03 April Friday

ഇനിയില്ല, കരിമണ്ണൂരിൽ ഭവനരഹിതർ

വെബ് ഡെസ്‌ക്‌Updated: Tuesday Feb 18, 2020

 കരിമണ്ണൂർ

കരിമണ്ണൂർ പഞ്ചായത്തിലെ ഭൂരഹിത ഭവനരഹിതർക്കായി ലൈഫ് പദ്ധതി പ്രകാരം നിർമിക്കുന്ന ഫ്ലാറ്റിന്റെ ശിലാസ്ഥാപനം കരിമണ്ണൂർ വേനപ്പാറ(കിളിയറ)യിൽ മന്ത്രി എം എം മണി നിർവഹിച്ചു. ഭവനസമുച്ചയം പൂർത്തിയാകുന്നതോടെ സ്ഥലവും വീടും ഇല്ലാത്ത പഞ്ചായത്തിലെ മുഴുവനാളുകൾക്കും തലചായ്ക്കാൻ ഇടമാകും. ലൈഫ് മിഷൻ സമ്പൂർണ പാർപ്പിട സുരക്ഷാ പദ്ധതിയുടെ മൂന്നാംഘട്ടത്തിന്റെ ഭാഗമായാണ് ഭൂരഹിത ഭവനരഹിതർക്കായി കരിമണ്ണൂർ പഞ്ചായത്തിന്റെ ഉടമസ്ഥതയിൽ ഭവന സമുച്ചയം നിർമിക്കുന്നത്. വേനപ്പാറയിൽ നിർമിക്കുന്ന ഫ്ലാറ്റ് സമുച്ചയത്തിൽ 44 വീടുകളാണുള്ളത്. 2.69 ഏക്കറാണ് പഞ്ചായത്ത് ഇവിടെ വാങ്ങിയത്. 
ആധുനിക പ്രീ ഫാബ്രിക്കേഷൻ സാങ്കേതിക വിദ്യ ഉപയോഗിച്ച് ആറുമാസത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കി ഭവന സമുച്ചയം ഗുണഭോക്താക്കൾക്ക് നൽകും. പ്രകൃതി വിഭവങ്ങൾ വളരെക്കുറച്ച് മാത്രം ഉപയോഗിച്ചാണ് നിർമാണം. രണ്ട് മുറികൾ, ഹാൾ, അടുക്കള, ശുചി മുറി എന്നിവ ഉൾപ്പെടുന്ന ഓരോ ഫ്ലാറ്റിനും 11 ലക്ഷത്തിലധികം രൂപ ചെലവ് വരുമെന്ന് അധികൃതർ പറഞ്ഞു. അഹമ്മദാബാദിലെ മറ്റ് സുമി ഹൗസ് എന്ന സ്ഥാപനമാണ് നിർമാണം ഏറ്റെടുത്തിരിക്കുന്നത്‌. ആറു മാസത്തിനുള്ളിൽ കുടുംബങ്ങൾക്ക് താമസിക്കാൻ ഉതകുന്ന വിധത്തിൽ മൂന്നുനിലകളിലാണ് ഭവന സമുച്ചയം നിർമിക്കുക.
ലൈഫ് പദ്ധതി പ്രകാരം ഭൂരഹിത ഭവനരഹിതർക്ക് പ്രീ ഫാബ്രിക്കേഷൻ സാങ്കേതിക വിദ്യ ഉപയോഗിച്ച് നിർമിക്കുന്ന ഭവന സമുച്ചയങ്ങളുടെ നിർമാണത്തിന്‌ സംസ്ഥാനത്ത് ആദ്യമായി കരിമണ്ണൂരിലാണ് തുടക്കംകുറിക്കുന്നത്. ഇതിനകം പൊതുവിഭാഗത്തിൽ 53 പേർക്ക് വീട് നൽകിക്കഴിഞ്ഞു. പുതുചിറയിൽ ഹരിജൻ വിഭാഗക്കാരായ 13 പേർക്ക് സ്ഥലവും വീട് നിർമിക്കാൻ പണവും നൽകി. ഇതോടെ കരിമണ്ണൂർ പഞ്ചായത്തിലെ ഭവനരഹിതരുടെ സ്വന്തമായി വീടെന്ന സ്വപ്നമാണ്‌ പൂവണിയുന്നത്‌.
ഉദ്ഘാടന സമ്മേളനത്തിൽ കരിമണ്ണൂർ പഞ്ചായത്ത് പ്രസിഡന്റ് ദേവസ്യ ദേവസ്യ അധ്യക്ഷനായി. വൈസ് പ്രസിഡന്റ് നിസാമോൾ ഷാജി, ജില്ലാ പഞ്ചായത്തംഗം വിഷ്ണു കെ ചന്ദ്രൻ, ഇളംദേശം ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ഗൗരി സുകുമാരൻ, ബേസിൽ ജോൺ, പഞ്ചായത്തംഗങ്ങളായ വി എ സക്കീർ, സിബി കുഴിക്കാട്ട്, ലൈഫ് മിഷൻ ജില്ലാ കോ ഓർഡിനേറ്റർ കെ പ്രവീൺ, സാജു സെബാസ്റ്റ്യൻ, , സാജു ജോസഫ്  എന്നിവർ സംസാരിച്ചു. 
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top