22 October Tuesday

തേക്കടി ടൂറിസം: റിലേ ഉപവാസം അവസാനിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Sep 20, 2019
കുമളി
തേക്കടി ടൂറിസം പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട‌് മോട്ടോർ തൊഴിലാളി സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ കഴിഞ്ഞ 46 ദിവസങ്ങളായി തേക്കടി ചെക്ക്‌പോസ‌്റ്റ‌് പടിക്കൽ നടത്തിവന്ന റിലേ ഉപവാസം അവസാനിപ്പിച്ചു. വ്യാഴാഴ്ച കലക്ടറുടെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിൽ സമരസമിതി ഉന്നയിച്ച ഏതാനും ആവശ്യങ്ങൾ അംഗീകരിച്ചതോടെയാണ‌് സമരം അവസാനിപ്പിച്ചത‌്.
തേക്കടി ആനവച്ചാൽ പാർക്കിങ‌് ഗ്രൗണ്ടിൽ ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ ടാക‌്സി കൗണ്ടർ ആരംഭിക്കാൻ ചർച്ചയിൽ തീരുമാനമായി. കൂടാതെ കുമളി നിവാസികൾക്ക‌് തേക്കടിയിലേക്ക‌് ഇരുചക്ര വാഹനങ്ങളിൽ പോകുന്നതിനും വനംവകുപ്പിന്റെ വാഹനങ്ങളിൽ തേക്കടിയിലേക്കുള്ള യാത്രയിൽ ഇടയ്‌ക്ക‌് ഇറങ്ങാനും കയറാനുമുള്ള സാഹചര്യവും ഉണ്ടാക്കാമെന്നും വനംവകുപ്പ‌് അധികൃതർകൂടി പങ്കെടുത്ത യോഗത്തിൽ തീരുമാനമായി. ഇതിനെ തുടർന്നാണ‌് സമരം അവസാനിപ്പിച്ചത‌്. 
 സിഐടിയു, ഐഎൻടിയുസി, എഐടിയുസി എന്നിവയുടെ നേതൃത്വത്തിലുള്ള മോട്ടോർ തൊഴിലാളി സംയുക്ത സമരസമിതിയുടെ നേതൃത്വത്തിലാണ‌് ഉപവാസം നടന്നത‌്. വിവിധ രാഷ‌്ട്രീയ പാർടികളുടെ ജില്ലാ നേതാക്കൾ, എംപി, എംഎൽഎ, ജനപ്രതിനിധികൾ തുടങ്ങിയവർ സമരത്തിന‌് ഐക്യദാർഢ്യവുമായി എത്തിയിരുന്നു.
 ആനവച്ചാലിൽ സ്വകാര്യ വാഹനങ്ങൾക്കും ശബരിമല തീർഥാടകരുടെ വാഹനങ്ങളും പാർക്ക‌് ചെയ്യാൻ അനുമതി നൽകുക, വിനോദ സഞ്ചാര പരിപാടികൾ തകർക്കാനുള്ള വനംവകുപ്പ‌് നീക്കം ഉപേക്ഷിക്കുക തുടങ്ങിയ വിവിധ വിഷയങ്ങൾ ഉയർത്തിയാണ‌് സമരം ആരംഭിച്ചത‌്. ഇതര വിഷയങ്ങളുമായി ബന്ധപ്പെട്ട‌് മന്ത്രിതല ചർച്ച 24ന‌് നടക്കുമെന്നും സമര സമിതി നേതാക്കൾ അറിയിച്ചു. കലക‌്ടർ എച്ച‌് ദിനേശിനെ കൂടാതെ ഇ എസ‌് ബിജിമോൾ എംഎൽഎ, സമര സമിതി നേതാക്കളായ കെ ജെ ദേവസ്യാ, ബിജു ദാനിയേൽ, വി കെ ബാബുക്കുട്ടി എന്നിവരും ചർച്ചയിൽ പങ്കെടുത്തു.
 
 
പ്രധാന വാർത്തകൾ
 Top