15 December Sunday
ഒരുക്കങ്ങൾ പൂർത്തിയായി

ജനകീയം ഈ അതിജീവനം നാളെ

വെബ് ഡെസ്‌ക്‌Updated: Friday Jul 19, 2019

 കട്ടപ്പന

പ്രളയാനന്തര പുനർനിർമാണവുമായി ബന്ധപ്പെട്ട് ഗുണഭോക്താക്കളുടെ സംഗമം ‘ജനകീയം ഈ അതിജീവനം’-  പരിപാടി ശനിയാഴ്ച കട്ടപ്പന നഗരസഭ ടൗൺഹാളിൽ നടക്കും. പകൽ 11.30ന് മന്ത്രി എം എം മണി ഉദ്ഘാടനം ചെയ്യും. റോഷി അഗസ്റ്റ്യൻ എംഎൽഎ അധ്യക്ഷനാകും. അഡ്വ. ഡീൻ കുര്യാക്കോസ് എംപി മുഖ്യപ്രഭാഷണം നടത്തും. 
പ്രളയ പുനരധിവാസത്തിന്റെ ഭാഗമായി നിർമാണം പൂർത്തീകരിച്ച വീടുകളുടെ താക്കോൽദാനം, വീടും സ്ഥലവും നഷ്ടപ്പെട്ട പ്രളയബാധിതർക്കായി വിട്ടുകിട്ടിയ ഭൂമിയുടെ പട്ടയ കൈമാറ്റം, വയറിങ‌് കിറ്റ് വിതരണം, മാതൃകാപരമായ പ്രവർത്തനം നടത്തിയ സംഘടനകളെ ആദരിക്കൽ എന്നിവ ഇതോടൊപ്പം നടക്കുമെന്ന് കലക്ടർ പറഞ്ഞു. പ്രളയപുനരധിവാസവുമായി ബന്ധപ്പെട്ട‌് 99 ശതമാനം പ്രവർത്തനങ്ങളും പൂർത്തിയായി. 
4430 കുടുംബങ്ങൾക്ക് അടിയന്തര സഹായമായി 10,000 രൂപയും 10,803 കുടുംബങ്ങൾക്ക് ക്യാമ്പുകളിൽനിന്ന‌് മടങ്ങിയപ്പോൾ 22 ഐറ്റം ഉൾപ്പെട്ട കിറ്റുകളും നൽകിയിരുന്നു. ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലുമായി മരിച്ച 57 പേരുടെ ആശ്രിതർക്ക് സഹായധനമായി 1,96,00,000 രൂപ നൽകി. പ്രളയത്തോടനുബന്ധിച്ച് ജില്ലയുടെ വിവിധ കേന്ദ്രങ്ങളിലായി ഏഴ‌് അവശ്യരേഖ അദാലത്തുകൾ നടത്തുകയും 331 സർട്ടിഫിക്കറ്റുകൾ അനുവദിക്കുകയും ചെയ്തിട്ടുണ്ട‌്.
വിദ്യാഭ്യാസം
തകർന്ന 21 സ്‌കൂൾ, 27 അങ്കണവാടികൾ എന്നിവയുടെ പുനർനിർമാണത്തിനായി 27,44,500 രൂപയും 245 കുട്ടികൾക്ക് പഠനസഹായവും നൽകി. 
മൃഗസംരക്ഷണം
മൃഗസംരക്ഷണ രംഗത്ത് 1042 കർഷകർക്ക് ഇതിനകം സഹായം നൽകിയത‌്. 255 കർഷകർക്ക് പശുവിനെയും 205.33 മെട്രിക് ടൺ കാലിത്തീറ്റയും വിതരണം ചെയ്തു.  
റോഡ‌്
പ്രളയത്തിൽ തകർന്ന 930.6 കിലോമീറ്റർ പൊതുമരാമത്ത് റോഡുകളും പൊതുമരാമത്ത് വകുപ്പിന്റെ ഒരു പാലവും തദ്ദേശസ്ഥാപനങ്ങളുടെ 78.45 കിലോമീറ്റർ റോഡും നന്നാക്കിയിട്ടുണ്ട‌്. 1009.05 കിലോമീറ്റർ റോഡുകൾ പുനർനിർമിച്ച‌ു. 
കൃഷി
ജില്ലയിൽ പ്രളയത്തിൽ 11,529.42 ഹെക്ടർ സ്ഥലത്ത് കൃഷിനാശമുണ്ടായി. 36,888 കർഷകർക്ക് ദുരിതാശ്വാസവും 582 കർഷകർക്ക് വിള ഇൻഷുറൻസും നൽകി. 9205 കർഷകർക്ക് വായ്പയ്ക്കുള്ള മൊറോട്ടോറിയവും 11‌‌,860 കർഷകർക്ക് ഹോർട്ടികൾച്ചർ പ്രളയ സ്‌പെഷ്യൽ പാക്കേജ് സഹായവും ലഭിച്ചു. കൃഷി പുനരുജ്ജീവിപ്പിക്കുന്നതിനായി 15.45 കോടിയാണ‌് ഇതിനകം ചെലവഴിച്ചത‌്. 
ആരോഗ്യം
ആരോഗ്യരംഗത്ത് 0.18 കോടി രൂപ ചെലവഴിച്ച് ജില്ലയിൽ രണ്ട് ആശുപത്രികൾ പുനരുദ്ധീകരിച്ചു. അതോടൊപ്പം 1040 പേർക്ക് മാനസികാശ്വാസ സഹായവും നൽകി.
വൈദ്യുതി
ജില്ലയിൽ 15,288 വൈദ്യുതി കണക്ഷനുകളാണ‌് പുനഃസ്ഥാപിച്ചത‌്. 11 ട്രാൻസ്‌ഫോർമറുകൾ, 3460 പോസ്റ്റുകളും 605 കിലോമീറ്റർ വൈദ്യുതി കമ്പി എന്നിവ പുനഃസ്ഥാപിച്ചു. 
ഉപജീവനം
958 വനിതകൾക്ക് കുടുംബസഹായ വായ്പ നൽകി. ഇതിനായി 9.46 കോടി രൂപ ചെലവഴിച്ചു. പൂർണമായി തകർന്ന വീടുകളുടെ പുനർനിർമാണ പ്രവർത്തനങ്ങൾക്ക‌് മേൽനോട്ടം വഹിക്കുന്നതിനായി നാല് ബ്ലോക്ക് കേന്ദ്രങ്ങളിൽ ഫെസിലിറ്റേഷൻ ഹബ്ബുകൾ പ്രവർത്തിക്കുന്നുണ്ട്. ഓരോ ഹബ്ബിലും ഒരു സിവിൽ എൻജിനിയർ  ഡാറ്റാ ഓപ്പറേറ്റർ, രണ്ട് ഫീൽഡ് സ്റ്റാഫ് എന്നിവ പ്രവർത്തിക്കുന്നുണ്ട്. 
വാർത്താസമ്മേളനത്തിൽ സംഘാടകസമിതി ചെയർമാൻ ജോയി വെട്ടിക്കുഴി, കൺവീനർ ഇടുക്കി തഹസിൽദാർ വിൻസെന്റ് ജോസഫ്, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എൻ സതീഷ് കുമാർ, കട്ടപ്പന വില്ലേജ് ഓഫീസർ ജെയ്‌സൺ ജോർജ്, എൻ ബി ബിജു എന്നിവർ പങ്കെടുത്തു.
 
 
പ്രധാന വാർത്തകൾ
 Top