24 May Friday
ഒരാളെ കാണാതായി

തൊടുപുഴ വിറങ്ങലിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Aug 17, 2018

തൊടുപുഴയാറ്റിൽ ജലനിരപ്പുയർന്നപ്പോൾ മൂപ്പിൽക്കടവ്‌ പാലത്തിനു സമീപത്ത്‌് നിന്നുള്ള ദൃശ്യം

 തൊടുപുഴ

വിവിധയിടങ്ങളിൽ തൊടുപുഴയാർ കരകവിഞ്ഞതോടെ തൊടുപുഴയിൽ നഗരജീവിതം സ്തംഭിച്ചു. താലൂക്കിൽ വിവിധയിടങ്ങളിൽ ഉരുൾപൊട്ടി.  മണ്ണിടിച്ചിൽ വ്യാപകമായതിനൊപ്പം ഗതാഗതവും താറുമാറായി. വൈദ്യുതി ബന്ധവും നിലച്ചു. താലൂക്ക് ആസ്ഥാനമായ തൊടുപുഴ ഹർത്താൽ പ്രതീതിയിലായി. മിക്കവാറും വ്യാപാരസ്ഥാപനങ്ങൾ അടഞ്ഞു. പുഴയോരത്തുള്ള പെട്രോൾ പമ്പുകൾ പ്രവർത്തിക്കുന്നില്ല. 
മുട്ടം പഞ്ചായത്തിൽ ഗവൺമെന്റ് ആശുപത്രിക്ക് സമീപത്തെ കൊല്ലംകുന്ന് കോഞ്ഞാറ ഭാഗത്ത് ബുധനാഴ്ച വൈകിട്ട് ആറരയോടെ മണ്ണിടിഞ്ഞ് രണ്ടുവീടുകൾ പൂർണമായി തകർന്നു. കഴുമറ്റത്തിൽ അനിലിന്റെ വീടും നിർമാണത്തിലിരിക്കുന്ന കുഴിയാടിയിൽ ഗോപിയുടെ വീടുമാണ് തകർന്നത്. വീട്ടിലുണ്ടായിരുന്ന അനിലിന്റെ അമ്മയേയും രണ്ടുകുട്ടികളെയും രക്ഷപ്പെടുത്തി. അനിൽകുമാർ മണ്ണിനടിയിൽപ്പെട്ടു എന്ന ആശങ്കയിൽ തെരച്ചിൽ ഊർജിതമാക്കി.  
പഞ്ചായത്തിലെ കണ്ണാടിപ്പാറ കോളനിയിൽ പലയിടത്തും മണ്ണിടിഞ്ഞു. മാക്കിൽ കോളനിയിൽ വെള്ളം കയറി. ഒറ്റത്തെങ്ങ് കോളനിയിലും മണ്ണിടിച്ചിൽ വ്യാപകമാണ്. പ്രകൃതിക്ഷോഭം നാശംവിതച്ച വിവിധ ഭാഗങ്ങളിൽനിന്ന് 82പേരെ മുട്ടം ഗവ. ഹൈസ്കൂളിലെ ക്യാമ്പിലേക്ക് മാറ്റി. മഴ കനത്താൽ ഈ സംഖ്യ ഇനിയും ഉയരും. 
മഴ ശക്തിപ്രാപിക്കുമ്പോൾ കരകവിയുന്ന തൊടുപുഴയാറിനോടുചേർന്നുള്ള പ്രദേശങ്ങൾ വെള്ളക്കെട്ടിൽപെടാറുണ്ടെങ്കിലും ഇത്തവണത്തെ മഴക്കെടുതി താലൂക്കിലെ മിക്കവാറും പ്രദേശങ്ങളെ അടിമുടി ഗ്രസിച്ചു. ഉടുമ്പന്നൂർ‐വണ്ണപ്പുറം പഞ്ചായത്തുകളിൽ നിരവധിയിടങ്ങളിൽ ഉരുൾപൊട്ടലും മണ്ണിടിച്ചിലുമുണ്ടായി. മഴക്കെടുതിയുടെ തുടക്കത്തിൽ പാറ കൃഷിയിടത്തിലേക്ക് വീണ് അപകടഭീതിയുണ്ടാക്കിയ വണ്ണപ്പുറം പഞ്ചായത്തിൽ മുള്ളരിങ്ങാട് പ്രദേശത്ത് നാലിടത്താണ് ഉരുൾ നാശംവിതച്ചത്. ഏഴ് വീടുകൾ മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോയി. ആളപായമില്ല. പത്തേക്കറോളം സ്ഥലത്തെ കൃഷിനശിച്ചു. റബർ അടക്കമുള്ള ദേഹണ്ഡങ്ങൾക്കാണ് പ്രധാനമായും നാശം. നഷ്ടം കണക്കാക്കാനിരിക്കുന്നതേയുള്ളു. മുള്ളരിങ്ങാട്, പെരിങ്ങാശേരി മേഖലയിൽ നിരവധി വീടുകൾ അപകടഭീഷണിയിലാണ്. 
ആദിവാസികളും കുടിയേറ്റകർഷകരും അധിവസിക്കുന്ന ഉടുമ്പന്നൂർ പഞ്ചായത്തിലെ ഉയർന്നപ്രദേശങ്ങളിൽ കനത്തമഴ നാശംവിതച്ചു. ബുധനാഴ്ച വൈകിട്ടുമുതൽ വ്യാഴാഴ്ച രാവിലെവരെ പെയ്ത കനത്ത മഴയിൽ ചേലകാട്, മൂലക്കാട്, പെരിങ്ങാശേരി, വെണ്ണിയാനി, ഈട്ടിക്കൽ എന്നിവിടങ്ങളിൽ ഉരുൾപൊട്ടൽ പരമ്പരതന്നെ ഉണ്ടായി. ഇവിടെയും ഏഴുവീടുകൾ തകർന്നു. ഉരുൾപൊട്ടൽ സാധ്യതയുള്ള മേഖലകളായതിനാൽ താമസക്കാർ വീടൊഴിഞ്ഞ് പോയതാണ് ആളപായം ഒഴിവാക്കിയത്.
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top