24 May Friday

മോഷണം: സിസി ടിവിയിൽ പ്രതിയുടെ ദൃശ്യം പതിഞ്ഞു

വെബ് ഡെസ്‌ക്‌Updated: Friday Apr 19, 2019
തൊടുപുഴ
തൊടുപുഴയ‌്ക്ക‌് സമീപം പെരുമ്പിള്ളിച്ചിറയിലും കുമാരമംഗലത്തുമായി മൂന്ന് വീടുകളിൽ മോഷണം നടന്നു. മോഷ്ടാവിന്റെ ദൃശ്യം സിസി ടിവിയിൽനിന്നും ലഭിച്ചു.
കുമാരമംഗലം പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റായ മില്ലുംപടി ശാന്തിഭവനിൽ ഹരിദാസിന്റെയും അയൽവാസി പഴുപ്ലാക്കൽ നാരായണന്റെ വീട്ടിലുമാണ് ആദ്യം മോഷ്ടാവെത്തിയത്.ബുധനാഴ്ച പുലർച്ചെ നാലോടെ എത്തിയ മോഷ്ടാവ് നാരായണന്റെ വീടിന്റെ വാതിലിന്റെ പൂട്ട് ആയുധമുപയോഗിച്ച് ഇളക്കിമാറ്റിയാണ് അകത്തുകടന്നത്. ഇവിടെനിന്നും ഒരു ലോക്കറ്റ് മാത്രമാണ് നഷ്ടമായത്. ഹരിദാസിന്റെ വീട്ടിലെത്തി ഉറങ്ങിക്കിടന്ന ഒന്നര വയസ്സുള്ള കൊച്ചുമകന്റെ ഒന്നര പവന്റെ മാലയും അരഞ്ഞാണവും മോഷ്ടിച്ചു. മുറിയുടെ ജനൽ തുറന്നിട്ടാണ് വീട്ടുകാർ ഉറങ്ങിയിരുന്നത്. ജനലിനുസമീപം കിടന്നുറങ്ങിയ കുഞ്ഞിന്റെ ആഭരണങ്ങൾ വീടിന്റെ പോർച്ചിൽ സൂക്ഷിച്ചിരുന്ന കട്ടർ ഉപയോഗിച്ച് മുറിച്ചെടുക്കുകയായിരുന്നു. ഇതിനിടെ കുട്ടി കരഞ്ഞപ്പോൾ വീട്ടുകാർ എഴുന്നേറ്റു. 
   കള്ളൻ ഓടി രക്ഷപ്പെട്ടു. സമീപ വീട്ടിലെ കാറിനുപിന്നിൽ കള്ളൻ ഒളിച്ചിരുന്നപ്പോഴാണ് ഇവിടെ സ്ഥാപിച്ചിരുന്ന സിസി ടിവിയിൽ ഇയാളുടെ ദൃശ്യം പതിഞ്ഞത്. മുണ്ടുപാലം തോട്ടിന് സമീപത്തുനിന്ന് മോഷണത്തിന് ഉപയോഗിച്ച കട്ടർ പൊലീസ് കണ്ടെത്തി.  പെരുമ്പിള്ളിച്ചിറയിലെ ഒരു വീട്ടിലും മോഷണശ്രമം നടന്നിരുന്നു.
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top