കട്ടപ്പന
നഗരസഭയുടെ ഉടമസ്ഥതയിൽ പുളിയൻമലയിൽ പ്രവർത്തിക്കുന്ന ആധുനിക അറവ് ശാലയിൽ നിന്നുള്ള മാലിന്യം ഒഴുകുന്നത് സമീപത്തെ ഏലത്തോട്ടത്തിലേയ്ക്ക്. മാലിന്യം ശേഖരിക്കാൻ നിർമിച്ച ടാങ്കിന്റെ സമീപത്തെ ചുറ്റുമതിൽ ഇടിഞ്ഞതോടെ രക്തം ഉൾപ്പടെയുള്ള അറവ് മാലിന്യങ്ങൾ നിരന്തരമായി തോട്ടത്തിലേയ്ക്ക് ഒഴുകുകയാണ്. ഒട്ടേറെ തവണ പരാതി നൽകിയിട്ടും പ്രശ്നം പരിഹരിക്കാൻ നഗരസഭ തയ്യാറാകുന്നില്ലെന്ന പരാതിയുമായി ഏലത്തോട്ടം കരാറിനെടുത്ത പുളിയൻമല സ്വദേശി ചെരുവിൽ മഹേന്ദ്രൻ രംഗത്തെത്തി.
രണ്ട് വർഷം മുമ്പാണ് അറവ് ശാലയിലെ മാലിന്യ ടാങ്കിന് സമീപത്തെ ചുറ്റുമതിൽ ഇടിഞ്ഞത്. പിന്നാലെ മാലിന്യങ്ങൾ പറമ്പിലേയ്ക്ക് ഒഴുകിയതോടെ മഹേന്ദ്രൻ നഗരസഭയിലും പൊലീസിലും പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ചുറ്റുമതിൽ നിർമിച്ച് പ്രശ്നം പരിഹരിക്കുമെന്ന് അറിയിച്ചെങ്കിലും തുടർനടപടി ഉണ്ടായില്ല. താത്കാലിക ആശ്വാസമായി മാലിന്യം പമ്പ് ചെയ്യാൻ മോട്ടോർ സ്ഥാപിച്ചിട്ടുണ്ടെങ്കിലും കഴിഞ്ഞ ദിവസം ഇത് കേടായതോടെ ടാങ്ക് നിറഞ്ഞ് വീണ്ടും ഏലത്തോട്ടത്തിലേയ്ക്ക് മാലിന്യം ഒഴുകി.
ഇതോടെയാണ് സ്ഥലമുടമ അറവുശാല ലേലത്തിലെടുത്ത കാരാറുകാരന്റെ പക്കൽ പ്രതിഷേധവുമായി എത്തിയത്. അവശിഷ്ടങ്ങൾ നിരന്തരമായി ഒഴുകുന്നതിനെതുടർന്ന് 65ഓളം ഏലച്ചെടികൾ നശിച്ചിട്ടുണ്ട്. ഈ ഒരു അവസ്ഥയായതിനാൽ ജോലി ചെയ്യാൻ തൊഴിലാളികളും എത്താറില്ല. മഴ കനത്താൽ ടാങ്കുകൾ നിറഞ്ഞ് പ്രശ്‌നം ഗുരുതരമാകാൻ സാധ്യതയുള്ളതിനാൽ ചുറ്റുമതിൽ എത്രയും വേഗം നിർമിക്കണമെന്നാണ് സ്ഥലമുടമയുടെയും കരാറുകാരന്റെയും ആവശ്യം. 2014ൽ നഗരസഭ ഗ്രാമപഞ്ചായത്തായിരുന്ന കാലത്താണ് പുളിയൻമലയിൽ ആധുനിക അറവുശാല ആരംഭിച്ചത്. നഗരസഭയ്ക്ക് പുറമേ മറ്റുള്ള പഞ്ചായത്തുകളിൽ നിന്നുള്ള മാടുകളെ ഇറച്ചിയാക്കുന്നതും ഇവിടെയെത്തിച്ചാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..