23 November Saturday

എൽഡിഎഫ് സർക്കാരിനെ ശക്തിപ്പെടുത്തുക: സിഐടിയു

വെബ് ഡെസ്‌ക്‌Updated: Sunday Oct 20, 2019
അടിമാലി
എൽഡിഎഫ്‌ സർക്കാരിനെ ശക്തിപ്പെടുത്താനും സംരക്ഷിക്കാനും തൊഴിലാളികളോടും ജനങ്ങളോടും സിഐടിയു ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. രാജ്യത്ത്‌ ഇടതുപക്ഷത്തിന്റെ നേതൃത്വത്തിലുള്ള ഏക സർക്കാരിനെ ഇല്ലാതാക്കാനുള്ള നീക്കങ്ങളെ ചെറുത്തുതോൽപ്പിക്കണം. മറ്റൊരു സർക്കാരിനും അവകാശപ്പെടാൻ കഴിയാത്തവിധം നൽകിയ വാഗ്ദാനങ്ങളെല്ലാം പാലിക്കാൻ ഈ സർക്കാരിന് സാധിച്ചു. 
 സാമൂഹ്യപെൻഷൻ ലക്ഷക്കണക്കിന് കുടുംബങ്ങൾക്ക് പ്രയോജനമായി. ലൈഫ് പദ്ധതിയിൽ 36,000 വീടുകൾ പൂർത്തീകരിച്ചു. പതിനായിരക്കണക്കിന് വീടുകൾ പൂർത്തീകരണ ഘട്ടത്തിലാണ്. വിദ്യാഭ്യാസരംഗവും അക്കാദമിക് രംഗവും   അടിസ്ഥാന വികസന രംഗവും  ലോകനിലവാരത്തിലേക്ക് ഉയർന്നിരിക്കുന്നു. ആർദ്രം പദ്ധതിയിലൂടെ പൊതുജനാരോഗ്യ രംഗത്തും വൻ കുതിപ്പാണ് ഉണ്ടായത്. വികസനരംഗത്തുണ്ടായ മുന്നേറ്റവും വളരെ വലുതാണ്. അപ്രായോഗികമെന്ന്‌ കരുതി ഉപേക്ഷിച്ച ഗെയിൽ പദ്ധതി ഉൾപ്പെടെ ഏറ്റെടുത്ത് പൂർത്തീകരിക്കുകയാണ്‌. ദേശീയപാതാ വികസനം നടപ്പാക്കുമെന്ന മുഖ്യമന്ത്രിയുടെ ദൃഢനിശ്ചയം കേന്ദ്രമന്ത്രിവരെ അംഗീകരിച്ചു.
 പൊതുമേഖലാ സ്ഥാപനങ്ങൾ ഓരോന്നായി ലാഭത്തിൽ എത്തിച്ചു. കേരള ബാങ്കും സർക്കാരിന്റെ തൊപ്പിയിലെ പൊൻതൂവലാണ്‌. ഓഖി, നിപ, രണ്ടു പ്രളയങ്ങൾ എന്നിവ ഉയർത്തിയ സാമ്പത്തികവും മറ്റു തരത്തിലുള്ള പ്രതിബന്ധങ്ങളും നേരിട്ടാണ് നേട്ടങ്ങളെല്ലാം കൈവരിച്ചത്. സർക്കാരിനെ തകർക്കാൻ നടക്കുന്ന നീക്കങ്ങളെയെല്ലാം ഗൗരവമായി കാണേണ്ടതുണ്ട്. യുഡിഎഫ്,- ബിജെപി, സാമുദായിക സംഘടനകൾ എന്നിവയും സർക്കാരിനെ കടന്നാക്രമിക്കാൻ ശ്രമിക്കുന്നു. വികസനവിരോധികളായ മാധ്യമങ്ങൾ പണംവാങ്ങി സംഘടിതമായി വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നുണ്ട്‌. കേന്ദ്ര സർക്കാരിന്റെ സാമ്പത്തികമായി ഞെരുക്കിക്കൊണ്ടുള്ള ഇടപെടലുകളെ അതിജീവിച്ചാണ്‌ സർക്കാരിന് മുന്നോട്ടുപോകേണ്ടത്‌. എൽഡിഎഫ്‌ സർക്കാർ രാജ്യത്തെ രാഷ്ട്രീയ ബദലാണ്. ഈ സർക്കാരിനെ കണ്ണിലെ കൃഷ്ണമണിപോലെ സംരക്ഷിക്കാനും സമ്മേളനം ആഹ്വാനം ചെയ്തു. 
പ്രധാന വാർത്തകൾ
 Top