14 November Thursday

അമരാവതി സമരവിജയത്തിന‌് ഇന്ന്‌ 58 വയസ്സ‌്

വെബ് ഡെസ്‌ക്‌Updated: Monday Jun 17, 2019

 കുമളി

മഹാനായ എ കെ ജി നയിച്ച അമരാവതി സമരവിജയത്തിന‌് തിങ്കളാഴ‌്ച 58 വർഷം പൂർത്തിയാകുന്നു. അമരാവതിയിലെ ആനക്കാട്ടിലെ ചെളിക്കുണ്ടിൽ കോൺഗ്രസ‌് സർക്കാർ കന്നുകാലികളെ എന്ന തരത്തിൽ ആയിരക്കണക്കിന‌് നിരാലംബരെ 1961 മെയ‌് മാസത്തിലാണ‌് തള്ളിയത‌്. മെയ‌് രണ്ടിനായിരുന്നു ബലം പ്രയോഗിച്ചുള്ള കുടിയിറക്കിന‌് തുടക്കമായത‌്. കോരിച്ചൊരിയുന്ന മഴയിലും കൊടും തണുപ്പിലും അമരാവതിയിലെ ചെളിക്കുണ്ടിൽ തള്ളിയ ജനങ്ങളുടെ അവകാശ സമരം വിജയത്തിലെത്തിയത‌് കർഷകസംഘവും കമ്യൂണിസ്റ്റ‌് പാർടിയും നടത്തിയ ഇടപെടലും എ കെ ജി യുടെ നിരാഹാര സമരത്തേയും തുടർന്നായിരുന്നു. 
 ഇടുക്കി പദ്ധതിയുടെ ഭാഗമായാണ‌് അയ്യപ്പൻകോവിൽ മേഖലയിൽ താമസിച്ചിരുന്ന 1700 കുടുംബങ്ങളിലെ പതിനായിരത്തോളം പേരെ ദയാദാക്ഷിണ്യമില്ലാതെ കോൺഗ്രസ‌് സർക്കാർ കുടിയിറക്കിയത‌്.
 
 
 ഇവരോട‌് കടത്ത വഞ്ചനയാണ‌് കോൺഗ്രസ‌് കാട്ടിയത‌്. കോട്ടയം താലൂക്കിന്റെ വിവിധ പ്രദേശങ്ങളിൽനിന്ന‌് ഉള്ളത‌് വിറ്റുപെറുക്കി അയ്യപ്പൻകോവിൽ പ്രദേശത്ത‌് ഭൂമി വാങ്ങി കൃഷിയിറക്കിയ പാവപ്പെട്ട കർഷകരോട‌് കോൺഗ്രസ‌് സർക്കാരും പാർടിയും കൊടിയ അനീതിയാണ‌് കാട്ടിയത‌്.
 വിമോചന സമരത്തെ പിന്തുണച്ച കോൺഗ്രസ‌് അനുഭാവികളായ തങ്ങളെ കോൺഗ്രസ‌് സർക്കാർ ഒരിക്കലും കുടിയിറക്കില്ലെന്നാണ‌് ഇവർ കരുതിയത‌്. കർഷകരെ കുടിയിറക്കണമെങ്കിൽ മച്ചിപ്പശു പ്രസവിക്കണമെന്നാണ‌് അന്ന‌് കോൺഗ്രസ‌് നേതാക്കൾ പ്രസംഗിക്കുകയും കർഷകർക്ക‌് ഉറപ്പ‌ുനൽകുകയും ചെയ‌്തത‌്. 
 എന്നാൽ, യാതൊരു മാനുഷിക പരിഗണനയും നൽകാതെയാണ‌് കുടിയിറക്ക‌് നടത്തിയത‌്. കൃഷിക്കാർ രക്തം വിയർപ്പാക്കി നട്ടുവളർത്തിയ കപ്പ, മരച്ചീനി, വാഴ, നെല്ല‌് തുടങ്ങിയ കൃഷികളെല്ലാം കോൺഗ്രസിന്റെ പൊലീസ‌് വെട്ടിനശിപ്പിക്കുകയും വീടുകൾക്കും സാധനസാമഗ്രികളും തീയിടുകയും ചെയ‌്തു. വീടുവിട്ടിറങ്ങുന്നതിനെ എതിർത്ത കർഷകരെ പൊലീസ‌് ഭീകരമായി മർദനത്തിന‌് ഇരയാക്കി. കുടിയിറക്കിവരെ നാൽപത‌് മൈൽ അകലെയുള്ള കുമളിക്ക‌് സമീപത്തെ അമരാവതി ആനക്കാട്ടിലാണ‌് തള്ളിയത‌്. കൊടും മഴയിലും തണുപ്പിലും കെഎസ‌്ആർടിസി ബസിൽ കുത്തിനിറച്ചാണ‌് മനുഷ്യത്യരഹിതമായ കുടിയിറക്ക‌് പൂർത്തിയാക്കിയത‌്. തണുപ്പ‌് മാറ്റാൻ കമ്പിളിയോ മാറിയുടുക്കാൻ വസ്ത്രങ്ങളോ മരുന്നോ ഭക്ഷണമോയില്ലാതെ കർഷകർ നരകയാതന അനുഭവിച്ചു. വൃദ്ധരും കുട്ടികളുമുൾപ്പെടെ കൊടിയ യാതനയിലായിരുന്നു. തണുപ്പും രോഗവും മൂലം നിരവധി പേർ മരണപ്പെട്ടു.
 
