24 May Friday

പൊള്ളുന്ന ചൂടിൽ ആശ്വാസമായി കുളിർമഴ; കാറ്റിൽ നാശവും

വെബ് ഡെസ്‌ക്‌Updated: Friday Apr 19, 2019
തൊടുപുഴ
കനത്ത ചൂടിൽ ആശ്വാസമായി പെയ‌്ത വേനൽമഴ തൊടുപുഴയിൽ നാശവും വിതച്ചു.  ബുധനാഴ‌്ച പകൽ മൂന്നോടെ ശക്തമായ ഇടിമിന്നലിനും കാറ്റിനുമൊപ്പം ആരംഭിച്ച മഴ ഒരുമണിക്കൂറോളം നീണ്ടു. നാളുകൾക്കുശേഷം പെയ‌്ത മഴ തെല്ലുവലച്ചെങ്കിലും ചൂടിൽനിന്നും ആശ്വാസം ലഭിച്ചതിന്റെ സന്തോഷത്തിലാണ‌് ജനങ്ങൾ. 
തൊടുപുഴ ടൗണിലും പരിസരപ്രദേശങ്ങളിലും മരങ്ങൾ വീണ‌് നാശം നേരിട്ടു.  പലയിടത്തും റബർ മരങ്ങൾ ഉൾപ്പെടെ കടപുഴകി.
    തൊടുപുഴ നഗരത്തിൽ മരക്കൊമ്പുകളും മറ്റും ഒടിഞ്ഞ‌് നിരത്തിൽ വീണു. ശക്തമായ കാറ്റിൽ വ്യാപാര സ്ഥാപനങ്ങളുടെ ഷീറ്റുകളും പരസ്യബോർഡുകളും പറന്നുവീണു.  
കാറ്റിൽ വൈദ്യുതബന്ധവും തകരാറിലായി. ഇടിമിന്നലിൽ ചിലയിടങ്ങളിൽ വീട്ടുപകരണങ്ങൾക്കും കേടുസംഭവിച്ചു. പാറക്കടവ്, തൊടുപുഴ കോതായിക്കുന്ന് റോഡ്,  മഞ്ഞക്കടമ്പ്, ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിനുസമീപം എന്നിവിടങ്ങളിൽ മരംവീണ് ഗതാഗതം തടസ്സപ്പെട്ടു. മഞ്ഞക്കടമ്പിൽ വൈദ്യുതി ലൈനും പൊട്ടിവീണു. ഒളമറ്റം കോഴിപ്പള്ളിൽ ഷിജുവിന്റെ ഓടും ഷീറ്റും മേഞ്ഞ വീടിനുമുകളിൽ പ്ലാവ് വീണ് മേൽക്കൂര ഭാഗികമായി തകർന്നു. വീട്ടുകാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. 
വെള്ളിയാമറ്റത്തും കാറ്റിൽ മരങ്ങൾ കടപുഴകി നിരവധി വീടുകൾക്ക‌് നാശം നേരിട്ടു. നിരവധി വീടുകൾ തകർന്നു. വെള്ളിയാമറ്റം കറുകപ്പള്ളി തൊണ്ണൂറ്റിനാല് ഭാഗത്ത‌് ശക്തമായ കാറ്റിൽ മരംവീണ‌് അഞ്ച‌് വീടുകൾ തകർന്നു. വടക്കേമുളഞ്ഞനാൽ വിത്സൺ മാത്യു, കോതച്ചേരിൽ സെബാസ്റ്റ്യൻ, കാക്കത്തുരുത്തേൽ മാത്യു, ഡിന്റോ മണ്ഡപത്തിൽ, ജോസഫ് മണിയംചിറ എന്നിവരുടെ വീടുകൾക്കാണ‌് നാശം. പുരയിടത്തിലെ പ്ലാവ്, തെങ്ങ്, മാവ‌് തുടങ്ങിയ മരങ്ങൾ നിലംപതിച്ചു. കൃഷിയും വ്യാപകമായി നശിച്ചു. സാബു മണിമലക്കുടിയിൽ, രാജു ഓടയ്ക്കൽ എന്നിവരുടെ കൃഷിയും നശിച്ചു. വെള്ളിയാമറ്റം വില്ലേജ് ഓഫീസ‌് അധികാരികൾ നഷ്ടം വിലയിരുത്തി. ഈ പ്രദേശത്ത‌് അഞ്ചേക്കറോളം കൃഷിഭൂമി കാറ്റിൽ നശിച്ചു.
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top