01 April Wednesday

ട്രാക്കിൽ തിളങ്ങിയ അസ്മക്ക് ഇനി സർക്കാർ സർവീസിൽ തിളങ്ങാം

വെബ് ഡെസ്‌ക്‌Updated: Thursday Feb 20, 2020
 
അടിമാലി
സർക്കാർ ജോലിയിൽ നിയമിച്ചുള്ള ഉത്തരവ് മുഖ്യമന്ത്രി പിണറായി വിജയൻ കൈമാറുമ്പോൾ അസ്മയുടെ ജീവിതത്തിനു സമ്മാനിക്കുന്നത്‌ പുതുനിറങ്ങൾ.  ട്രാക്കിൽ തിളങ്ങിയ അസ്മയെ ഇനി സർക്കാർ സർവീസിന്റെ ട്രാക്കുകളാണ്‌ കാത്തിരിക്കുന്നത്‌. 
കായികതാരങ്ങളുടെ മുടങ്ങിക്കിടന്ന നിയമനം വർഷങ്ങൾക്ക് ശേഷം ലഭിക്കുമ്പോൾ അത്‌ തന്റെ കുടുംബത്തിനുള്ള വലിയ പിന്തുണയാണെന്ന്‌ അസ്മ പറയുന്നു. ഉമ്മ കൂലിപ്പണിയെടുത്താണ് അസ്മയെയും സഹോദരങ്ങളെയും പഠിപ്പിച്ചതും വളർത്തിയതും. ജോലി കിട്ടിയതിൽ ഉമ്മയും സഹോദരങ്ങളും ഏറെ സന്തുഷ്ടരാണ്‌. 
വെള്ളത്തൂവൽ സർക്കാർ സ്‌കൂളിൽ പഠിക്കുമ്പോഴാണ് അസ്മ കായിക രംഗത്ത്‌ എത്തുന്നത്. ഓൾ ഇന്ത്യ ഇന്റർ യൂണിവേഴ്‌സിറ്റി ക്രോസ്‌‌കൺട്രി മത്സരത്തിൽ അസ്മ രണ്ടുവട്ടം സ്വർണമെഡൽ ജേതാവായി. 800,1500 മീറ്ററിലും  സംസ്ഥാനതലത്തിൽ നിരവധി മെഡലുകൾ നേടിയ അസ്മ പലവട്ടം നാഷണൽ മീറ്റുകളിലും പങ്കെടുത്തു.
എട്ട-ാം ക്ലാസുമുതൽ തിരുവനന്തപുരം ജി വി രാജാ സ്‌പോർട്‌സ് സ്കൂളിലാണ് പഠിച്ചത്. ചങ്ങനാശേരി അസംപ്ഷൻ കോളേജിൽനിന്ന്‌ ബിരുദവും ബിരുദാനന്തര ബിരുദവും പൂർത്തിയാക്കി. നിയമന ഉത്തരവ് വാങ്ങാൻ അസ്മയും കുടുംബവും വ്യാഴാഴ്ച തിരുവനന്തപുരത്തെത്തും. ഭർത്താവ് ഹാരിസ് അസീസ്‌.  മകൾ ഫാത്തിമ.
 
 
പ്രധാന വാർത്തകൾ
 Top