07 July Tuesday
പട്ടയത്തിനായി 16,360 പുതിയ അപേക്ഷകൾ

ഡിസംബറിൽ മെഗാ പട്ടയമേള; നടപടികൾ ദ്രുതഗതിയിൽ

വെബ് ഡെസ്‌ക്‌Updated: Saturday Oct 19, 2019

 ഇടുക്കി

ജില്ലയിലെ അർഹതയുള്ള മുഴുവൻ ആളുകൾക്കും പട്ടയം നൽകാനുള്ള നടപടികളുമായി എൽഡിഎഫ്‌ സർക്കാർ ദ്രുതഗതിയിൽ മുന്നോട്ട്‌. ഡിസംബറിൽ നടക്കുന്ന മെഗാപട്ടയമേളയിൽ 16,000 ത്തിലധികം പേരുടെ അപേക്ഷ സ്വീകരിച്ചുകഴിഞ്ഞു. ഇവർക്ക്‌ പട്ടയം നൽകാനുള്ള ഒരുക്കങ്ങളാണ്‌ പുരോഗമിക്കുന്നത്‌. ഇടുക്കി താലൂക്കിൽ പട്ടയത്തിന്‌ 2049 അപേക്ഷകരാണുള്ളത്‌. ദേവികുളത്താണ്‌ ഏറ്റവും കൂടുതൽ അപേക്ഷകർ. 9800 പേർ. പീരുമേട്ടിൽ 9162 പേരും അപേക്ഷ നൽകിയിട്ടുണ്ട്‌. വില്ലേജ്‌ ഓഫീസുകളിൽ ലഭിച്ച അപേക്ഷകരുടെ രേഖാപരിശോധന  പൂർത്തിയാകുന്നു.  ഭൂമിയുടെ കൈവശരേഖകൾ പരിശോധിക്കും. നവംബർ അവസാനത്തോടെ പരിശോധന പൂർത്തിയാക്കുകയാണ്‌ ലക്ഷ്യം.  
 1964 ലെയും 1993 ലെയും ഭൂവിനിയോഗ നിയമങ്ങൾ അനുസരിച്ചാണ്‌ പട്ടയം നൽകുന്നത്‌. ചെറിയ തടസ്സങ്ങളുന്നയിച്ച്‌ റവന്യൂ അധികൃതർ കഴിഞ്ഞ നാലു പട്ടയമേളകളിലും ദേവികുളം താലൂക്കിലെ ജനങ്ങളെ വലച്ചിരുന്നു. ഇക്കുറി അർഹതയുള്ള പരമാവധി പേർക്ക്‌ പട്ടയം നൽകും. പട്ടയവും ഭൂമിയുടെ സ്‌കെച്ചും സഹിതമാണ്‌ നൽകുന്നത്‌. യുഡിഎഫ്‌ സർക്കാർ ചുമത്തിയ 16 ഉപാധികളും പുതുതായി നൽകുന്ന പട്ടയത്തിന്‌ ബാധകമല്ല.
ഗാഡ്‌ഗിൽ‐ കസ്‌തൂരിരംഗൻ റിപ്പോർട്ടുകൾ അടിച്ചേൽപ്പിച്ചവരും ഉന്നത ഉദ്യോഗസ്ഥവൃന്ദവും ചേർന്നുണ്ടാക്കിയ അന്താരാഷ്ട്ര ഗൂഢാലോചനകളിലൂടെ കർഷകരെ പിറന്നമണ്ണിൽനിന്ന്‌ പുറന്തള്ളാൻ ശ്രമം നടത്തിവരുകയാണ്‌. ഇതിനെയെല്ലാം അതിജീവിക്കുന്ന ജനതയ്‌ക്കൊപ്പമാണ്‌ എൽഡിഎഫ്‌ സർക്കാരെന്ന്‌ തെളിയിക്കുന്നതാവും നാലാമത്തെ പട്ടയമേള.
മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്‌ത്‌ 2017 മെയ്‌ അഞ്ചിന്‌ നടത്തിയ പട്ടയമേളയിൽ 5490 പേർക്കാണ്‌ പട്ടയം നൽകിയത്‌.