സംഭവമറിഞ്ഞ‌് കമ്യൂണിസ്റ്റ‌് പാർടി സംസ്ഥാന സെക്രട്ടറി സി എച്ച‌് കണാരൻ കുമളിയിലെത്തി. തുടർന്ന‌് സി എച്ച‌് ഇടപെട്ടതോടെയാണ‌് കർഷകർക്ക‌് പരിമിതമായ സൗകര്യങ്ങളൊരുക്കാൻ കോൺഗ്രസ‌് സർക്കാർ തയ്യാറായത‌്. 
കുടിയിറക്ക‌് നടക്കുമ്പോൾ എ കെ ജി കിസാൻസഭാ പരിപാടിയുമായി ബന്ധപ്പെട്ട‌് ഉത്തരേന്ത്യയിൽ ആയിരുന്നു. മെയ‌് 30ന‌് കെ ടി ജേക്കബുമൊത്ത‌് എ കെ ജി അമരാവതിയിൽ എത്തി. കർഷകരിൽനിന്ന‌് കാര്യങ്ങൾ ചോദിച്ചറിഞ്ഞു. 
കർഷകരുടെ ദുരിതം കണ്ട‌് അധികാരികളോട‌് എ കെ ജി പൊട്ടിത്തെറിച്ചു. അവിടുത്തെ കാഴ‌്ച എ കെ ജിയെ വേദനിപ്പിച്ചു. ജൂൺ ഒന്നിന‌് കോട്ടയത്ത‌് നടന്ന പ്രതിഷേധ യോഗത്തിൽ പ്രസംഗിക്കവെ ആറിന‌് മുമ്പ‌് പ്രശ‌്നം പരിഹരിച്ചില്ലെങ്കിൽ നിരാഹാരം ആരംഭിക്കുമെന്ന‌് എ കെ ജി പ്രഖ്യാപിച്ചു. പ്രശ‌്നം പരിഹരിക്കാഞ്ഞതോടെ  ആറിന‌് ഇ എം എസുമൊത്ത‌് കുമളിയിൽ എത്തിയ എ കെ ജി ഒന്നാംമൈലിലേക്ക‌് പ്രകടനമായി പോയി നിരാഹാരം ആരംഭിച്ചു. സമരത്തെ തുടർന്ന‌് ആരോഗ്യം വഷളായ എ കെ ജിയെ പൊലീസ‌് അറസ‌്റ്റ‌് ചെയ‌്ത‌് കോട്ടയം ജില്ലാ ആശുപത്രിയിലേക്ക‌് മാറ്റി. അവിടെയും സമരം തുടർന്ന‌ു. തുടർന്ന‌് ഗത്യന്തരമില്ലാതെ സർക്കാർ കീഴടങ്ങുകയായിരുന്നു. ഉന്നയിച്ച‌ മുഴുവൻ ആവശ്യങ്ങളും അംഗീകരിച്ച ശേഷമാണ‌് ജൂൺ 17ന‌് പന്ത്രണ്ട‌് ദിവസം നീണ്ട നിരാഹാര സമരം അവസാനിപ്പിച്ചത‌്. 
      വിമോചന സമരത്തിൽ സജീവമായി പങ്കെടുക്കുകയും കമ്യൂണിസ‌്റ്റ‌് സർക്കാരിനെ അട്ടിമറിക്കുന്നതിനായി പ്രവർത്തിക്കുകയും ചെയ‌്ത ഫാദർ വടക്കൻ ഉൾപ്പെടെയുള്ളവർ എ കെ ജിയുടെ സമരത്തിന‌് പിന്തുണയുമായി എത്തിയെന്നതും ചരിത്രമാണ‌്. എ കെ ജിയിൽ താൻ ക്രിസ‌്തുവിന്റെ പ്രതിരൂപം ദർശിക്കുന്നതായും ഫാദർ വടക്കൻ പറഞ്ഞിരുന്നു.
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top