17 June Monday
സ്‌കൂൾ കുട്ടികളുടെ യാത്രാ സുരക്ഷ

കർശന നിർദേശങ്ങളുമായി ചൈൽഡ്‌ വെൽഫെയർ കമ്മിറ്റി

വെബ് ഡെസ്‌ക്‌Updated: Friday May 17, 2019
പത്തനംതിട്ട
സ്‌കൂൾ കുട്ടികളുടെ യാത്രാ വേളയിലെ സുരക്ഷ ഉറപ്പാക്കാൻ കർശന നിർദേശങ്ങളുമായി ചൈൽഡ്‌ വെൽഫെയർ കമ്മിറ്റി. പത്തനംതിട്ട ചൈൽഡ്‌ ലൈൻ നൽകിയ പൊതുതാൽപര്യ ഹർജിയിലാണ്‌ ചൈൽഡ്‌ വെൽഫെയർ കമ്മിറ്റിയുടെ ഉത്തരവ്‌. ഓരോ യാത്രാ വേളയിലും സ്‌കൂൾ ബസിൽ പെൺകുട്ടികൾ ഉണ്ടെങ്കിൽ ഒരു വനിതാ ജീവനക്കാരിയുടെ സാന്നിധ്യം ഉറപ്പുവരുത്തണം. കൂടാതെ ഒരു അധ്യപാകന്റെ സാന്നിധ്യവും ഉറപ്പുവരുത്തുന്ന തരത്തിൽ ക്രമീകരണം ഉണ്ടാക്കണം. സ്‌കൂൾ ബസിലെ ഡ്രൈവർമാരുടെ ഫോട്ടോ, ലൈസൻസിന്റെ പകർപ്പ്‌, മൊബൈൽ നന്പർ, മേൽവിലാസം എന്നിവ സ്‌കൂളിൽ സൂക്ഷിക്കണം. സ്ഥിരം ഡ്രൈവർമാരുടെ അഭാവത്തിൽ നിയോഗിക്കപ്പെടുന്ന പകരക്കാരുടെയും പുരുഷ സഹായികളെ നിയോഗിക്കുന്നുണ്ടെങ്കിൽ അവരുടെയും മേൽപ്പറഞ്ഞ വിവരങ്ങൾ സ്‌കൂളിൽ സൂക്ഷിക്കണം. 
സ്വകാര്യ വാഹനങ്ങളിലാണ്‌ കുട്ടികളെ സ്‌കൂളിലേക്ക്‌ അയക്കുന്നതെങ്കിൽ രക്ഷിതാക്കൾ പ്രഥമ അധ്യാപകന്‌ വിവരങ്ങൾ കൈമാറണം. വാഹനങ്ങളിലെ ഡ്രൈവർമാർ ജീവനക്കാർ എന്നിവരിൽ നിന്നും കുട്ടികൾക്കുനേരെ ഏതെങ്കിലും അതിക്രമങ്ങൾ ഉണ്ടായാൽ ലൈസൻസ്‌ റദ്ദ്‌ ചെയ്യുന്നതുൾപ്പെടെയുള്ള ശക്‌തമായ നടപടികൾ ഉണ്ടാകും. സർവീസ്‌ ബസുകളിൽ സീറ്റുകൾ ഉണ്ടെങ്കിലും കുട്ടികൾക്ക്‌ ഇരിപ്പിടം നൽകാത്തതും സ്‌റ്റോപ്പിൽ ബസ്‌ നിർത്താത്തതും കർശനമായി നേരിടും നിർദേശങ്ങൾ എല്ലാ സ്‌കൂളുകളിലും സർക്കുലറായി നൽകാൻ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്‌ടർക്കും ഉത്തരവ്‌ നടപ്പാക്കുന്നുവെന്ന്‌ ഉറപ്പാക്കാൻ പൊലീസ്‌, വാഹന വകുപ്പ്‌ മേധാവികൾക്കും ചൈൽഡ്‌ വെൽഫെയർ കമ്മിറ്റി ചെയർമാൻ അഡ്വ. ടി സക്കീർ ഹുസൈൻ ഉത്തരവ്‌ നൽകി.
 
പ്രധാന വാർത്തകൾ
 Top