30 May Saturday

നിരീക്ഷണത്തിൽ 442 പേർ

വെബ് ഡെസ്‌ക്‌Updated: Thursday Mar 19, 2020

തൊടുപുഴ

ജില്ലയിൽ കോവിഡ് 19 രോഗലക്ഷണങ്ങളുമായി നിരീക്ഷണത്തിലുള്ളത് 442 പേർ. ഇതിൽ 70 പേർ വിദേശികളാണ്. കുമളിയിലെ സ്വകാര്യ റിസോർട്ടിലെ ജീവനക്കാരനായ തൊടുപുഴ സ്വദേശി തൊടുപുഴയിലെ ജില്ലാ ആശുപത്രിയിൽ ഐസൊലേഷൻ വാർഡിൽ ചികിത്സയിലുണ്ട്. വിനോദ സഞ്ചാരികളുമായി ഇടപഴകിയിരുന്ന ഇയാൾ പനി ബാധിച്ച് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. അവിടെനിന്നാണ് ജില്ലാ ആശുപത്രിയിലേക്ക് റഫർ ചെയ്തത്. ഇയാളുടെ ശരീരസ്രവം ആലപ്പുഴ വൈറോളജി ലാബിലേക്ക് അയച്ചിട്ടുണ്ട്. കൊറോണ രോഗലക്ഷണങ്ങളില്ലെന്നാണ് പ്രാഥമിക പരിശോധനയിൽ മനസ്സിലായതെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു. കഴിഞ്ഞദിവസം വരെ 374 പേരാണ് വീടുകളിൽ നിരീക്ഷണത്തിൽ ഉണ്ടായിരുന്നത്. ഇതിൽ എട്ട് പേരുടെ പരിശോധനാ ഫലം നെഗറ്റീവാണെന്ന് വ്യക്തമായി. അതോടൊപ്പം ബുധനാഴ്ച പുതുതായി 76 പേർ വീടുകളിൽ നിരീക്ഷണത്തിലായി. നാല് പേരുടെ ശരീരസ്രവങ്ങൾ ബുധനാഴ്ച പരിശോധനയ്ക്കായി ശേഖരിച്ചു. ആകെ 31 പേരുടെ സ്രവങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിലായി പരിശോധനക്കെടുത്തത്. ഇതിൽ 18 പേർക്കും രോഗമില്ലെന്ന് സ്ഥിരീകരിച്ചു. ഇനി 13 പേരുടെ ഫലം ലഭിക്കാനുണ്ട്. 

 

 

പ്രധാന വാർത്തകൾ
 Top