24 October Thursday

അപകടക്കെണിയൊരുക്കി ഡിവൈഡർ

വെബ് ഡെസ്‌ക്‌Updated: Wednesday Sep 18, 2019

 ശാന്തൻപാറ

പൂപ്പാറ ടൗണിലെ പാലത്തിൽ വാഹനാപകടങ്ങൾ പതിവാകുന്നു. ഉയരം കുറഞ്ഞ ഡിവൈഡറിൽ കയറി വാഹനങ്ങളുടെ അടിവശം തട്ടിയും നിയന്ത്രണം നഷ്ടപ്പെട്ടും ഇരുപതോളം അപകടങ്ങളാണ് ഒരാഴ്ചക്കിടെ ഉണ്ടായത്‌. കൊച്ചി– ധനുഷ്‌കോടി ദേശീയപാതയും കുമളി– -പൂപ്പാറ, അടിമാലി– -പൂപ്പാറ എന്നീ സംസ്ഥാനപാതകളും സംഗമിക്കുന്ന പൂപ്പാറ ടൗണിന്റെ പ്രവേശന കവാടത്തിൽ പന്നിയാർ പുഴയ്‌ക്കു കുറുകെയാണ് പാലം നിർമിച്ചിരിക്കുന്നത്. 
രാജഭരണകാലത്ത് നിർമിച്ച പാലത്തിൽ ഒരുവാഹനത്തിനു പോകാനുള്ള വീതി മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇതിനാൽ അപകടം നിത്യസംഭവമായി. കാലപ്പഴക്കത്താലും വാഹനങ്ങൾ തട്ടിയും കെട്ടുകളും കൈവരികളും തകർന്നതോടെ മൂന്നുവർഷം മുമ്പ്‌ ഹൈവേ അതോറിറ്റി ഇതിനോട് ചേർത്ത് പുതിയൊരു ഭാഗംകൂടി നിർമിച്ച്‌ വീതി വർധിപ്പിച്ചു. കൂടാതെ നടുവിലൂടെ ഒരടിമാത്രം ഉയരമുള്ള ഡിവൈഡർ നിർമിച്ച് ഇരുവരി ഗതാഗതത്തിന്‌ സൗകര്യം ഒരുക്കി. 
പാലത്തോടുചേർന്ന് ഇരുഭാഗത്തും കൊടുംവളവായതിനാൽ ഡിവൈഡർ ഡ്രൈവർമാരുടെ ശ്രദ്ധയിൽപ്പെടാറില്ല. വാഹനം ഡിവൈഡറിൽ ഇടിച്ചുകയറി മുൻഭാഗം തകരുമ്പോൾ മാത്രമാണ് അപകടം തിരിച്ചറിയുന്നത്. ഉയരം കൂട്ടുന്നതിനായി നിരത്തിവച്ചിരിക്കുന്ന കോൺക്രീറ്റ് പാളികൾ നിരന്തരം വണ്ടികൾ തട്ടി തകരുകയും ചെയ്‌തു. നിലവിൽ വ്യാപാരികൾ ബാരൽ എടുത്തുവച്ച് ഈ ഭാഗത്ത്‌ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. എത്രയും വേഗം ഡിവൈഡറിന്റെ ഉയരം വർധിപ്പിക്കാൻ അധികൃതർ തയ്യാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം. 
പ്രധാന വാർത്തകൾ
 Top