15 May Saturday

കോവിഡ്‌ രോഗികൾക്ക്‌ 
ഡിവൈഎഫ്‌ഐയുടെ കാരുണ്യസ്‌പർശം

വെബ് ഡെസ്‌ക്‌Updated: Sunday Apr 18, 2021

തൊടുപുഴയിൽ കോവിഡ്‌ ബാധിച്ച ഗൃഹനാഥനെ ഡിവൈഎഫ്ഐ 
പ്രവർത്തകർ എടുത്ത് ആംബുലൻസിൽ കയറ്റുന്നു

മൂലമറ്റം/ തൊടുപുഴ
കോവിഡ് രോഗികൾക്ക്‌ കാരുണ്യസ്‌പർശവുമായി ഡിവൈഎഫ്‌ഐ പ്രവർത്തകർ. മൂലമറ്റത്തെ നടക്കാൻ കഴിയാത്ത വീട്ടമ്മയെയും തൊടുപുഴ നഗരസഭ പതിമൂന്നാം വാർഡിൽ വീടിന്റെ രണ്ടാം നിലയിൽ വാടകയ്‌ക്ക്‌ കഴിയുന്ന കുടുംബത്തിലെ ഗൃഹനാഥനെയും ആശുപത്രിയിലെത്തിച്ചാണ്‌ ഡിവൈഎഫ്‌ഐ പ്രവർത്തകർ മാതൃകയായത്‌. അറക്കുളം പഞ്ചായത്ത്‌ ഓഫീസിന്റെ പിറകിലായി റോഡിൽനിന്ന്‌ അൽപ്പം മാറിയുള്ള വീട്ടിൽ താമസിക്കുന്ന നടക്കാൻ കഴിയാത്ത വീട്ടമ്മയെയാണ്‌ പഞ്ചായത്തംഗം ഷിബുവിന്റെ നിർദേശപ്രകാരം ഡിവൈഎഫ്‌ഐ ബ്ലോക്ക്‌ ട്രഷറർ എ ആർ അനീഷ്, ജോസി വി ജോസ് എന്നിവരുടെ നേതൃത്വത്തിൽ പിപിഇ കിറ്റ് ധരിച്ചെത്തി ആംബുലൻസിൽ ആശുപത്രിയിലെത്തിച്ചത്‌. ഇവരുടെ ഭർത്താവിനും കോവിഡ്‌ ബാധിച്ചിരുന്നു. 
    തൊടുപുഴയിൽ കാലൊടിഞ്ഞ് ചികിത്സയിലായിരുന്ന ഗൃഹനാഥനെ രണ്ടാം നിലയിൽനിന്ന്‌ താങ്ങിയെടുത്താണ്‌ ആംബുലൻസിൽ കയറ്റിയത്‌. ഇദ്ദേഹത്തിന്റെ കുടുംബത്തിലെ മറ്റ്‌ നാലു പേർക്കും കോവിഡ്‌ സ്ഥിരീകരിച്ചിട്ടുണ്ട്‌. ഇവരാണ്‌ വാർഡ് കൗൺസിലർ സിജി റഷീദിനെ സഹായത്തിനായി സമീപിച്ചത്‌. സിജി റഷീദിന്റെ നിർദേശമനുസരിച്ച് ഡിവൈഎഫ്ഐ മുതലക്കോടം മേഖലാ ട്രഷറർ ജോയൽ ജോസ്, കമ്മിറ്റിയംഗം ഷഫാൻ ഷാജി എന്നിവരുടെ നേതൃത്വത്തിൽ രോഗിയെ ആംബുലൻസിൽ കാരിക്കോട്‌ ജില്ലാ ആശുപത്രിയിലെത്തിച്ചു‌. 
  കോവിഡ് 19 രണ്ടാംതരംഗം സൃഷ്ടിക്കുന്ന പ്രതിസന്ധികൾ മറികടക്കാൻ എല്ലാ യുവജനങ്ങളും സന്നദ്ധപ്രവർത്തനത്തിന് രംഗത്തിറങ്ങണമെന്ന്‌ ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്‌തിട്ടുണ്ട്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top