13 November Wednesday

കെഎസ്ആർടിസി ഓപ്പറേറ്റിങ് സെന്റർ; സർവേ പൂർത്തിയായി

വെബ് ഡെസ്‌ക്‌Updated: Thursday Oct 17, 2019
നെടുങ്കണ്ടം
കെഎസ്ആർടിസി ഓപ്പറേറ്റിങ് സെന്ററിന് കെട്ടിടം നിർമിക്കാനായി പഞ്ചായത്ത് നൽകിയ സ്ഥലത്തിന്റെ സർവേ നടപടികൾ പൂർത്തിയായി. നെടുങ്കണ്ടം പഞ്ചായത്തിൽ ചെമ്പകക്കുഴിയിലാണ് കെഎസ്ആർടിസിക്ക് 2.25 ഏക്കർ സ്ഥലം കണ്ടെത്തിയത്. 
എന്നാൽ, കണ്ടെത്തിയ സ്ഥലത്തിന്റെ ഭാഗമായ 60 സെന്റിനെ ചൊല്ലി സ്വകാര്യവ്യക്തിയും പഞ്ചായത്തും തമ്മിൽ തർക്കം നിലനിന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട കേസ് കോടതിയുടെ പരിഗണനയിലാണ്. അതിനാൽ ബാക്കി വരുന്ന 1.65 ഏക്കർ സ്ഥലത്തിന്റെ സർവേ നടപടികളാണ് പൂർത്തിയാക്കിയത്. സ്ഥലത്തിന്റെ സ്റ്റാമ്പ് ഡ്യൂട്ടി ജനകീയ പങ്കാളിത്തതോടെ അടച്ചു സ്ഥലം കെഎസ്ആർടിസിക്ക് റജിസ്റ്റർ ചെയ്തുനൽകാനാണ് തീരുമാനം. സ്റ്റാമ്പ് ഡ്യൂട്ടി ഇനത്തിൽ വരുന്ന 1.06 ലക്ഷം രൂപ ജനപങ്കാളിത്തതോടെ കണ്ടെത്തിയിട്ടുണ്ട്. ഇനി സ്ഥലം കെഎസ്ആർടിസിക്ക് കൈമാറുന്ന നടപടി പൂർത്തീകരിക്കേണ്ടതുണ്ട്.
ഓപ്പറേറ്റിങ് സെന്ററിന്റെ പ്രവർത്തനങ്ങൾക്കായി രൂപീകരിച്ച ജനകീയ സമിതിയുടെ ചെയർമാൻ എസ് ജ്ഞാനസുന്ദരം, കൺവീനർ ടി എം ജോൺ എന്നിവരുടെ മേൽനോട്ടത്തിലാണ് സ്ഥലം അളന്നുതിരിച്ച് അടയാളങ്ങൾ സ്ഥാപിച്ചത്. 
സ്ഥലം കൈമാറുന്നതോടെ കെഎസ്ആർടിസി ബസ് സ്റ്റാൻഡ്, ഗ്യാരേജ് എന്നിവയുടെ നിർമാണം ആരംഭിക്കും. നെടുങ്കണ്ടം പഞ്ചായത്ത്  സ്റ്റേഡിയം കോംപ്ലക്‌സിലാണ്‌ ഓപ്പറേറ്റിങ് സെന്റർ നിലവിൽ പ്രവർത്തിക്കുന്നത്.
 
 
പ്രധാന വാർത്തകൾ
 Top