കണം: ആദിവാസി കര്‍ഷകസംരക്ഷണ സമിതി

വെബ് ഡെസ്‌ക്‌Updated: Wednesday Nov 20, 2019
തൊടുപുഴ
ആദിവാസി കർഷകസംരക്ഷണ സമിതി നേതൃത്വത്തിൽ കരിമണ്ണൂർ ഭൂമിപതിവ്  ഓഫീസിനു മുന്നിൽ വ്യാഴാഴ്ച സത്യഗ്രഹം നടത്തുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 1977ന് മുമ്പ്‌ വനഭൂമി കൈവശം വച്ചിരിക്കുന്ന വിവിധ വിഭാഗങ്ങളുടെ കൈവശഭൂമിക്ക്‌ ഉപാധിരഹിത പട്ടയം നൽകുമ്പോഴാണ്‌ ആദിവാസികളെ അവഗണിക്കുന്നത്‌. പട്ടയം നൽകാതെ തൊടുപുഴ താലൂക്കിലെ ഉടുമ്പന്നൂർ, വെള്ളിയാമറ്റം, അറക്കുളം വില്ലേജുകൾ ഒഴിവാക്കി. എന്നാൽ വണ്ണപ്പുറം, പെരുങ്കാല, പട്ടയക്കുടി എന്നിവിടങ്ങളിലെ ആദിവാസികളുടെ കൈവശഭൂമിക്ക്‌ പട്ടയം നൽകിയത് ഉദ്യോഗസ്ഥരുടെ താൽപര്യങ്ങൾക്കനുസരിച്ചാണ‌്.
   മൂന്ന് വില്ലേജുകളിൽനിന്നായി 6852 പേരാണ് പട്ടയത്തിന‌് അപേക്ഷിച്ചത്. വനംവകുപ്പ് ഭൂമിയിൽ പരിശോധന നടത്തി കൃഷിയുടെ വിവരങ്ങളും മരങ്ങളുടെ എണ്ണവും വണ്ണവും രേഖപ്പെടുത്തിയിരുന്നു. പട്ടയം നൽകുന്നതിന് ലിസ്റ്റ് ചെയ്യാനെന്നാണ് അറിയിച്ചത്. എന്നാൽ, ആദിവാസികളെ ഒഴിവാക്കി ഇതര വിഭാഗക്കാരുടെ പട്ടിക തയ്യാറാക്കി പട്ടയം നൽകാനാണ‌് ഉദ്യോഗസ്ഥതലത്തിൽ ശ്രമിക്കുന്നത‌്. ആദിവാസികളുടെ ഭൂമിയിൽ സംയുക്ത പരിശോധന നടത്തിയിട്ടില്ലെന്നു പറഞ്ഞും പട്ടയം നിഷേധിക്കുകയാണ‌്.
എന്നാൽ, സംയുക്ത പരിശോധന നടത്തിയതിന‌് രേഖയുണ്ട‌്. പട്ടയം ലഭ്യമാക്കാൻ മന്ത്രിയുടെയും വകുപ്പുതലവന്മാരുടെയും യോഗം കലക്ടറോട‌് നിർദേശിച്ചിരുന്നു. ഈ റിപ്പോർട്ട‌് നൽകിയതായാണ‌് വിവരം. കരിമണ്ണൂർ ഭൂമിപതിവ‌് ഓഫീസിന‌് കീഴിലുള്ള കൈവശഭൂമികൾ ജണ്ടയ‌്ക്ക‌് വെളിയിലുള്ളതാണ്‌. വകുപ്പുകളുടെ സംയുക്ത പരിശോധനയിൽ മറ്റു തർക്കങ്ങളില്ലാത്തതിനാൽ വസ‌്തുനിഷ‌്ഠമായ റിപ്പോർട്ട‌് നൽകിയാൽ സർക്കാരിന‌് പട്ടയം നൽകാൻ കഴിയും. എന്നാൽ, സർക്കാരിനെ വെട്ടിലാക്കാനും ജനങ്ങളിൽ വിരോധമുണ്ടാക്കാനുമാണ‌് ഒരു വിഭാഗം ഉദ്യോഗസ്ഥർ ശ്രമിക്കുന്നത‌്. ഇത്തരം ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും സമിതി ആവശ്യപ്പെട്ടു. കൺവീനർ ഇ കെ രാജപ്പൻ, ഒ എൻ സദാശിവൻ, എം എ ശശി, കെ ഇ ദാമോദരൻ, ബിജിഷ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
പ്രധാന വാർത്തകൾ
 Top