കുമളി
പൊതുജനാരോഗ്യരംഗത്ത് ജനകീയ പദ്ധതിയുമായി എൽഡിഎഫ് നേതൃത്വത്തിലുള്ള കുമളി പഞ്ചായത്ത്. ഇനിമുതൽ ആരോഗ്യപ്രവർത്തകർ വാർഡുകളിൽ ചെന്ന് രോഗികളെ പരിശോധിച്ച് മരുന്നുനൽകും. എല്ലാവർക്കും ആരോഗ്യം എന്ന ലക്ഷ്യവുമായി ജില്ലയിൽ ആദ്യമായി കുമളിയിൽ മൊബൈൽ മെഡിക്കൽ ക്ലിനിക്കിന് തുടക്കമായി.
പദ്ധതി വാഴൂർ സോമൻ എംഎൽഎ ഉദ്ഘാടനംചെയ്തു. കുമളി പഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഷാജിമോൻ അധ്യക്ഷനായി. 30 ലക്ഷം രൂപയാണ് പദ്ധതി നടത്തിപ്പിനായി നീക്കിവച്ചിട്ടുള്ളത്. തുടർന്നുള്ള ദിവസങ്ങളിൽ ഇടവിട്ട് പഞ്ചായത്തിലെ 20 വാർഡുകളിലും മൊബൈൽ ആംബുലൻസ് സേവനം ലഭ്യമാകും.
ഡോക്ടർ, നഴ്സ്, ഫാർമസിസ്റ്റ് എന്നിവർ ആംബുലൻസ് ക്ലിനിക്കിലുണ്ടാകും. രോഗികളെ പരിശോധിച്ചശേഷം ആവശ്യമായ മരുന്നുകൾ നൽകും. ഷുഗർ, പ്രഷർ തുടങ്ങിയ രോഗങ്ങൾക്കുള്ള പരിശോധന സൗകര്യമുണ്ടാകും.
വാർഡിൽ രണ്ടോ, മൂന്നോ കേന്ദ്രങ്ങളിൽ ആംബുലൻസ് ക്ലിനിക് നിശ്ചയിച്ച ദിവസങ്ങളിൽ എത്തും. എത്തുന്ന ദിവസം ജനങ്ങളെ മുൻകൂട്ടി അറിയിക്കും. ആംബുലൻസ് ക്ലിനിക് എത്തുന്ന വാർഡുകളുടെ സമീപ വാർഡുകളിലുള്ളവർക്കും ചികിത്സ തേടാവുന്ന രീതിയിലാണ് സംവിധാനം ഒരുക്കുന്നത്. ചൊവ്വ രാവിലെ പത്തിന് വലിയകണ്ടം ജങ്ഷനിലാണ് മൊബൈൽ ആംബുലൻസ് ക്ലിനിക് ആദ്യമായെത്തുക. തുടർന്നുള്ള ദിവസങ്ങളിൽ പഞ്ചായത്തിലെ ഒന്നാം വാർഡ് മുതൽ ക്രമപ്രകാരം എത്തും.
യോഗത്തിൽ ജില്ലാ പഞ്ചായത്തംഗങ്ങളായ രാരിച്ചൻ നീർണാകുന്നേൽ, എസ് പി രാജേന്ദ്രൻ, ജനപ്രതിനിധികളായ കെ എം സിദ്ദീഖ്, രജനി ബിജു, വി കെ ബാബുക്കുട്ടി, വ്യാപാരി വ്യവസായി യൂണിറ്റ് പ്രസിഡന്റ് ഷിബു എം തോമസ്, വിവിധ രാഷ്ട്രീയ പാർടി പ്രതിനിധികൾ എന്നിവർ പങ്കടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..