 2018 ഫെബ്രുവരിയിൽ ഇരട്ടയാർ, കുമളി, അടിമാലി എന്നിവിടങ്ങളിലായി നടന്ന പട്ടയമേളയിൽ 8864 പേർക്കും പട്ടയം നൽകി. 2019 ജനുവരി 22ന്‌ സംഘടിപ്പിച്ച കുട്ടിക്കാനം പട്ടയമേളയിൽ 6065 പേർക്കാണ്‌ പട്ടയം നൽകിയത്‌. ജില്ലയിലെ ഏലമലക്കാടുകൾ ഉൾപ്പെടെയുള്ള സങ്കീർണ ഭൂപ്രശ്‌നങ്ങൾ അറിയാത്തവരും തൊഴിൽ പരിചയമില്ലാത്തവരുമായ സബ്‌കലക്ടർമാർ മാധ്യമശ്രദ്ധനേടാൻ കുടിയേറ്റ കർഷക ജനതയ്‌ക്ക്‌ ഉപദ്രവകരമായ നിയമങ്ങൾ നടപ്പാക്കാൻ ശ്രമിക്കുകയായിരുന്നു. ഇവർക്ക്‌ കൂട്ടായി കപട പരിസ്ഥിതിവാദികളും നിഗൂഢ താൽപര്യങ്ങളുള്ള ദൃശ്യമാധ്യമങ്ങളും ചേർന്നു. 
പത്തുചെയിൻ പ്രശ്‌നങ്ങൾ പരിഹരിച്ച്‌ പട്ടയം നൽകിയത്‌ മന്ത്രി എം എം മണിയുടെ ഇടപെടലുകളാണ്‌. എംഎൽഎമാരായ എസ്‌ രാജേന്ദ്രൻ, ഇ എസ്‌ ബിജിമോൾ, സിപിഐ എം ജില്ലാ സെക്രട്ടറിയും മുൻ എംഎൽഎയുമായ കെ കെ ജയചന്ദ്രൻ, മുൻ എംപി ജോയ്‌സ്‌ ജോർജ്‌, എൽഡിഎഫ്‌ നേതാക്കൾ എന്നിവരും നിതാന്തജാഗ്രതയോടെയാണ്‌ കുടിയേറ്റ ജനതയുടെ പ്രശ്‌നങ്ങൾ ഏറ്റെടുത്തത്‌. ഇടുക്കി മുൻരൂപതാധ്യക്ഷൻ മാർ. മാത്യു ആനിക്കുഴിക്കാട്ടിലിനെയും ആത്മീയനേതാക്കളെയും അധിക്ഷേപിച്ചതും തെരുവുവാസ സമരത്തിലേക്ക്‌ തള്ളിവിട്ടതും ഉമ്മൻചാണ്ടി സർക്കാരാണ്‌. കോൺഗ്രസ്‌ നേതാക്കൾ പതിവുപോലെ തെരഞ്ഞെടുപ്പാകുമ്പോൾ നടത്തുന്ന കപട കർഷകസ്‌നേഹവും രാപ്പകൽ സമരവും ഇക്കുറിയും ജനങ്ങൾ തള്ളി. മുൻ എംപി പി ടി തോമസും ഇപ്പോഴത്തെ എംപി ഡീൻ കുര്യാക്കോസും ഉൾപ്പെടെ അന്താരാഷ്ട്ര ഗൂഢാലോചനയായ ഹൈറേഞ്ച്‌ മൗണ്ടൻ ലാൻഡ്‌സ്‌കേപ്പ്‌ പദ്ധതി അടിച്ചേൽപ്പിക്കാൻ ശ്രമിച്ചവരാണ്‌ ജില്ലയുടെ ദുർഗതിക്കുകാരണം. ‘വൺ എർത്ത്‌വൺ ലൈഫ്‌’ എന്ന പരിസ്ഥിതി സംഘടന ഹൈക്കോടതിയിൽ നൽകിയ കേസും ഇതിന്റെ തുടർച്ചയാണ്‌. ജില്ലയ്‌ക്ക്‌ മുഴുവൻ പ്രതികൂലമാകുമായിരുന്ന ഭൂവിനിയോഗ ഉത്തരവ്‌ കഴിഞ്ഞ ദിവസം ഭേദഗതിവരുത്തി എട്ട്‌ വില്ലേജുകൾക്ക് മാത്രമാക്കി. ഇതോടെ  ജില്ലയിലെ പട്ടയനടപടികൾക്ക്‌ കൂടുതൽ വേഗം പകരാനാകും.
വനമേഖലയെയും ജനവാസമേഖലയെയും അതിർത്തി തിരിച്ച്‌ പട്ടയം നൽകണമെന്ന പ്രഖ്യാപിത നയമാണ്‌ എൽഡിഎഫും സർക്കാരും നടപ്പാക്കുന്നത്‌.
 
 
 
പ്രധാന വാർത്തകൾ
 Top