17 July Wednesday
ചെലവഴിച്ചത‌് 99 ലക്ഷം

മൊട്ടക്കുന്നിനെ തഴുകി കോടമഞ്ഞും കുളിർകാറ്റും; മുഖംമിനുക്കി വാഗമൺ

സ്വന്തം ലേഖകന്‍Updated: Tuesday Jun 18, 2019

സഞ്ചാരികൾക്കായി അടിസ്ഥാന സൗകര്യങ്ങൾ വിപുലീകരിച്ചിരിക്കുന്ന വാഗമൺ മൊട്ടക്കുന്ന്

 

 
ഇടുക്കി
സഞ്ചാരികളെ വരവേൽക്കാൻ വാഗമൺ മൊട്ടക്കുന്നിൽ വിപുലമായ സൗകര്യങ്ങളൊരുക്കി. വാഗമണ്ണിലെത്തുന്ന സഞ്ചാരികളുടെ പ്രധാന ആകർഷണകേന്ദ്രമാണ് മൊട്ടക്കുന്നുകൾ. 
 വാഗമൺ വിനോദസഞ്ചാര കേന്ദ്രത്തിലെ ഗ്ലൈഡിങ‌് പോയിന്റ്, പൈൻമരക്കാടുകൾ എന്നിവയ്‌ക്കൊപ്പം മൊട്ടക്കുന്നും സഞ്ചാരികൾക്ക് ഏറെ പ്രിയപ്പെട്ടതാണ്. മൊട്ടക്കുന്നിന്റെയും കോടമഞ്ഞിന്റെയും സൗന്ദര്യം ആസ്വദിക്കാനെത്തുന്ന വിനോദസഞ്ചാരികൾക്കായി കൂടുതൽ സൗകര്യങ്ങളാണ് ടൂറിസം വകുപ്പ് വാഗമണ്ണിൽ ഏർപ്പെടുത്തിയിരിക്കുന്നത്. മികച്ച പ്രവേശന കവാടം, ടൂറിസം ഇൻഫർമേഷൻ സെന്ററും ടിക്കറ്റ് കൗണ്ടറും, കല്ലുപാകി വശങ്ങളിൽ ചെടിനട്ട് മനോഹരമാക്കിയ നടപ്പാത, ഇരിക്കാൻ ബെഞ്ചുകൾ, ടോയ്‌ലറ്റ് ബ്ലോക്ക്, വിശ്രമ മുറി, സെൻസർ സംവിധാനമുള്ള എൽഇഡി ലൈറ്റിങ‌്, വേസ്റ്റ‌് ബിന്നുകൾ, വിശാലമായ പാർക്കിങ‌് ഏരിയ തുടങ്ങിയ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. 99 ലക്ഷത്തോളം രൂപയാണ് ടൂറിസം വകുപ്പ് പദ്ധതിക്കായി ചെലവഴിച്ചത്. 
കേന്ദ്ര സർക്കാർ ഏജൻസിയായ വാപ്‌കോസിനാണ് നിർമാണ ചുമതല. അവസാനഘട്ട നിർമാണ പ്രവർത്തനങ്ങളാണ് നടക്കുന്നത്. മൊട്ടക്കുന്നിന് സമീപമുള്ള തടാകത്തോടുചേർന്ന് റോസ് ഗാർഡനും മൊട്ടക്കുന്നിൽ കുട്ടികൾക്കായി പാർക്കും സജ്ജീകരിക്കാൻ ഉദ്ദേശിക്കുന്നുണ്ട്. മൺസൂൺ ടൂറിസം സീസണിൽ പദ്ധതിയുടെ ഉദ്ഘാടനം നടത്താനാകുമെന്ന് ഡിടിപിസി സെക്രട്ടറി ജയൻ പി വിജയൻ പറഞ്ഞു. 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top