18 June Friday

കോവിഡ് രോഗിയായ യുവതിയെ പരിചരണകേന്ദ്രത്തിൽ ഒറ്റയ്‌ക്കാക്കി

വെബ് ഡെസ്‌ക്‌Updated: Tuesday May 18, 2021
തൊടുപുഴ 
കോവിഡ് പോസിറ്റീവായ യുവതിയെ ഗൃഹവാസ പരിചരണകേന്ദ്രത്തിൽ ഒറ്റയ്‌ക്കാക്കി പഞ്ചായത്ത്‌ ഭരണസമിതിക്കാർ സ്ഥലംവിട്ടത്‌ വിവാദമായി. കരിങ്കുന്നം പഞ്ചായത്ത്‌ ഭരണസമിതിയാണ്‌ വനിതാ വളന്റിയർമാർ പോലുമില്ലാത്ത കേന്ദ്രത്തിൽ യുവതിയെ ഒറ്റയ്‌ക്കാക്കിയത്‌. ഞായറാഴ്ചയാണ്‌ സംഭവം. യുവതിക്ക് ഒപ്പം ആരുമില്ലെന്ന വിവരം പഞ്ചായത്ത്‌ പ്രസിഡന്റിനെ അറിയിക്കാൻ ‌യുവതിയുടെ ബന്ധു ഫോൺ വിളിച്ചപ്പോൾ ‘‘ആ കുട്ടിയോട് കതകടച്ച് കിടന്നോളാൻ പറഞ്ഞോളൂ’’ എന്ന്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പറഞ്ഞതായാണ്‌ പരാതി.
     പഞ്ചായത്തിന്റെ നിയന്ത്രണത്തിൽ സെന്റ് ആഗസ്റ്റ്യൻസ് ഹൈസ്കൂളിൽ പ്രവർത്തിക്കുന്ന പരിചരണകേന്ദ്രത്തിലാണ് സംഭവമുണ്ടായത്. കോവിഡ് രോഗികളായ നൂറിലധികം പേർ പഞ്ചായത്തിലുണ്ടെങ്കിലും ഇവരെ പരിചരണകേന്ദ്രത്തിലേക്ക് മാറ്റാൻ ഭരണസമിതി തയ്യാറാകുന്നില്ല എന്ന ആക്ഷേപം നിലനിൽക്കെയാണ് സംഭവം. യുവതി ഭർത്താവിന് അയച്ച വീഡിയോ സന്ദേശത്തിലാണ്‌ തനിക്ക് നേരിട്ട ദുരനുഭവം വെളുപ്പെടുത്തിയത്. മറ്റ് കിടക്കകളിൽ ആളുകൾ ഇല്ലെന്നത്‌ ദൃശ്യങ്ങളിൽ വ്യക്തമാണ്. ശുചിമുറി ഉപയോഗിക്കാൻ രാത്രിയിൽ പുറത്തിറങ്ങാൻപോലും  വനിതാ വളന്റിയർമാരുടെ സേവനം ഇല്ലെന്ന് യുവതി പറയുന്നുണ്ട്. കേന്ദ്രത്തിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിലും ഭരണസമിതിയുടെ വീഴ്ചയുണ്ട്. ശരിയായ ഭക്ഷണമോ കുടിവെള്ളമോ ഇല്ലെന്ന ആക്ഷേപവും ശക്തമാണ്. അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ പഞ്ചായത്ത്‌ ഭരണസമിതിക്ക് ഗുരുതര വീഴ്ചയുണ്ടായെന്നും ജനങ്ങളുടെ ജീവന്‌ ഭീഷണി സൃഷ്ടിക്കുന്ന നടപടികൾ ഭരണസമിതി അവസാനിപ്പിക്കണമെന്നും സിപിഐ എം കരിങ്കുന്നം ലോക്കൽ സെക്രട്ടറി ടിജു തങ്കച്ചൻ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top