27 May Wednesday

വൈദ്യുതിയെത്തി; വെള്ളിയാമറ്റം കുടിവെള്ളപദ്ധതി ട്രയൽ റൺ ഇന്ന്‌

വെബ് ഡെസ്‌ക്‌Updated: Thursday Mar 19, 2020

 തൊടുപുഴ

വെള്ളിയാമറ്റത്തെ ജനങ്ങൾ കാത്തിരുന്ന കുടിവെള്ള പദ്ധതി യാഥാർഥ്യമായി. പദ്ധതിയുടെ ട്രാൻസ്‌ഫോമറിലേക്ക്‌ വൈദ്യുതി കണക്‌ഷൻ നൽകിയതോടെയാണ്‌ പഞ്ചായത്തിലെ ജനങ്ങളുടെ കാത്തിരിപ്പിന്‌ വിരാമമായത്‌. വ്യാഴാഴ്‌ച ട്രയൽ റൺ ആരംഭിക്കും. 
     രണ്ടു ദിവസത്തിനുള്ളിൽ പമ്പ്‌ ഹൗസിലും വൈദ്യുതി കണക്ഷനാകും. 10 ദിവസത്തിനുള്ളിൽ പഞ്ചായത്തിലാകെ കുടിവെള്ളമെത്തും. ഷീബ രാജശേഖരന്റെ നേതൃത്വത്തിലുള്ള എൽഡിഎഫ്‌ ഭരണസമിതിയുടെ നിരന്തര പരിശ്രമത്തിലാണ്‌ കുടിവെള്ള പദ്ധതി യാഥാർഥ്യമായത്‌. അനുബന്ധ സംവിധാനങ്ങളെല്ലാം പൂർത്തിയായെങ്കിലും കെഎസ്‌ഇബിക്ക്‌ ജല അതോറിറ്റി തൊടുപുഴ ഡിവിഷൻ നൽകാനുണ്ടായിരുന്ന 50,84,934 രൂപയുടെ വൈദ്യുതിബിൽ കുടിശ്ശികയായിരുന്നു പദ്ധതി കമീഷൻ ചെയ്യാൻ തടസ്സം.
 പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഷീബ രാജശേഖരന്റെ നേതൃത്വത്തിൽ മന്ത്രി എം എം മണിക്ക്‌ നിവേദനം നൽകി. കുടിശ്ശിക തുക തവണകളായി അടയ്‌ക്കാൻ മന്ത്രി നിർദേശിച്ചത്‌ ജല അതോറിറ്റി അംഗീകരിച്ചു. സെക്യൂരിറ്റി ഇനത്തിലുള്ള 6,41,450 രൂപ അടയ്‌ക്കാമെന്നും ജല അതോറിറ്റി അറിയിച്ചു. കുടിവെള്ള ക്ഷാമം നേരിടുന്ന പഞ്ചായത്തിൽ 2016 ലാണ്‌ 25 കോടി രൂപ ചെലവിൽ കുടിവെള്ള പദ്ധതിക്ക്‌ ജല അതോറിറ്റി തുടക്കംകുറിച്ചത്‌. കാഞ്ഞാറിൽ മലങ്കര ജലാശയത്തിൽനിന്ന്‌ പമ്പ്‌ ചെയ്യുന്ന വെള്ളം ഞരളംപുഴയിലെ ശുദ്ധീകരണശാലയിലും അവിടെനിന്ന്‌ വിവിധ സംഭരണികളിലും എത്തിച്ച്‌ വിതരണംചെയ്യുന്നതാണ്‌ പദ്ധതി. കാഞ്ഞാർ, വെള്ളിയാമറ്റം, പൂച്ചപ്ര, ഇളംദേശം, പന്നിമറ്റം എന്നിങ്ങനെ കുടിവെള്ളക്ഷാമമുള്ള മേഖലകളിലെല്ലാം കുടിവെള്ളം എത്തും.
 
പ്രധാന വാർത്തകൾ
 Top